അഗ്നിപഥിനെതിരായ പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു; 234 ട്രെയിനുകൾ റദ്ദാക്കി; നിരവധി ട്രെയിനുകൾ അഗ്നിക്കിരയായി

പട്ന | സൈനിക റിക്രൂട്ട്മെന്റിനായി കേന്ദ്രം കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധ‌ം തുടർച്ചയായ മൂന്നാം ദിവസവു‌ തുടരുന്നു. യുപി, ബിഹാർ, രാജസ്ഥാൻ, ഹരിയാന, ജാർണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സ‌ംസ്ഥാനങ്ങളിലാണ് യുവാക്കൾ പ്രതിഷേധം തുടരുന്നത്. ബീഹാറിലും യുപിയിലുമാണ് പ്രതിഷേധം കൂടുതൽ ശക്തം.

ശനിയാഴ്ച ബീഹാറിലെ യുവജന സംഘടനകള് ബിഹാർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബീഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡിയുടെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് ബന്ദ്.

തെലങ്കാനയിലെ സെക്കന്തരാബാദില് പോലീസ് നടത്തിയ വെടിവെപ്പില് ഒരാള് കൊല്ലപ്പെട്ടു. നിരവധി ട്രെയിനുകൾ അഗ്നിക്കിരയാക്കുകയും സ്വകാര്യ, പൊതുവാഹനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ തകർക്കുകയും രോഷാകുലരായ യുവാക്കൾ പ്രതിഷേധത്തിനിടെ ഹൈവേകളും റെയിൽവേ ലൈനുകളും തടയുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ എന്നിവർ റിക്രൂട്ട്മെന്റ് പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ ശ്രമിച്ചെങ്കിലും പ്രകോപിതരായ യുവാക്കൾ ഇഷ്ടികയും കല്ലുകളും ലാത്തികളുമായി നിരവധി സ്ഥലങ്ങളിൽ റെയിൽവേ പരിസരത്ത് ബഹളമുണ്ടാക്കുകയും വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ഹൈവേകൾ ഉപരോധിക്കുകയുമാണ്.

ഇതുവരെ 340 ട്രെയിന് സർവീസുകളെ സമര‌ം ബാധിച്ചതായും 234 ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു. പ്രതിഷേധക്കാർ ഇതുവരെ ഏഴ് ട്രെയിനുകളുടെ കോച്ചുകൾക്ക് തീയിട്ടതായി അധികൃതർ അറിയിച്ചു. ഈസ്റ്റ് സെൻട്രൽ റെയിൽവേ (ഇസിആർ) മേഖലയിൽ ഓടുന്ന മൂന്ന് ട്രെയിനുകളുടെ കോച്ചുകളും അതേ മേഖലയിലെ കുൽഹാരിയയിലെ ഒഴിഞ്ഞ ബോഗിയും പ്രതിഷേധക്കാർ നശിപ്പിച്ചു. ഉത്തർപ്രദേശിലെ ബല്ലിയയിൽ കഴുകുന്നതിനായി ക്യൂവിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയും തകർത്തിട്ടുണ്ട്. ഇസിആർ സോണിലെ 64 ട്രെയിനുകൾ പാതിവഴിയിൽ ഓട്ടം നിർത്തി.

അക്രമാസക്തമായ പ്രതിഷേധത്തെ തുടര്ന്ന് ബീഹാറിലെ 12 ജില്ലകളിൽ പോലീസ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി. ഉത്തർപ്രദേശിലെ ബല്ലിയയിൽ യുവാക്കൾ ഭാരത് മാതാ കീ ജയ്, അഗ്നിപഥ് തിരിച്ചെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ആളൊഴിഞ്ഞ ട്രെയിനിന് തീയിടുകയും മറ്റ് ചില ട്രെയിനുകള് നശിപ്പിക്കുകയും ചെയ്തു. വാരാണസി, ഫിറോസാബാദ്, അമേഠി എന്നിവിടങ്ങളിലും പ്രതിഷേധം നടന്ന് സര്ക്കാര് ബസുകളും മറ്റ് പൊതു സ്വത്തുക്കളും നശിപ്പിച്ചു.

മധ്യപ്രദേശിലെ ഇന്ഡോര്, ഹരിയാനയിലെ നര്വാന, പശ്ചിമ ബംഗാള്, ജാര്ഖണ്ഡ് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളില് പ്രതിഷേധം നടന്നു. സൈനിക റിക്രൂട്ട്മെന്റിനായി ആഗ്രഹിക്കുന്ന യുവാക്കൾ റോഡുകളിൽ ടയറുകൾ കത്തിക്കുകയും ചില യുവാക്കൾ നർവാനയിലെ റെയിൽവേ ട്രാക്കിൽ ഇരിക്കുകയും ജിന്ദ്-ബതിന്ദ റെയിൽ പാത തടയുകയും ചെയ്തു.

രാജ്യതലസ്ഥാനത്ത് താരതമ്യേന ശാന്തമായ അവസ്ഥയുണ്ടായെങ്കിലും ഇടത് ബന്ധമുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മെട്രോ യാത്രയെ ബാധിച്ചു. ഡൽഹി മെട്രോയുടെ ചില സ്റ്റേഷനുകളുടെ പ്രവേശന, എക്സിറ്റ് ഗേറ്റുകൾ അടയ്ക്കേണ്ടിവന്നു.



source https://www.sirajlive.com/protests-against-agneepath-continue-for-third-day-234-trains-canceled-several-trains-caught-fire.html

Post a Comment

أحدث أقدم