സംഘ്പരിവാര്‍ മദ്റസകള്‍ക്കെതിരെയും

മദ്റസകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ‘കുട്ടികള്‍ വീട്ടില്‍ നിന്ന് പഠിച്ചാല്‍ മതി. അവരെ മദ്റസകളിലേക്ക് പറഞ്ഞയക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മദ്റസ എന്ന വാക്ക് തന്നെ ഇല്ലാതാക്കണം. മദ്റസകളില്‍ പോകുന്നത് കൊണ്ട് ഡോക്ടറോ എന്‍ജിനീയറോ ഒന്നും ആകാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞുനോക്കൂ. അതോടെ മദ്റസാ പഠനം അവര്‍ തന്നെ നിര്‍ത്തിക്കോളും. തീരുമാനങ്ങള്‍ എടുക്കാന്‍ പ്രായമാകുമ്പോള്‍ കുട്ടികള്‍ക്ക് എല്ലാ മതപഠന ശാലകളിലും പ്രവേശനം അനുവദിക്കണം. അവിടെ നിന്ന് ലഭിക്കുന്ന അറിവുകളെ അടിസ്ഥാനപ്പെടുത്തി ഏത് വിശ്വാസം തിരഞ്ഞെടുക്കണമെന്ന് കുട്ടികള്‍ തീരുമാനിക്കട്ടെ’ എന്നാണ് രണ്ട് ദിവസം മുമ്പ് ഇന്ത്യാ ടുഡേയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

അസമില്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്റസകളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചതാണ്. പകരം അവയെ മതേതര പൊതു വിദ്യാഭ്യാസ സമ്പ്രദായമാക്കി മാറ്റുകയാണ.് പൊതുപണം ഉപയോഗിച്ച് മതവിദ്യാഭ്യാസം നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. അസമില്‍ 664 സര്‍ക്കാര്‍ നിയന്ത്രിത മദ്‌റസകളാണുള്ളത്. ജംഇയ്യത്തുല്‍ ഉലമ നിയന്ത്രിക്കുന്ന 900 സ്വകാര്യ മദ്‌റസകളുമുണ്ട്. ഹൈന്ദവ തത്ത്വങ്ങള്‍ പഠിപ്പിക്കുന്ന 100 സര്‍ക്കാര്‍ നിയന്ത്രിത സംസ്‌കൃത പാഠശാലകളും 500 സ്വകാര്യ സംസ്‌കൃത പാഠശാലകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിരോധനം ഈ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല. ഇവക്കൊന്നും പൊതു ഫണ്ട് ഉപയോഗിക്കുന്നതില്‍ അപാകതയും ദര്‍ശിക്കുന്നില്ല ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍.

അസം സര്‍ക്കാര്‍ മദ്റസകള്‍ക്കെതിരെ തിരിഞ്ഞതോടെ കര്‍ണാടകയും ആ മാതൃക സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നു കര്‍ണാടക ബി ജെ പി. എം എല്‍ എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ എം പി രേണുകാചാര്യ. ഒരു കുട്ടിയുടെ വികാസത്തിനാവശ്യമായ എല്ലാ വിദ്യാഭ്യാസവും സര്‍ക്കാര്‍ സ്‌കൂളുകള്‍ നല്‍കുന്നുണ്ട്. പിന്നെ മദ്റസകളുടെ ആവശ്യമെന്തെന്നു ചോദിച്ച അദ്ദേഹം, ദേശവിരുദ്ധ പാഠങ്ങളാണ് മദ്റസകളില്‍ പഠിപ്പിക്കുന്നതെന്നും കുട്ടികളില്‍ അത് കാര്യമായ സ്വാധീനം ചെലുത്തുമെന്നും ആരോപിക്കുന്നു.

മദ്റസകള്‍ക്കെതിരായ സംഘ്പരിവാര്‍ നീക്കം പുതിയതല്ല. കുട്ടികള്‍ക്ക് ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുന്ന ഈ സ്ഥാപനങ്ങളെ തകര്‍ക്കാനും തെറ്റിദ്ധരിപ്പിക്കാനും ഒളിഞ്ഞും തെളിഞ്ഞും അവര്‍ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. മദ്റസകളില്‍ ദേശവിരുദ്ധതയും തീവ്രവാദവുമാണ് പഠിപ്പിക്കുന്നതെന്ന് നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണവര്‍. തീവ്രവാദികള്‍ വളരുന്നത് മദ്റസകളിലാണെന്നാണ് ഇതിനിടെ മധ്യപ്രദേശ് മന്ത്രി ഉഷാതാക്കൂര്‍ ആരോപിച്ചത്. നിങ്ങള്‍ ഈ രാജ്യത്തെ പൗരനാണെങ്കില്‍ എല്ലാ തീവ്രവാദികളും മദ്റസയില്‍ പഠിച്ചതാണെന്നു കാണാമെന്നു പറഞ്ഞ ഉഷാ താക്കൂര്‍, കുട്ടികളെ ദേശീയതയുമായി ബന്ധിപ്പിക്കുന്നതില്‍ മദ്റസകള്‍ പരാജയമാണെന്നും തട്ടിവിട്ടു. ബി ജെ പി നേതാവ് സാക്ഷി മഹാരാജും നടത്തിയിരുന്നു സമാനമായ പ്രസ്താവന. അതിനിടെ ഉത്തര്‍ പ്രദേശിലെ മദ്റസകളില്‍ ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുന്നതിനെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഒരു പൊതു താത്പര്യഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട് രണ്ടാഴ്ച മുമ്പ്. മദ്റസകളില്‍ മതാന്ധതയുടെ പാഠം പഠിപ്പിച്ച് കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയും അവരില്‍ വിദ്വേഷവും മതഭ്രാന്തും വളര്‍ത്തുകയുമാണെന്നാണ് അലഹബാദ് ആസ്ഥാനമായുള്ള വനിതാ അഭിഭാഷക സഹാര്‍ നഖ്്വിക്ക് വേണ്ടി സമര്‍പ്പിച്ച ഹരജിയില്‍ ആരോപിക്കുന്നത്. മദ്റസകള്‍ നിരോധിക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെടുന്നു.

ആടിനെ പേപ്പട്ടിയെന്നു വിളിച്ച് തല്ലിക്കൊല്ലുന്ന നയമാണ് മദ്റസകളുടെ കാര്യത്തില്‍ ബി ജെ പി, സംഘ്പരിവാര്‍ നേതാക്കള്‍ നടത്തുന്നത്. ഇസ്ലാമിക പ്രാഥമിക പാഠങ്ങള്‍ മാത്രമല്ല, മാനവികതയും സഹജീവി സ്നേഹവും മതസൗഹാര്‍ദവും കൂടി പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മദ്റസകള്‍. അവിടെ തീവ്രവാദവും വര്‍ഗീയതയും പഠിപ്പിക്കുന്നുവെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. ഇരുമ്പ് മറകള്‍ക്കുള്ളിലല്ല, ആര്‍ക്കും കയറിച്ചെന്ന് നിരീക്ഷിക്കാവുന്ന വിധം സുതാര്യമായ രീതിയിലാണ് രാജ്യത്തെങ്ങും മദ്റസകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. മദ്റസാ പാഠപുസ്തകങ്ങള്‍ വിപണികളില്‍ ലഭ്യവുമാണ.് ആര്‍ക്കും വാങ്ങി പരിശോധിക്കാവുന്നതേയുള്ളൂ. സമാധാനത്തിന്റെയും ശാന്തിയുടെയും മാനവിക സാഹോദര്യത്തിന്റേതുമല്ലാത്ത പാഠഭാഗങ്ങള്‍ അവയില്‍ കാണാനാകില്ല. മാത്രമല്ല പല ഉത്തരേന്ത്യന്‍ മദ്റസകളും മക്തബകളും പൊതു വിദ്യാഭ്യാസത്തിന് സമാന്തരങ്ങളുമാണ്. ഇംഗ്ലീഷ്, കണക്ക്, സയന്‍സ് തുടങ്ങിയ വിഷയങ്ങളും അവിടെ പഠിപ്പിച്ചു വരുന്നു. കുട്ടികളെ പൊതുവിദ്യാഭ്യാസവും കൂടി നേടിയ ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍. ഇന്ത്യയിലെ ആദ്യകാല സാമൂഹിക പരിഷ്‌കര്‍ത്താവും ഹിന്ദു നവോത്ഥാന നായകനുമായിരുന്ന രാജാറാം മോഹന്‍ റോയി അടക്കം പല പ്രമുഖരും മദ്റസകളിലൂടെ പഠിച്ചു വളര്‍ന്നവരാണ്.

വര്‍ഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നതിന്റെ പേരില്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയാണെങ്കില്‍ ആദ്യം താഴിടേണ്ടത് ആര്‍ എസ് എസ് ശാഖകള്‍ക്കാണ്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും വംശനാശം വരുത്തുന്നതുള്‍പ്പെടെ തീവ്രവാദ, ഭീകരവാദ പാഠങ്ങളാണ് ശാഖകളില്‍ നല്‍കുന്നതെന്ന്, ഏറെക്കാലം ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുകയും അതിന്റെ അണിയറ രഹസ്യങ്ങള്‍ നന്നായി മനസ്സിലാക്കുകയും ചെയ്തവര്‍ വെളിപ്പെടുത്തിയതാണ്. വംശീയഹത്യക്ക് രണ്ട് മുഖങ്ങളുണ്ട്. കൊന്നുതീര്‍ക്കുന്ന ഹിറ്റ്ലറിയന്‍ മുഖമാണ് ഒന്ന്. പ്രതിയോഗികളെ സാംസ്‌കാരികമായി തകര്‍ത്ത് അസ്തിത്വമില്ലാതാക്കുന്നതാണ് രണ്ടാമത്തത്. മദ്റസാ പഠനം ഇല്ലാതാക്കുന്നതിലൂടെ മുസ്ലിംകളില്‍ മതബോധമില്ലാതാക്കി ജീവച്ഛവങ്ങളാക്കി മാറ്റുകയാണ് ബി ജെ പിയും ആര്‍ എസ് എസും ലക്ഷ്യമാക്കുന്നത്. മൂല്യങ്ങളെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സഹായകമായ മദ്റസകളും ഇതര സ്ഥാപനങ്ങളും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ കെട്ടുറപ്പിനും നല്ല നാളേക്കും അനിവാര്യമാണ്.

 



source https://www.sirajlive.com/and-against-sangh-parivar-madrassas.html

Post a Comment

أحدث أقدم