യു എ ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബൂദബി എമിറേറ്റിന്റെ പതിനാറാമത്തെ ഭരണാധികാരിയുമായിരുന്നു ഇന്നലെ ദിവംഗതനായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍. യു എ ഇയുടെ പ്രഥമ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ മൂത്ത മകനായ ശൈഖ് ഖലീഫ 1948 സെപ്തംബര്‍ ഏഴിന് അല്‍ ഐനിലെ മുവൈജിയിലാണ് ജനിക്കുന്നത്. ശൈഖ് ഹിസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ആണ് മാതാവ്. അല്‍ ഐനില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അല്‍ ഐന്‍ മേഖലയുടെ അന്നത്തെ ഭരണാധികാരിയായിരുന്ന പിതാവിനൊപ്പം ഭരണ കാര്യത്തില്‍ ഇടപെട്ടാണ് അദ്ദേഹത്തിന്റെ ബാല്യകാലമുണ്ടായത് എന്നത് കൊണ്ട് തന്നെ മികച്ച ഭരണപാടവം നേടുന്നതിന് സഹായകരമായി. അല്‍ ഐനും ബുറൈമി മേഖലയും അന്ന് അറബ് മേഖലയിലെ തന്നെ മികച്ച വാണിജ്യ, സാംസ്‌കാരിക കേന്ദ്രമായിരുന്നു. കാര്‍ഷിക മേഖലയില്‍ സജീവമായിരുന്ന വലിയൊരു സമൂഹം ജീവിച്ച പ്രദേശമായത് കൊണ്ട് തന്നെ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ ചെറുപ്പത്തില്‍ തന്നെ മനസ്സിലാക്കാനും അതിന് മികച്ച അവസരം കണ്ടെത്താനുമൊക്കെ അദ്ദേഹത്തിന് അവസരങ്ങളുണ്ടായി. അക്കാലത്തെ മജ്‌ലിസുകളില്‍ നിന്ന് സമൂഹത്തിന്റെ വിവിധ വിഷയങ്ങള്‍ മനസ്സിലാക്കാനും പില്‍ക്കാലത്ത് യു എ ഇയുടെ ഭരണ സാരഥ്യത്തിലെത്തിയപ്പോള്‍ ജനങ്ങളുടെ വിഷയങ്ങളില്‍ അതീവ താത്പര്യത്തോടെ ഇടപെടാനും വ്യത്യസ്തങ്ങളായ നിരവധി പദ്ധതികള്‍ അവര്‍ക്കായി കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
പിതാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം യു എ ഇയുടെയും അബൂദബിയുടെയും ഭരണസാരഥ്യത്തിലേക്ക് നിയുക്തനായത്. രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ട് അവര്‍ക്ക് ക്ഷേമ, ഐശ്വര്യങ്ങള്‍ എത്തിക്കുന്നതില്‍ അദ്ദേഹം സദാ ഉത്സുകനായിരുന്നു.
യു എ ഇയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതിന് ശൈഖ് ഖലീഫ തന്റെ ഭരണ സാരഥ്യത്തിലൂടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വമുള്‍പ്പെടെ ആഗോള വേദികളില്‍ യു എ ഇ ശ്രദ്ധിക്കപ്പെട്ടു. ഭരണപരമായ റാങ്കിംഗിലും ജനക്ഷേമമളക്കുന്നതിനുള്ള നിരവധി റാങ്കിംഗുകളിലും യു എ ഇ വന്‍കിട രാജ്യങ്ങളെ പോലും പിന്തള്ളി മുന്നിലെത്തിയത് ഈ ഭരണ പാടവത്തിന്റെ മികവിലൂടെയാണ്. ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള ആഗോള ലക്ഷ്യസ്ഥാനത്തില്‍ യു എ ഇ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭരണാധികാരികളുടെ അക്ഷീണ പ്രയത്‌നം കൊണ്ട് തന്നെയാണ്. മികവിലൂടെ ആഗോള ശ്രദ്ധ നേടിയ രാജ്യമായി യു എ ഇ കുതിച്ചുയര്‍ന്നത് ഏതാനും വര്‍ഷങ്ങളിലെ പരിശ്രമം കൊണ്ടാണ്. ഈ ഉന്നതിക്ക് വേണ്ടി മുന്നില്‍ നില്‍ക്കുകയും രാജ്യത്തെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറുകയും ചെയ്ത ഭരണാധികാരിയെയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ചരിത്രം ഓര്‍മിക്കപ്പെടുന്ന ശേഷിപ്പുകള്‍ വിട്ടേച്ചുപോകാന്‍ ചില ഭരണാധികാരികള്‍ക്കേ സാധിച്ചിട്ടുള്ളൂ. ശൈഖ് ഖലീഫ അക്കൂട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്. ഇന്ത്യക്കാരെ ഏറെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്ത ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. യു എ ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹത്തിന്റെ ഹൃദയത്തില്‍ അതുകൊണ്ട് തന്നെ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടും.
source https://www.sirajlive.com/the-leader-who-brought-the-uae-to-the-top-of-the-world.html
إرسال تعليق