ഗള്‍ഫ് സെക്ടറുകളിലെ നിരക്കുകൊള്ള അവസാനിപ്പിക്കണം

വന്‍തോതില്‍ വിദേശ നാണ്യശേഖരം എത്തിക്കുക വഴി ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ മികച്ച സംഭാവന അര്‍പ്പിക്കുന്നവരാണ് പ്രവാസികള്‍. ഇതിനൊരു പ്രത്യുപകാരമായി പ്രവാസികളുടെ പ്രശ്നങ്ങളോട് ദയാവായ്പോടെയുള്ള സമീപനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകാറില്ല. ഇപ്പോള്‍ പെരുന്നാള്‍, സ്‌കൂള്‍ അവധിക്കാല സീസണിലെ വിമാന ടിക്കറ്റ് നിരക്കിലും അതാണ് സംഭവിച്ചിരിക്കുന്നത്. അഞ്ചിരട്ടി വരെയാണ് ശനിയാഴ്ച മുതല്‍ ചില സെക്ടറുകളില്‍ വിമാന നിരക്കില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. അബൂദബി, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് കരിപ്പൂരിലേക്ക് 8,000 രൂപയായിരുന്നത് 40,000 വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ നിരക്കിലും ഗണ്യമായ വര്‍ധനയുണ്ട്. സഊദിയില്‍ നിന്ന് നേരത്തേ 12,000ത്തിനും 15,000ത്തിനും ഇടയിലായിരുന്നു കേരളത്തിലേക്കുള്ള വിമന നിരക്ക്. ഇത് 38,000 രൂപ വരെയായി ഉയര്‍ന്നു (മൂന്നിരട്ടി വര്‍ധന). ഖത്വര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് 9,000 രൂപയായിരുന്നത് 39,000 മുതല്‍ 41,000 വരെ ആയി വര്‍ധിച്ചു.

കേന്ദ്ര സര്‍ക്കാറും സിവില്‍ വ്യോമ മന്ത്രാലയവും നല്‍കിയ അനുമതിയുടെ ബലത്തില്‍, പെരുന്നാളിന് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും വിമാനക്കമ്പനികളുടെ ഇപ്പോഴത്തെ അമിത നിരക്ക്. കൊവിഡിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയ വിമാന സര്‍വീസുകള്‍ക്ക് മാര്‍ച്ച് അവസാനത്തില്‍ വീണ്ടും അനുമതി നല്‍കിയതോടെ, അന്നൊരു നിരക്ക് വര്‍ധന വരുത്തിയതാണ് വിമാനക്കമ്പനികള്‍. ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ അധികഭാരവും കൊവിഡ് കാലത്തെ നഷ്ടം നികത്താനുമെന്ന പേരില്‍ യു എ ഇ-കേരള സെക്ടറില്‍ 3,000-8,300 രൂപ വരെയും കേരള-യു എ ഇ സെക്ടറില്‍ 3,000-6,000 രൂപയുടെയും വര്‍ധനവായിരുന്നു അന്ന് വരുത്തിയത്. യഥാര്‍ഥത്തില്‍ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവും സ്‌കൂള്‍ അവധിയും ദുബൈ എക്സ്പോ അവസാനിച്ചതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും കൂടി കണക്കിലെടുത്ത് അധികലാഭം കൊയ്യുകയാണ് വിമാനക്കമ്പനികളുടെ ലക്ഷ്യം. കൊവിഡ് ഭീതിയില്‍ യാത്ര ചെയ്യാന്‍ മടിച്ചിരിക്കുന്നവരെ ആകര്‍ഷിക്കാന്‍ നിരക്കു കുറക്കുമെന്ന സൂചനയാണ് എയര്‍ലൈനുകള്‍ നേരത്തേ നല്‍കിയിരുന്നത്. ബുക്കിംഗ് കൂടിയതോടെ അതെല്ലാം മനപ്പൂര്‍വം വിസ്മരിച്ച് നിരക്കുകള്‍ കൂട്ടുകയായിരുന്നു.

കൊവിഡ് മൂലം നാട്ടിലേക്ക് പോകാന്‍ കഴിയാതെ വിഷമിച്ച പലരും പെരുന്നാള്‍ ആഘോഷിക്കാനെങ്കിലും നാട്ടില്‍ പോകണമെന്ന് കരുതിയിരുന്നു. പുതിയ ടിക്കറ്റ് വര്‍ധന ആ പ്രതീക്ഷയിലും കരിനിഴല്‍ വീഴ്ത്തി. പെരുന്നാളിനു നാട്ടിലേക്ക് പുറപ്പെടാനായി നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേര്‍ നിരക്ക് കുത്തനെ ഉയര്‍ന്നതോടെ യാത്രാതീരുമാനം ഉപേക്ഷിക്കുകയും ടിക്കറ്റ് ക്യാന്‍സലാക്കുകയും ചെയ്തു. പുതിയ നിരക്കനുസരിച്ച് ഒരു നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി തിരിച്ചുവരാന്‍ രണ്ട് ലക്ഷം രൂപയെങ്കിലും ചെലവ് വരും. മിക്ക പ്രവാസികളെയും സംബന്ധിച്ച് ഇത് താങ്ങാവുന്നതിലധികമാണ്. നിരക്കു വര്‍ധനവിന് അനുമതി നല്‍കിയ വ്യോമയാന മന്ത്രാലയത്തിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. പ്രവാസികളെ സാരമായി ബാധിക്കുന്ന ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വിവിധ പ്രവാസി സംഘടനകളും പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെങ്കിലും നടുവൊടിക്കുന്ന അനുഭവങ്ങളാണ് അവര്‍ക്ക് മിക്കപ്പോഴും നേരിടേണ്ടി വരുന്നതെന്ന് വ്യോമയാന മന്ത്രാലയത്തിനു സംഘടനകള്‍ നല്‍കിയ നിവേദനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിനു തൊട്ടുമുമ്പ് ലോക ബേങ്ക് പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് വിദേശത്ത് ജോലി ചെയ്യുന്നവര്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2017ല്‍ 4.48 ലക്ഷം കോടി രൂപയാണ് പ്രവാസികളില്‍ നിന്ന് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ എത്തിയത്. ജി ഡി പിയുടെ നാല് ശതമാനവും റവന്യൂ വരുമാനത്തിന്റെ 25 ശതമാനവും വരുമിത്. കേരളത്തെ മാത്രമെടുത്താല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനം വരും പ്രവാസിപ്പണം. പ്രളയം, കൊടുങ്കാറ്റ് തുടങ്ങി ദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായ ഹസ്തം നീട്ടുന്നതിലും പി എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിലും മറ്റാരേക്കാളും മുന്നില്‍ പ്രവാസികള്‍ തന്നെ. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് അവരെ വിശേഷിപ്പിക്കുന്നതും ഇതുകൊണ്ടെല്ലാമാണ്. ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ ലഘൂകരണത്തിനു ഫലപ്രദമായ ഇടപെടല്‍, യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍, അടിക്കടിയുള്ള വിമാന നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ വഴി സ്വീകരിക്കല്‍ തുടങ്ങിയ നടപടികളിലൂടെ, പ്രവാസികള്‍ നാടിന് അര്‍പ്പിക്കുന്ന സേവനത്തിന് പ്രത്യുപകാരം ചെയ്യേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. എന്നാല്‍ പ്രവാസി ദിവസ് സമ്മേളനങ്ങളും പാലിക്കപ്പെടാത്ത ചില വാഗ്ദാനങ്ങളും മാത്രമാണ് പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.

പ്രവാസി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് ജുഡീഷ്യല്‍ അധികാരങ്ങളോടെ കേന്ദ്ര പ്രവാസി കമ്മീഷന്‍ രൂപവത്കരിക്കണമെന്നത് പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ അനുകൂല നീക്കം ഉണ്ടാകാത്ത സാഹചര്യത്തില്‍ ചില പ്രവാസി സംഘടനകള്‍ കോടതികളെ സമീപിക്കുകയും ഇതടിസ്ഥാനത്തില്‍ കമ്മീഷന്‍ രൂപവത്കരണത്തില്‍ താമസിയാതെ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഒരു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളം, പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവാസി കമ്മീഷനുകള്‍ നിലവിലുണ്ടെങ്കിലും വിദേശത്തുള്ള എംബസികളും മറ്റും കേന്ദ്ര സര്‍ക്കാറിന്റെ കീഴിലായതിനാല്‍ കേന്ദ്രത്തില്‍ ജുഡീഷ്യല്‍ അധികാരങ്ങളോട് കൂടെയുള്ള കമ്മീഷന്‍ അനിവാര്യമാണെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കോടതി ഉത്തരവിന്റെ കാര്യത്തിലും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചു കാണുന്നത്.

 



source https://www.sirajlive.com/the-rate-hike-in-the-gulf-sectors-must-end.html

Post a Comment

Previous Post Next Post