കൊലയാളികളെ സംരക്ഷിക്കുന്ന ലീഗ് നിലപാട് അപകടകരം : മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി

മണ്ണാർക്കാട് | കൊലയാളികളെ സംരക്ഷിക്കുന്ന ലീഗ് നിലപാട് അപകടകരമാണെന്നും ജനങ്ങളുടെ സ്വൈരജീവിതത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സുന്നീ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി. മണ്ണാർക്കാട് കല്ലാംകുഴിയിൽ ലീഗ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയ സുന്നീ പ്രവർത്തകരായിരുന്ന പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞു ഹംസ എന്നിവരുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരങ്ങളായ പള്ളത്ത് നൂറുദ്ദീനെയും കുഞ്ഞു ഹംസയെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ലീഗ് ഇടപെട്ടിട്ടുണ്ടെന്നും പാർട്ടി പ്രവർത്തകരായ ക്രിമിനലുകൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പരസ്യമായി പ്രഖ്യാപിക്കുക വഴി കുറ്റവാളികൾക്ക് കൂടുതൽ പ്രചോദനം നൽകാനാണ് ശ്രമിക്കുന്നത്. ഇത് കേരളീയ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെ കുറിച്ച് മറ്റു നേതാക്കൾ മൗനം ദീക്ഷിക്കുന്നത് അത് പാർട്ടിയുടെ പൊതു നിലപാടായത് കൊണ്ടാണോ എന്നത് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. വ്യത്യസ്ഥ ആശയങ്ങളെയും ആദർശങ്ങളെയും വകവച്ചു കൊടുക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിച്ച കോടതി വിധി ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

എസ് എം എ സംസ്ഥാന ജന.സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാൻ ഫൈസിയുടെ നേതൃത്വത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി ശൗഖത്തലി ഹാജി കാരാകുർശി , എസ് എം എ ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ഫൈസി കോങ്ങാട്, ജന.സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റർ, എസ് എസ് എഫ് സംസ്ഥാന ഫിനാ.സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര, ജില്ലാ പ്രസിഡന്റ് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം തുടങ്ങിയ സംഘടനാ നേതാക്കളാണ് വീട് സന്ദർശിച്ചത്.



source https://www.sirajlive.com/league-39-s-stand-to-protect-killers-is-dangerous-mariamangalam-abdurahman-faizi.html

Post a Comment

Previous Post Next Post