തീത്തിക്കുട്ടി ഉമ്മ അറിയുന്നുണ്ടാകും, അവര്‍ ശിക്ഷിക്കപ്പെടുമെന്ന്

പാലക്കാട് | കുഞ്ഞുഹംസയുടെയും നൂറുദ്ദീന്റെയും മാതാവായ തീത്തിക്കുട്ടി ഉമ്മ 2019 ജനുവരിയില്‍ മരിക്കുമ്പോള്‍, ഒരാഗ്രഹം ബാക്കിയാക്കിയിരുന്നു- മക്കളെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം. നൊന്തുപെറ്റ് വളര്‍ത്തി വലുതാക്കിയ മക്കളുടെ കൈയും കാലും വെട്ടിനുറുക്കി ചേതനയറ്റ ശരീരം മരണം വരെ തീത്തിക്കുട്ടി ഉമ്മയെ വേട്ടയാടിയിരുന്നു.

2013 നവംബര്‍ 20ന് രാത്രി നഷ്ടമായത് കുടുംബത്തിന്റെ നെടുതൂണുകള്‍ മാത്രമായിരുന്നില്ല. അവരെ കാണാനും സഹായമഭ്യര്‍ഥിക്കാനും പലരും വീട്ടിലെത്തുമായിരുന്നു. മഹല്ലില്‍ ഒരാള്‍ പോലും അവരെ കുറ്റം പറഞ്ഞിട്ടില്ല. എന്നിട്ടും അവരെന്തിന് തന്റെ മക്കളെ കൊന്നുവെന്ന് മരണം വരെ തീത്തിക്കുട്ടി ഉമ്മ ചോദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. പറക്കമുറ്റാത്ത പേരമക്കളെ ആശ്വസിപ്പിക്കാന്‍ പോലും അന്ന് അവര്‍ക്ക് സാധിച്ചില്ല.

‘എന്റെ കുട്ടികള്‍ ആര്‍ക്കും ഉപദ്രവം ചെയ്യാത്തവരാണ്… പള്ളിയില്‍ ഹൗളിന്‍ കരയില്‍ ചിലര്‍ പിരിവ് നടത്തിയിരുന്നത്രെ… പള്ളിയില്‍ പിരിവും രാഷ്ടീയവും വേണ്ടാന്ന് മക്കള്‍ പറയും. അത് തെറ്റാണോ? അതിനാണവര്‍ എന്റെ മക്കളെ കൊന്നത്. ആരു വന്നാലും അവര്‍ സഹായിക്കും. ഇവിടെ എല്ലാര്‍ക്കും വലിയ ഇഷ്ടമായിരുന്നു അവരോട്. ഒക്കെ പടച്ചോന്‍ കാണുന്നുണ്ടല്ലോ. അവര്‍ അനുഭവിക്കും’- 88ാം വയസ്സില്‍ മരിക്കും വരെ ആ മാതാവ് ഓര്‍ത്ത് പറഞ്ഞുകൊണ്ടിരുന്നു. അഞ്ച് നേരം നിസ്‌കരിച്ച ശേഷവും നീതി ലഭിക്കണമെന്നായിരുന്നു തീത്തിക്കുട്ടി ഉമ്മയുടെ പ്രാര്‍ഥന. ആ പ്രാര്‍ഥനയുടെ ഫലമായിരിക്കാം, കോടതിയില്‍ നിന്ന് വൈകിയാണെങ്കിലും ലഭിച്ച നീതി.

ഫായിഹ പറയുന്നു, പിതാവില്ലാത്തതിന്റെ വേദന
കല്ലാംകുഴി പള്ളത്തുവീട്ടില്‍ നൂറുദ്ദീന്റെ മകള്‍ ഫായിഹക്ക് പിതാവിന്റെ മുഖം ഓര്‍മയില്‍ പോലുമില്ല. ഒന്നര വയസുള്ളപ്പോഴാണ് അക്രമി സംഘം പിതാവിനെ കൊലപ്പെടുത്തിയത്. പിതാവിനെ കുറിച്ച് ഉമ്മയും ബന്ധുക്കളും സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അവളുടെ മുഖം ദുഃഖത്തിലാഴുന്നു.

ഒമ്പത് വയസുകാരിയായ ഫായിഹ, എം ഇ ടി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പിതാവിന്റെ ലാളനയേല്‍ക്കാതെ വളരുന്ന കുട്ടികള്‍ക്ക് മാത്രമേ തന്റെ വേദന മനസ്സിലാകൂവെന്ന് ഫായിഹ പറയുന്നു. നൂറുദ്ദീന്റെയും ജസീനയുടെയും നാല് മക്കളില്‍ ഇളയവളാണ് ഫായിഹ. പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ നാട്ടില്‍ വിലസുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാത്ത ദിവസങ്ങളില്ലെന്ന് അവള്‍ പറയുന്നു. നീതിക്ക് വേണ്ടിയുള്ള പ്രാര്‍ഥന വിഫലമായില്ലെന്ന വിശ്വാസത്തിലാണ് ഫായിഹക്കൊപ്പം നുറുദ്ദീന്റെ മറ്റു മക്കളായ ഫഹീമും ഫിദയും ഫായിദയും. കുഞ്ഞുഹംസയുടെ ഭാര്യ സൈഫുന്നീസക്കും മക്കളായ ആദിനും അമീനക്കും അജാസിനും പറയാനുള്ളതും മറ്റൊന്നല്ല. വൈകിയാണെങ്കിലും സത്യം ജയിക്കുക തന്നെ ചെയ്യും.

 

 



source https://www.sirajlive.com/tithikutty-umma-may-know-that-they-will-be-punished.html

Post a Comment

أحدث أقدم