കോണ്‍ഗ്രസ്സ് നേതാവ് പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ സി പി എം കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പോരാട്ടത്തിനു കളമൊരുങ്ങി കഴിഞ്ഞു. സാധാരണ ഗതിയില്‍ ഇടതുമുന്നണിയാണ് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറ്. ഇത്തവണ യു ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു രണ്ട് ദിവസം കഴിഞ്ഞാണ് സി പി എമ്മിന്റെ പ്രഖ്യാപനമുണ്ടായത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കകത്തെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് റിപോര്‍ട്ട്. കോണ്‍ഗ്രസ്സ് സീറ്റായ തൃക്കാക്കരയില്‍ ഇത്തവണ ഏതുവിധേനയും വിജയിച്ചു കയറി നിയമസഭയില്‍ ഇടതുമുന്നണിയുടെ അംഗസംഖ്യ നൂറ് തികക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് സി പി എമ്മും ഇടതുമുന്നണിയും. ‘ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന ടാഗ്ലൈനാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ മുഖ്യ വാചകം തന്നെ. പൊതുസമ്മതനായ ഒരു സ്വതന്ത്രനെ നിര്‍ത്തുകയാണ് സീറ്റ് പിടിച്ചെടുക്കാനുള്ള മാര്‍ഗമെന്ന അഭിപ്രായമുയര്‍ന്നിരുന്നു സി പി എമ്മില്‍. ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.
അന്തരിച്ച പി ടി തോമസിന്റെ വിധവ ഉമാ തോമസാണ് യു ഡി എഫ് സ്ഥാനാര്‍ഥി. പറയത്തക്ക രാഷ്ട്രീയ പരിചയമില്ലെങ്കിലും പി ടി തോമസിനോടുള്ള സഹതാപ തരംഗം ഉമാ തോമസിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യു ഡി എഫ് അവരെ രംഗത്തിറക്കിയത്. പി ടി തോമസ് കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തോട് ചേര്‍ത്തുവെച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര. അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കും നിലപാടുകള്‍ക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുടനെ ഉമാതോമസ് തന്റെ ഫേസ്ബുക്ക്പേജില്‍ കുറിച്ചത്. മണ്ഡലത്തിന്റെ സമഗ്ര വികസനം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക- സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ പരിഹരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമെന്നും അവര്‍ പറയുന്നു.
മുമ്പും പല ഉപതിരഞ്ഞെടുപ്പുകളിലും മരിച്ച നേതാവിനോടുള്ള സഹതാപം രാഷ്ട്രീയ തന്ത്രമാക്കിയിട്ടുണ്ട് യു ഡി എഫ്. 2012-ല്‍ ടി എം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് നടന്ന പിറവം ഉപതിരഞ്ഞെടുപ്പില്‍ ജേക്കബിന്റെ മകന്‍ അനൂപ്ജേക്കബിനെയും ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് 2015-ല്‍ അരുവിക്കരയില്‍ കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരിനാഥനെയും കോണ്‍ഗ്രസ്സ് മത്സരിപ്പിച്ചത് സഹതാപ വോട്ടുകള്‍ മുന്നില്‍ കണ്ടായിരുന്നു. ഈ പരീക്ഷണങ്ങള്‍ ഫലപ്പെടുകയും ചെയ്തു. അനൂപ് ജേക്കബ് 12,070 വോട്ടിന്റെയും ശബരീനാഥ് 10,128 വോട്ടിന്റെയും ഭൂരിപക്ഷം നേടി രണ്ട് മണ്ഡലങ്ങളിലും യു ഡി എഫ് ആധിപത്യം നിലനിര്‍ത്തുകയുണ്ടായി.
പുതുമുഖമെങ്കിലും ഉമക്കെതിരെ സി പി എം രംഗത്തിറക്കിയ സ്ഥാനാര്‍ഥി പൊതുസമ്മതനും കരുത്തനുമാണ്. എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്്ധനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഇടതുസ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. പ്രോഗ്രസീവ് ഡോക്്‌ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അദ്ദേഹം ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്തെ പ്രശസ്ത എന്‍ ജി ഒ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ എക്സിക്യൂൂട്ടീവ് ട്രസ്റ്റിയാണ്. സംസ്ഥാനത്തെ വിവിധ കാര്‍ഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചു ലേഖനങ്ങള്‍ എഴുതി വരുന്നു. പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
2011ലാണ് കൊച്ചി നഗരസഭയുടെ ഏതാനും വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ചേര്‍ന്ന തൃക്കാക്കര നിയമസഭാ മണ്ഡലം നിലവില്‍ വന്നത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും യു ഡി എഫി (കോണ്‍ഗ്രസ്സ്) നായിരുന്നു മണ്ഡലത്തില്‍ ആധിപത്യം. 2011 ലെ കന്നിയങ്കത്തില്‍ കോണ്‍ഗ്രസ്സിലെ ബെന്നി ബെഹനാന്‍ ഇടതുമുന്നണിയുടെ എം ഇ ഹസൈനാരെ 22,406 വോട്ടിന് തോല്‍പ്പിച്ചു. 2016 ല്‍ മത്സരിച്ച പി ടി തോമസ് ഇടതുസ്വതന്ത്രനായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോളിനെ 11,996 ന് പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ചു. 2021 ല്‍ എല്‍ ഡി എഫിലെ ഡോ. ജെ ജേക്കബിനെ 14,329 വോട്ടിനു പരാജയപ്പെടുത്തി പി ടി തോമസ് മണ്ഡലത്തില്‍ യു ഡി എഫ് ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു.
വികസനമാണ് ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണിയുടെയും മുഖ്യപ്രചാരണ വിഷയം. വികസനവാദികളും വികസന വിരുദ്ധരും തമ്മിലുള്ള പോരാട്ടമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ മാധ്യമ പ്രവര്‍ത്തകരോട് വിശേഷിപ്പിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളം, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, മെട്രോ റെയില്‍ തുടങ്ങി കൊച്ചിയുമായി ബന്ധപ്പെട്ട പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ യു ഡി എഫാണെന്നും തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇത് കണ്ടറിയുമെന്നും സതീഷന്‍ അവകാശപ്പെടുന്നു. അതേസമയം തൃക്കാക്കരയുടെ വികസനത്തിനു സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ഥിയെ വേണോ, വികസനത്തിന് എതിര് നില്‍ക്കുന്ന പ്രതിപക്ഷ പ്രതിനിധി വേണോ എന്ന ചോദ്യമാണ് എല്‍ ഡി എഫ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്. നഗര കേന്ദ്രീകൃത മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ വികസന അജന്‍ഡയെ വോട്ടര്‍മാര്‍ തുണക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ് നേതൃത്വം.
കെ റെയിലിന്റെ നിര്‍ദിഷ്ട സ്റ്റേഷനായ കാക്കനാട് കൂടി അടങ്ങുന്നതാണ് തൃക്കാക്കര മണ്ഡലമെന്നിരിക്കെ, തിരഞ്ഞെടുപ്പില്‍ കെ റെയില്‍ പദ്ധതി മുഖ്യപ്രചാരണമായി മാറും. ഇടതുപക്ഷം കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ പ്രതീകമായി അവതരിപ്പിക്കുമ്പോള്‍, യു ഡി എഫ് നാശത്തിലേക്കുള്ള പാതയായാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്. കാക്കനാട് മണ്ഡലത്തില്‍ കെ റെയിലിന് വേണ്ടി ഒരു വീടുപോലും ഒഴിപ്പിക്കേണ്ടി വരില്ലെന്നത്, കെ റെയിലിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങള്‍ മണ്ഡലത്തില്‍ ഏശാനിടയില്ലെന്നാണ് എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍. കെ വി തോമസ് ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ പല പ്രമുഖരും പരസ്യമായോ രഹസ്യമായോ കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്നതും അനുകൂല ഘടകമായി അവര്‍ കാണുന്നു. ഉമാതോമസ് വിജയിച്ചാല്‍ അത് കെ റെയിലിനെതിരെയുള്ള വോട്ടര്‍മാരുടെ ചുവപ്പുകൊടിയായും ഡോ. ജോ ജോസഫ് വിജയിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള പച്ചക്കൊടിയായും വിലയിരുത്തപ്പെടും.
source https://www.sirajlive.com/thrikkakara-by-election-and-k-rail-project.html
إرسال تعليق