അമേരിക്ക ഇനിയും എത്രകാലം നടുങ്ങിക്കൊണ്ടിരിക്കും?

‘മരിക്കാന്‍ തയ്യാറായിക്കോളൂ’ എന്ന് അലറിവിളിച്ചാണ് അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ്, റോബ് എലമെന്ററി സ്‌കൂളിലേക്ക് സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കൈതോക്കും റൈഫിളുമായി ആക്രമണത്തിനെത്തിയത്. 19 വിദ്യാര്‍ഥികളും രണ്ട് മുതിര്‍ന്നവരുമടക്കം 21 പേരാണ് അയാള്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം, അക്രമങ്ങളില്‍ മനം മടുത്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അക്രമിക്ക് സ്‌കൂളുമായോ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുമായോ മുന്‍ വൈരാഗ്യമോ വെറുപ്പോ ഇല്ലായെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അമേരിക്കയില്‍ ഇതാദ്യമായല്ല വിദ്യാലയങ്ങള്‍ക്കു നേരേ വെടിവെപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ പത്തിലധികം സ്‌കൂളുകളിലാണ് സമാനമായ സംഭവം അരങ്ങേറിയത്. അതില്‍ ഒടുവിലത്തേതാണ് ബുധനാഴ്ച പുലര്‍ച്ചെ റോബ് എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പ്. കൂടാതെ ഈ വെടിവെപ്പ് കേസുകളിലെല്ലാം പ്രതിചേര്‍ക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും 22 വയസ്സില്‍ താഴെയുള്ളവരാണെന്ന വസ്തുത തള്ളിക്കളഞ്ഞുകൂടാ.

1999ലെ കോളൊറാഡോ ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു. 2005ലും 2007ലും സമാനമായ സംഭവം റിപോര്‍ട്ട് ചെയ്തു. 2005ല്‍ റെഡ് ലേക്ക് സ്‌കൂളിലും 2007ല്‍ വെര്‍ജീനിയ ടെക്ക് ക്യാമ്പസിലുമാണ് വെടിവെപ്പുണ്ടാകുന്നത്. റെഡ് ലേക്ക് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്വന്തം മുത്തച്ഛനെ കൊന്ന ശേഷം അക്രമി സ്‌കൂളിന് നേരെ വെടിയുതിര്‍ക്കുകയും സ്വയം മരിക്കുകയുമായിരുന്നു.

2007ല്‍ ഇരുപത്തിമൂന്നുകാരന്‍ 32 പേരെയാണ് കൊന്നത്. അദ്ദേഹവും സ്വയം വെടിയുതിര്‍ത്ത് മരിച്ചു. 2012ല്‍ സാന്‍ഡി ഹുക്ക് എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ അക്രമത്തിനും പിന്നില്‍ 19കാരനാണെന്നത് ശ്രദ്ധേയമാണ്. 2018 മെയിലാണ് ഒടുവിലത്തെ വെടിവെപ്പ് റിപോര്‍ട്ട് ചെയ്യുന്നത്. സാന്റാ ഫെ ഹൈസ്‌കൂളിലാണ് സംഭവം. അന്ന് 10 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 2018 ഫെബ്രുവരിയിലും സമാന സംഭവം റിപോര്‍ട്ട് ചെയ്തു. പാര്‍ക്ക് ലാന്‍ഡിലുള്ള മാര്‍ജൊറി സ്റ്റോണ്‍മാന്‍ ഡൌഗ്ലാഗ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. അന്ന് 14 കുട്ടികളും മൂന്ന് ജീവനക്കാരുമടക്കം 17 പേരാണ് കൊല്ലപ്പെടുന്നത്. 20കാരനായിരുന്നു പ്രതി. 2015ല്‍ യു എം പി ക്യു യു എ കമ്മ്യൂണിറ്റി കോളജില്‍ ഒക്ടോബറിലുണ്ടായ വെടിവെപ്പാണ് മറ്റൊന്ന്. അന്ന് ഒമ്പത് പേരെ കൊന്ന ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചു.

തോക്ക് സംസ്‌കാരം
അമേരിക്കന്‍ ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം ആയുധങ്ങള്‍ സൂക്ഷിക്കാനും വഹിക്കാനുമുള്ള അവകാശമാണ് അമേരിക്ക പൗരന്മാര്‍ക്കനുവദിക്കുന്നത്. 1791 ഡിസംബര്‍ 15ന് അവകാശ ബില്ലിലെ മറ്റ് ഒമ്പത് ആര്‍ട്ടിക്കിളുകള്‍ക്കൊപ്പം ഈ അവകാശത്തെയും അംഗീകരിച്ചു. വ്യക്തിഗത പ്രതിരോധവും സുരക്ഷയും കൈവരിക്കാനാകുമെന്ന പിന്‍ബലത്തിലാണ് ഭരണഘടനയുടെ രണ്ടാം ഭേദഗതി ഫലപ്രാപ്തിയിലായത്. എന്നാല്‍, വ്യക്തിഗത പ്രതിരോധത്തിനായി ഉപയോഗിക്കുന്ന തോക്കുകളുടെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. ഹാര്‍വാര്‍ഡ് ഇഞ്ചുറി കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍ അമേരിക്കയില്‍ വ്യക്തിഗത പ്രതിരോധത്തിനുപയോഗിക്കുന്ന തോക്കുകളെക്കുറിച്ച് പഠനം നടത്തി. എട്ട് ശതമാനം േതാക്കുകള്‍ മാത്രമാണ് സ്വയം പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ബാക്കി വരുന്ന തോക്കുപയോഗങ്ങളെല്ലാം അനാവശ്യമായാണെന്ന് കണ്ടെത്തി.

സ്വയം പ്രതിരോധത്തിന് ആയുധങ്ങള്‍ കൈയില്‍ വെക്കാനനുവദിക്കുന്നതുമൂലം തോക്കുകള്‍ ഉപയോഗിച്ചുള്ള അക്രമങ്ങള്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിന് മരണങ്ങള്‍ക്കും പരുക്കുകള്‍ക്കുമാണ് കാരണമാകുന്നത്. 2018 ലെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സി ഡി സി) സര്‍വേയനുസരിച്ച് തോക്കുപയോഗിച്ച് 38,390 മരണങ്ങളാണ് ഒരു വര്‍ഷത്തില്‍ റിപോര്‍ട്ട് ചെയ്തത്. തോക്കുപയോഗിച്ചുള്ള മരണനിരക്ക് പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. 1999ല്‍ സംഭവിച്ച 1,00,000 മരണത്തില്‍ 10.3 ശതമാനവും തോക്ക് കാരണമാണ്. എന്നാല്‍ 2017ല്‍ 10.3 എന്നത് 12 ശതമാനമായി ഉയര്‍ന്നു. 2010ല്‍ 358 കൊലപാതകങ്ങള്‍ റൈഫിള്‍ ഉപയോഗിച്ചും 6,009 എണ്ണം കൈത്തോക്കിന്റെ പേരിലും റിപോര്‍ട്ട് ചെയ്യപ്പെട്ടു. 2011ല്‍ ആകെ 4,78,400 മാരകവും മാരകമല്ലാത്തതുമായ അക്രമ കുറ്റകൃത്യങ്ങള്‍ തോക്കുപയോഗിച്ച് നടത്തി. 1968നും 2011നും ഇടയില്‍ യു എസില്‍ ഏകദേശം 1.4 ദശലക്ഷം ആളുകള്‍ തോക്കുകള്‍ കാരണം മരിച്ചുവെന്നാണ് കണക്കുകള്‍. ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, അപകടങ്ങള്‍ എന്നിവയുള്‍പ്പെടെ തോക്കിന്റെ ഫലമായുണ്ടായ എല്ലാ മരണങ്ങളും ഈ സംഖ്യയില്‍ ഉള്‍പ്പെടുന്നു.

ഉയര്‍ന്ന വരുമാനമുള്ള മറ്റു രാജ്യങ്ങളുമായി അമേരിക്കയെ താരതമ്യപ്പെടുത്തുമ്പോള്‍, യു എസിലെ തോക്കുകളുമായി ബന്ധപ്പെട്ട കൊലപാതക നിരക്ക് 25 മടങ്ങ് കൂടുതലാണ്. തോക്കുപയോഗിച്ച് കൊല്ലപ്പെട്ട സ്ത്രീകളില്‍ 90 ശതമാനവും 14 വയസ്സിന് താഴെയുള്ളവരാണ്. ആയതിനാല്‍ തന്നെ തോക്കുകളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ കൂട്ട വെടിവെപ്പുകള്‍ വലിയ തോതിലും വളരെ കൂടുതലും സംഭവിക്കുന്നു.

500 ഡോളര്‍ കൈവശമുള്ള ആര്‍ക്കും തോക്ക് കൈവശം വെക്കാമെന്ന രീതി മാറാതെ നിരപരാധികളുടെ ചോരവീഴുന്നത് അവസാനിക്കില്ല. നിരപരാധികളുടെ മൃതശരീരങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ ഭരണകൂടത്തിനു കഴിയുന്നുള്ളൂ. മനസ്സ് വെച്ചാല്‍ അവസാനിപ്പിക്കാവുന്ന ദുരന്തമാണ് അമേരിക്ക ഇരന്നുവാങ്ങുന്നത്. പരിഷ്‌കൃത സമൂഹം ഒരിക്കലും വെച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ് ഈ കൊലയാളി സംസ്‌കാരം. തോക്കിന്റെ കാര്യത്തില്‍ ഭ്രാന്തന്‍ നയങ്ങളാണ് അമേരിക്കയെ നയിക്കുന്നത്. തോക്കുലോബി എന്നറിയപ്പെടുന്ന നാഷനല്‍ റൈഫിള്‍ അസ്സോസിയേഷന് അമേരിക്കന്‍ രാഷ്ട്രീയത്തിലുള്ള സ്വാധീനമാണ് ഇതിന്റെ അടിസ്ഥാനം. ആരെന്ത് പറഞ്ഞാലും തോക്കുലോബിയെ പിണക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. അമേരിക്കന്‍ ജനസമൂഹത്തില്‍ പടര്‍ന്നുപിടിച്ച ഈ ദുഷിച്ച സംസ്‌കാരത്തെ ഉന്മൂലനം ചെയ്യാത്തിടത്തോളം കാലം സ്‌കൂളുകളിലും കോളജുകളിലും വെടിയൊച്ചകള്‍ ഉയര്‍ന്നു കേള്‍ക്കും. മാനസിക നില തെറ്റിയവര്‍ കൈതോക്കുകളുമായെത്തും. അപരന്മാരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് കൊലയാളി അദ്ദേഹത്തോട് തന്നെ കണക്ക് തീര്‍ക്കും.

 



source https://www.sirajlive.com/how-long-will-america-continue-to-tremble.html

Post a Comment

أحدث أقدم