പോലീസ് സേനയില്‍ ഒറ്റുകാര്‍

മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് തീവ്രവാദി സംഘടനകള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി സന്ദേ ഹം. സ്റ്റേഷനിലെ കമ്പ്യൂട്ടറില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള രേഖകള്‍ ചോര്‍ന്നതായാണ് ഇന്റലിജന്‍സ് വിഭാഗം സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നാര്‍ ഡി വൈ എസ് പി. കെ ആര്‍ മനോജ,് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധനക്കായി സൈബര്‍ സെല്ലിനെ ഏല്‍പ്പിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം. സ്റ്റേഷനിലെ പ്ര ധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന ഡാറ്റാ ഓപറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ട് പേരുടെയും ഫോണുകളാണ് പിടിച്ചെടുത്തത്. നാളുകളായി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു ഈ മൂന്ന് പോലീസുദ്യോഗസ്ഥരും. ജില്ലാ പോലീസ് മേധാവി സംഭവം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
സ്റ്റേഷനുകളില്‍ നിന്ന് ഔദ്യോഗിക വിവരം തീവ്രവാദി സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് പോലീസുകാര്‍ നടപടി നേരിടുന്നത് ഇതാദ്യമല്ല. നേരത്തേ പോലീസിന്റെ ഡാറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പോലീസ് ഡാറ്റാ ബേസില്‍ നിന്ന് ഇദ്ദേഹം ചില സി പി എം, കോണ്‍ഗ്രസ്സ്, ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ എസ് ഡി പി ഐക്കു ചോര്‍ത്തി നല്‍കിയെന്നാണ് ആരോപിക്കപ്പെടുന്നത്. വണ്ണപ്രയിലെ കെ എസ് ആര്‍ ടി സി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അന്ന് വിവരച്ചോര്‍ച്ച കണ്ടെത്തിയത്.

കേരള പോലീസില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ആര്‍ എസ് എസ് സെല്‍ പ്രവര്‍ത്തിക്കുന്നതായി വര്‍ഷങ്ങള്‍ക്കു മുമ്പേ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. പോലീസിന്റെ പ്രതിച്ഛായ തകര്‍ത്ത് സര്‍ക്കാറിനു പേരുദോഷം വരുത്തുന്നതില്‍ സേനക്കുള്ളിലെ സംഘ്പരിവാര്‍ അനുകൂലികളായ പോലീസുകാര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിന് കൃത്യമായ ആസൂത്രണവും ഗുഢാലോചനയുമുണ്ടെന്നും 2016ല്‍ ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളടക്കം പോലീസ് സേനയിലെ ഒട്ടേറെ രഹസ്യങ്ങള്‍ പോലീസിലെ ആര്‍ എസ് എസ് വിംഗ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും അന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

2017ല്‍ കൈരളി ടി വി ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വിശദമായ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ ചേര്‍ന്ന ആര്‍ എസ് എസ് അനുകൂലികളുടെ യോഗം, പോലീസിനുള്ളിലെ തങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കാനും ഇതിന്റെ ഭാഗമായി തത്ത്വമസി എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് എല്ലാ മാസവും ചരിത്രപ്രധാനമായ ഏതെങ്കിലും സ്ഥലത്ത് വെച്ച് പ്രവര്‍ത്തക സമിതി ചേരാനും തീരുമാനിച്ചുവെന്നായിരുന്നു ചാനല്‍ വാര്‍ത്ത. സംസ്ഥാനത്തെ ചില മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ക്കൊപ്പം പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നവരും കൂടി ഉള്‍പ്പെടുന്നതാണ് സേനയിലെ ഈ സംഘ്പരിവാര്‍ സംഘടനയെന്നും തന്ത്രപ്രധാനമായ സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ ഭാഗമാണെന്നും അന്വേഷണാത്മക റിപോര്‍ട്ടില്‍ ചാനല്‍ വെളിപ്പെടുത്തിയിരുന്നു. 2018ലെ സി പി എം സംസ്ഥാന സമ്മേളനത്തിലും, പോലീസില്‍ ആര്‍ എസ് എസിന്റെ വര്‍ധിച്ചു വരുന്ന സ്വാധീനത്തിനെതിരെ വിമര്‍ശനം ഉയരുകയുണ്ടായി. ഐ ജി സുരേഷ് രാജ് പുരോഹിത് സംഘ്പരിവാറിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ സി ഐമാരുടെ സ്ഥലം മാറ്റത്തില്‍ ഇടപെട്ടതായി ഇടത് പോലീസ് സംഘടനകള്‍ വിമര്‍ശനമുന്നയിച്ചതും പോലീസിലെ ആര്‍ എസ് എസ് സ്വാധീനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പോലീസിനകത്തെ സംഘ്‌വത്കരണത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.

ശബരിമല പ്രശ്‌ന കാലത്ത് ദര്‍ശനത്തിനു തയ്യാറായി വന്ന സ്ത്രീകളുടെയും ശബരിമലയിലെ സുരക്ഷാ ക്രമീകരണത്തിന്റെയും വിവരങ്ങള്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്കു ലഭിച്ചത് പോലീസിലെ ആര്‍ എസ് എസ് വിംഗില്‍ നിന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ എല്ലാ സുരക്ഷാക്രമീകരണങ്ങളും സംഘ്പരിവാര്‍ കൃത്യമായി അറിഞ്ഞിരുന്നുവെന്ന് അവര്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമായതാണ്. ശബരിമല സന്നിധാനത്ത് ആര്‍ എസ് എസ് നേതാവ് വത്സലന്‍ തില്ലങ്കേരിക്ക് പോലീസ് മൈക്ക് പിടിച്ചുകൊടുത്തതും പോലീസിലെ ആര്‍ എസ് എസ് സ്വാധീനം വ്യക്തമാക്കുന്നു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിലെ ആര്‍ എസ് എസ് സ്വാധീനത്തെക്കുറിച്ച് അന്വേഷണത്തിനുത്തരവിട്ടിരുന്നെങ്കിലും അന്വേഷണ റിപോര്‍ട്ട് പുറത്തു വന്നിട്ടില്ല. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിച്ചതായും വിവരമില്ല.

നാടിന്റെ ക്രമസമാധാനം സംരക്ഷിക്കാനും വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും ബാധ്യതപ്പെട്ടവരാണ് പോലീസ്. ഔദ്യോഗിക കാര്യങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഓരോരുത്തരും പോലീസില്‍ ചേരുന്നത്. സേനയിലെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് ഗുരുതരമായ കുറ്റകൃത്യവുമാണ്. എന്നിട്ടും സേനക്കകത്ത് തീവ്രവാദി സംഘടനകള്‍ക്ക് ചാരപ്പണി നടത്തുന്നവരുണ്ടെന്നത് ആശങ്കാജനകമാണ്. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ നേരിടേണ്ടവര്‍ തന്നെ തീവ്രവാദ സംഘടനകളുടെ ഒറ്റുകാരായി മാറുന്നത് സേനയുടെ കാര്യക്ഷമതയെയും സര്‍ക്കാറിന്റെ പ്രതിച്ഛായയെയും സാരമായി ബാധിക്കും. സേനയിലെ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ സംവിധാനം ശക്തമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ അവകാശവാദം. എന്നിട്ടും തീവ്രവാദ സംഘടനകള്‍ക്ക് സേനയില്‍ എങ്ങനെ സ്വാധീനം നേടാന്‍ കഴിയുന്നുവെന്നത് ദുരൂഹമാണ്.



source https://www.sirajlive.com/spies-in-the-police-force.html

Post a Comment

أحدث أقدم