ദുബൈ | മിനിമലി ഇന്‍വേസിവ് ദുബൈ ഹോസ്പിറ്റല്‍ റോബോട്ടിക് സഹായത്തോടെ സര്‍ജറി പൂര്‍ത്തിയാക്കി. ഡാവിഞ്ചി സി സര്‍ജിക്കല്‍ റോബോട്ടിന്റെ പിന്തുണയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ലഭ്യമായ ഏറ്റവും നൂതനമായ ലാപ്രോസ്‌കോപ്പിക് സര്‍ജറി സാങ്കേതിക വിദ്യകളിലൊന്നാണ് ഇത്. ഓങ്കോ സര്‍ജറി, യൂറോളജി, ബാരിയാട്രിക് സര്‍ജറി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താനും ഡാവിഞ്ചി സി സര്‍ജിക്കല്‍ റോബോട്ട് ശസ്ത്രക്രിയാ വിദഗ്ധരെ പ്രാപ്തരാക്കും.
ദുബൈ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റും റോബോട്ടിക് സര്‍ജനും യൂറോളജി വിഭാഗം മേധാവിയുമായ ഡോ. യാസര്‍ അഹമ്മദ് അല്‍ സഈദിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ടീം ആണ് ആദ്യ ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ചത്. 22 കാരനായ ഇമാറാത്തി രോഗിക്കായിരുന്നു ചികിത്സ. മൂത്രനാളിയുടെ മുകള്‍ ഭാഗത്തെ തടസ്സം ഡോക്ടര്‍മാരുടെ സംഘം രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. ഏതാനും ദിവസങ്ങളിലെ നിരീക്ഷണ ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും.
മനുഷ്യന്റെ കൈത്തണ്ടയുടെ അതേ ചലനശേഷി ഈ ഉപകരണത്തിനുണ്ട്. റോബോട്ട് ത്രിമാന കാഴ്ചയും 10 മടങ്ങ് മാഗ്‌നിഫിക്കേഷനും നല്‍കുന്നതിലൂടെ കൃത്യത വര്‍ധിപ്പിക്കും. സര്‍ജന്റെ കൈകളുടെ വിറയല്‍ പോലുള്ളവ ഇല്ലാതാക്കാന്‍ റോബോട്ടിക് സംവിധാനം സഹായകരമാണെന്ന് ഡോ. അല്‍ സഈദി പറഞ്ഞു. പരമ്പരാഗത ലാപ്രോസ്‌കോപ്പിക് സാങ്കേതിക വിദ്യയും ഉയര്‍ന്ന കൃത്യതയുള്ള റോബോട്ടിക് സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് കുറഞ്ഞ മുറിവ്, മെച്ചപ്പെട്ട കൃത്യത, വേഗത്തിലുള്ള വീണ്ടെടുക്കല്‍ സമയം, ശേഷമുള്ള ഏറ്റവും കുറഞ്ഞ ആശുപത്രിവാസം എന്നിവ ഉറപ്പാക്കാനാവും.
source https://www.sirajlive.com/robotic-kidney-surgery-at-dubai-hospital.html
إرسال تعليق