ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കെതിരെ ജി7

ഴിഞ്ഞ ദിവസം ജര്‍മനിയില്‍ ചേര്‍ന്ന ജി7 ഉച്ചകോടിയിലെ മുഖ്യചര്‍ച്ച ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയായിരുന്നു. യൂറോപ്പിനും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നതിനാല്‍ പദ്ധതി പരാജയപ്പെടുത്താനുള്ള തീരുമാനത്തോടെയാണ് ഉച്ചകോടി പിരിഞ്ഞത്. അതിനായി അടുത്ത അഞ്ച് വര്‍ഷത്തിനകം 60,000 കോടി ഡോളര്‍ സ്വരൂപിച്ച് വികസ്വര, ദരിദ്ര രാജ്യങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. പദ്ധതിയിലേക്ക് അമേരിക്ക 20,000 കോടി ഡോളറും യൂറോപ്പ് 30,000 കോടി ഡോളറും സമാഹരിക്കുമെന്നറിയിച്ചു. അവികസിത രാജ്യങ്ങള്‍ നിക്ഷേപങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുകയും ചൈനയുടെ കടക്കാരാകുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിന് തടയിടുന്നതിന് “ആഗോള അടിസ്ഥാന സൗകര്യവും നിക്ഷേപവും’ എന്ന് പേരിട്ട ഈ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ലക്ഷ്യം കാണാതെ പരാജയപ്പെടുമെന്നാണ് ഉച്ചകോടിയുടെ വിലയിരുത്തല്‍.

ചൈനീസ് പ്രസിഡന്റ് ഷീയുടെ അഭിമാന പദ്ധതിയാണ് 2013ല്‍ ആവിഷ്‌കരിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ്. മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയില്‍വേ ലൈനും വഴി ബന്ധിപ്പിക്കുകയാണ് ബെല്‍റ്റ് കൊണ്ട് അര്‍ഥമാക്കുന്നതെങ്കില്‍ തെക്കുകിഴക്കന്‍ ഏഷ്യയെ തെക്കന്‍ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടല്‍പാതയാണ് റോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകം മുഴുക്കെ വ്യാപാര പാത തുറക്കുകയും അതുവഴി മറ്റു രാജ്യങ്ങളിലേക്കുള്ള ചൈനയുടെ വ്യാപാര കൈമാറ്റം സുഗമമാക്കി പ്രസ്തുത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക, അതുവഴി ചൈനയുടെ ഉത്പാദന വ്യവസായ മേഖലയെ കൂടുതല്‍ വളര്‍ത്തുക എന്നതാണ് 7.1 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതിയുടെ ലക്ഷ്യമായി ചൈന പറയുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും റെയില്‍വേ പാതകളും റോഡുകളും ഡാമുകളും നിര്‍മിച്ചു കൊണ്ടിരിക്കുകയാണ് ചൈന. അതേസമയം, ലോക മേധാവിത്വം ഉറപ്പിക്കുകയാണ് ഇതിനു പിന്നിലെ അജന്‍ഡയെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആശങ്കിക്കുന്നത്.

കടം നല്‍കി കെണിയിലാക്കുക എന്ന ചൈനയുടെ കുപ്രസിദ്ധമായ നയതന്ത്ര, സാമ്പത്തിക യുദ്ധമുറയുടെ ഭാഗം കൂടിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഡബ്റ്റ് ട്രാപ്പ് ഡിപ്ലോമസി (കടക്കെണി നയതന്ത്രം) എന്നാണ് ഇന്ത്യന്‍ സാമൂഹിക വിദഗ്ധനായ ബ്രഹ്‌മ ചെല്ലാനി പദ്ധതിയെ വിശേഷിപ്പിക്കുന്നത്. അവികസിത രാജ്യങ്ങളെ കടക്കെണിയില്‍ പെടുത്തി തങ്ങളുടെ സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്ക് വിധേയമാക്കി, തുറമുഖങ്ങളും വിമാനത്താവളങ്ങളും മറ്റു തന്ത്രപ്രധാനമായ സ്ഥലങ്ങളും എഴുതി വാങ്ങുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട ചൈനയുടെ പ്രവര്‍ത്തനരീതി. ശ്രീലങ്കയുടെ അനുഭവം ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ശ്രീലങ്കയുടെ ഹംബന്തോട്ട തുറമുഖ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത് ചൈനയായിരുന്നു. ശ്രീലങ്കയുടെ കടം കുത്തനെ ഉയരുകയും ഹംബന്തോട്ട തുറമുഖം വിജയിക്കാന്‍ സാധ്യത കുറവാണെന്ന് പഠനങ്ങളൊക്കെ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തെങ്കിലും ശ്രീലങ്കക്കുള്ള വായ്പ ചൈന തുടര്‍ന്നു കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം പ്രവര്‍ത്തനമാരംഭിച്ച ഹംബന്തോട്ട തുറമുഖ വികസന പദ്ധതി വിദഗ്ധര്‍ പ്രവചിച്ചതു പോലെ തന്നെ വന്‍ പരാജയമായി. പദ്ധതിയുടെ പരാജയത്തോടെ ചൈനയില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ പറ്റാത്ത അവസ്ഥ വന്നു ശ്രീലങ്കക്ക്. ഗത്യന്തരമില്ലാതെ തുറമുഖവും 15,000 ഏക്കര്‍ ഭൂമിയും 99 വര്‍ഷത്തേക്ക് ചൈനക്ക് കൈമാറാന്‍ നിര്‍ബന്ധിതമായി. അതുവഴി തന്തപ്രധാനമായ മേഖലയിലുള്ള ശ്രീലങ്കയുടെ ആ തുറമുഖം ചൈനയുടേതായി മാറുകയായിരുന്നു.

2013ല്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി പ്രഖ്യാപിച്ച ശേഷം 160ല്‍ പരം രാജ്യങ്ങളില്‍ റോഡ്, പാലങ്ങള്‍, തുറമുഖങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനായി ചൈന 843 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചതായാണ് പല രാജ്യാന്തര മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തത്. ഈ രാജ്യങ്ങളില്‍ പലതും ചൈനയുടെ കടക്കെണിയില്‍ പെടുകയും അതുവഴി ലോകത്തിന്റെ തന്ത്രപ്രധാന ഭാഗങ്ങളായ പല മേഖലകളും ചൈന അധീനപ്പെടുത്തുകയും ചെയ്യുമെന്ന് പാശ്ചാത്യ ലോകം മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തെ വിഴുങ്ങുന്ന അനാക്കോണ്ട എന്നാണ് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ വിശേഷിപ്പിച്ചത്.
2021 ഡിസംബറില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ കമ്മീഷന്‍ യോഗം ചൈനീസ് പദ്ധതിക്കെതിരെ “ഗ്ലോബല്‍ ഗേറ്റ് വേ’ എന്ന പേരില്‍ ഒരു ബദല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കക്ക് പ്രാധാന്യം നല്‍കി ആഗോള തലത്തില്‍ അവികസിത രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് 2.45 ലക്ഷം കോടിയുടെ ഈ പദ്ധതി. ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങള്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിന്‍ കീഴില്‍ വരുന്നത് തടയുകയാണ് “ഗ്ലോബല്‍ ഗേറ്റ് വേ’ പദ്ധതി പ്രഖ്യാപനത്തിനു പ്രധാന കാരണം. ഇന്ത്യ നേരത്തേ തന്നെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ ഷാംഗ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ 2020 നവംബര്‍ അവസാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യ ഈ നിലപാട് വ്യക്തമാക്കിയതുമാണ്. പദ്ധതിയുടെ ഭാഗമായ റോഡുകള്‍ (സാമ്പത്തിക ഇടനാഴി) കടന്നുപോകുന്നത് പാക് അധീന കശ്മീരിലെ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലൂടെയാണെന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിനു പ്രധാന കാരണം. ഇത് രാജ്യത്തിന്റെ അഖണ്ഡതക്കു ഭീഷണിയായേക്കുമെന്നാണ് ആശങ്ക.

പാരിസ്ഥിതിക പ്രശ്‌നവും ഉയര്‍ത്തുന്നുണ്ട് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി. ഏഷ്യന്‍ രാജ്യങ്ങളിലെ പരിസ്ഥിതിയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ “ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്’ നടത്തിയ പഠനം വെളിപ്പെടുത്തുന്നുണ്ട്.



source https://www.sirajlive.com/g7-against-the-belt-and-road-project.html

Post a Comment

Previous Post Next Post