ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കടകളിലും കൂള്‍ബാറുകളിലും വില്‍ക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും വൃത്തിയും ഗുണമേന്മയുള്ളതും സുരക്ഷിതവുമായിരിക്കണമെന്നു നിയമമുണ്ട്. 2006ല്‍ നിലവില്‍ വന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് അനുസരിച്ച് സുരക്ഷിതമല്ലാതെ ഭക്ഷണം വില്‍ക്കുകയോ അത് ശാരീരിക അസ്വസ്ഥതകള്‍ക്കോ മരണത്തിനോ കാരണമാകുകയോ ചെയ്താല്‍ തടവും പിഴയുമാണ് ശിക്ഷ. വിഷബാധയുടെ ഗുരുതര സ്വഭാവത്തിനനുസരിച്ച് ജീവപര്യന്തം വരെ തടവിനും 10 ലക്ഷം രൂപ വരെ പിഴക്കും ശിക്ഷ അനുശാസിക്കുന്നുണ്ട് നിയമം. എങ്കിലും സുരക്ഷിതമല്ലാത്ത ഭക്ഷ്യവില്‍പ്പനയും ഇതേത്തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധയും മരണങ്ങളും സംസ്ഥാനത്ത് അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം കാസര്‍കോട് ചെറുവത്തൂര്‍ ബസ്്സ്റ്റാന്‍ഡിനു സമീപത്തെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച 36 പേര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും വിദ്യാര്‍ഥിനി മരണപ്പെടുകയുമുണ്ടായി. ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍-ചീമേനി, കരിവെള്ളൂര്‍ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ചയാണ് ഇവര്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചത്. ശനിയാഴ്ച രാവിലെ പലര്‍ക്കും പനി, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ചെറുവത്തൂര്‍ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി ഉച്ചയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായ മൂന്ന് പേരെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെയാണ് വര്‍ഷങ്ങളായി ഈ സ്ഥാപനം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപന നടത്തിപ്പുകാരനെയും ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാളി സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം വേങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് നോമ്പുതുറക്ക് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും പോലീസ് നിര്‍ദേശ പ്രകാരം കട അടച്ചു പൂട്ടുകയും ചെയ്തത് രണ്ട് ദിവസം മുമ്പാണ്. ഒരാഴ്ച മുമ്പ് തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു ഹോട്ടലില്‍ നിന്ന് ഷവര്‍മ വാങ്ങിക്കഴിച്ച ഒരു വീട്ടുകാര്‍ക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ഒന്നര മാസം മുമ്പാണ് കണ്ണൂര്‍ താവക്കരയിലെ ആശിര്‍വാദ് ആശുപത്രി ക്യാന്റീന്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അടച്ചുപൂട്ടിച്ചത്. അടുത്തിടെ കൊച്ചി ചെങ്ങമനാട് അത്താണിയിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ച എട്ട് പേര്‍ക്ക് വിഷബാധയേല്‍ക്കുകയും ജില്ലാ കലക്റുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചെങ്ങമനാട് പോലീസെത്തി കട അടപ്പിക്കുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തിയോടൊപ്പം നല്‍കിയ മയണൈസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതും അടുത്തിടെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടിക്കടി റിപോര്‍ട്ട് ചെയ്യാറുണ്ട് ഇത്തരം സംഭവങ്ങള്‍.
പഴകിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം, പാകം ചെയ്യുന്നതിലെ അപാകത, രാസവസ്തുക്കളുടെയും കളറുകളുടെയും സാന്നിധ്യം, ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച, ഇറച്ചി, മീന്‍, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്ത ശേഷം നിയന്ത്രിത ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങി വിവിധ കാരണങ്ങളാണ് ഹോട്ടലുകളിലെയും കൂള്‍ബാറുകളിലെയും ഭക്ഷ്യവിഷബാധക്കു കാരണം. ആലപ്പുഴയിലെ വിഷബാധക്കു കാരണം മയണൈസ് ഉണ്ടാക്കുന്നതിന് തിളപ്പിക്കാത്തതും ഗുണനിലവാരമില്ലാത്തതുമായ ജലം ഉപയോഗിച്ചതാണെന്നാണ് വിദഗ്ധരുടെ നിഗമനം. കോതമംഗലത്ത് കഴിഞ്ഞ ഡിസംബറില്‍ ഒരു വിദ്യാര്‍ഥിനിക്ക് വിഷബാധയേറ്റതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ മാംസവും മത്സ്യവും പിടിച്ചെടുത്തിരുന്നു.
ഷവര്‍മയും മയണൈസുമാണ് സമീപകാലത്തെ പല ഭക്ഷ്യവിഷബാധയിലെയും പ്രധാന വില്ലന്മാര്‍. പാകം ചെയ്യുന്നതില്‍ സംഭവിക്കുന്ന അശ്രദ്ധയും ശരിയായി വേവിക്കാത്തതുമാണ് ഷവര്‍മയെ അപകടകാരിയാക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഗ്യാസ് അടുപ്പിനോടു ചേര്‍ന്ന് കമ്പിയില്‍ തൂക്കിയിട്ട ബര്‍ണറിലെ ചൂടേറ്റാണ് ഷവര്‍മ വേവുന്നത്. തീ നന്നായി കത്തിയെങ്കിലേ ഇറച്ചി വേവുകയുള്ളൂ. ശരിയായി വേവാത്ത മാംസം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. കോഴിമുട്ടയുടെ വെള്ള, വെളുത്തുള്ളി, സണ്‍ഫ്ളവര്‍ ഓയില്‍ ചേര്‍ത്താണ് മയണൈസ് ഉണ്ടാക്കുന്നത്. ഇത് പഴകിയാല്‍ ബാക്ടീരിയ പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്. പല കടകളിലും മയണൈസ് കൂടുതല്‍ ഉണ്ടാക്കിവെച്ച് രണ്ടും മൂന്നും ദിവസം ഉപയോഗിക്കാറുണ്ട്. അത് അപകടകരമാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓരോ ദിവസത്തേക്കും അതാത് ദിവസം ഉണ്ടാക്കിയാല്‍ ബാക്ടീരിയയുടെ കടന്നു കയറ്റം ഒഴിവാക്കാനാകും.
ചെറുവത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്നറിയിച്ചിട്ടുണ്ട് ഭക്ഷ്യമന്ത്രി. 2012ല്‍ ഇതുപോലൊരു ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സംസ്ഥാനത്താകെ ഹോട്ടലുകളില്‍ വ്യാപകമായി റെയ്ഡ് നടത്തുകയും നിയമങ്ങള്‍ പാലിക്കാത്ത അറുപതിലേറെ കടകള്‍ പൂട്ടിക്കുകയും നിരവധി കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന ഇത്തരം റെയ്ഡുകള്‍ക്ക് തുടര്‍ച്ചയുണ്ടാകുന്നില്ലെന്നതാണ് ഭക്ഷ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. റെയ്ഡുകള്‍ ഒരു നിശ്ചിത കാലയളവിനുള്ളിലായി തുടര്‍ച്ചയായി നടത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതൊരു വഴിപാടായി മാറുകയുമരുത്.
source https://www.sirajlive.com/shawarma-poisoning-do-not-offer-test.html
Post a Comment