അപലപനീയമാണ് കൽപ്പറ്റയിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അതിക്രമം. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മാർച്ച് നടത്തിയ എസ് എഫ് ഐ പ്രവർത്തകരാണ് കൈനാട്ടിയിലെ എം പി ഓഫീസിലേക്ക് അതിക്രമിച്ചു കയറി ഫർണിച്ചറുകളും ജനാലകളും ഷട്ടറുകളും തല്ലിത്തകർക്കുകയും ഓഫീസിനകത്തുണ്ടായ ജീവനക്കാരനെ മർദിക്കുകയും ചെയ്തത്. മാർച്ചിനെത്തിയ നൂറോളം എസ് എഫ് ഐ പ്രവർത്തകരിൽ അമ്പതോളം പേർ ഓഫീസിനകത്തേക്ക് ഇരച്ചുകയറി ഗുണ്ടായിസം കാണിച്ചുവെന്നാണ് റിപോർട്ട്. സമാധാന പാലനത്തിനെത്തിയ പോലീസുകാരും അക്രമത്തിനിരയായി. മുന്ന് പോലീസുകാർക്ക് പരുക്കേറ്റു.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്നടങ്കം സംഭവത്തെ അപലപിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളും അഭിപ്രായപ്രകടനങ്ങളുമല്ലാതെ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ മാർച്ച് നടത്തേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. വയനാട് എം പിയായ അദ്ദേഹത്തെ ഇ ഡി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു വരുന്നു. ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്നതിന് എതിരെയുളള സമീപനമാണ് സി പി എമ്മിന്റേത്. അനവസരത്തിലും ജനാധിപത്യ വിരുദ്ധവുമായിപ്പോയി കൽപ്പറ്റയിലെ എസ് എഫ് ഐ മാർച്ചെ’ന്നാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അഭിപ്രായപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളടക്കം 25 പേർ ഇതിനകം പിടിയിലായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് ബാധകമാകുന്ന വയനാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ സ്ഥലം എം പിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ മാർച്ച്. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വെള്ളിയാഴ്ച രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വ്യക്തമാക്കുന്നു. വയനാട് ബഫർസോൺ പ്രശ്‌നത്തിൽ ഇടപെടണമെന്നും ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി കുറിപ്പിൽ രാഹുൽ ഗാന്ധി പറയുന്നു. വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറക്കാൻ നിർദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്. കത്തിന്റെ വിശദാംശങ്ങൾ സഹിതമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. കാര്യങ്ങൾ വിശദമായി മനസ്സിലാക്കാതെ കേവല രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു എസ് എഫ് ഐ മാർച്ചെന്നാണ്
മനസ്സിലാക്കാനാകുന്നത്.
കക്ഷിരാഷ്ട്രീയം പലപ്പോഴും വഴിതെറ്റിപ്പോകുന്നുണ്ട്. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെയാണ് പലരും എതിരാളികളെ വിമർശിക്കുന്നതും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും. വിരുദ്ധ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രതിയോഗികളോടും മാന്യമായി പെരുമാറുകയും സമീപിക്കുകയും ചെയ്യുന്ന ശൈലി വിട്ട് അന്ധമായ വിമർശം, അക്രമം, വ്യക്തിഹത്യ, തെറിപ്രയോഗം എന്നിത്യാദി അധമ ശൈലിയിലേക്ക് അധഃപതിച്ചിരിക്കയാണ് നിലവിൽ രാഷ്ട്രീയം. തെറിയഭിഷേകം, വംശീയ അധിക്ഷേപം, വ്യക്തിഹത്യ തുടങ്ങി മോശം പ്രവണതകളാണ് രാഷ്ട്രീയ വേദികളിൽ കണ്ടും കേട്ടും വരുന്നത്. കുടിപ്പകയും കൊലപാതകങ്ങളും സമകാലീന രാഷ്ട്രീയത്തിന്റെ സംസ്‌കാരമായി മാറിയിട്ടുണ്ട്. പൊതുപ്രവർത്തനത്തിനും രാഷ്ട്ര നിർമാണത്തിനും ഉപയോഗിക്കുന്നതിന് പകരം നശീകരണ പ്രവർത്തനങ്ങൾക്കായി അതിനെ ദുരുപയോഗം
ചെയ്യുകയാണ്.
അക്രമ രാഷ്ട്രീയം തങ്ങളുടെ നയമല്ലെന്നാണ് എല്ലാ പാർട്ടി നേതൃത്വവും അവകാശപ്പെടാറ്. ക്രിമിനൽ രാഷട്രീയം അരുതെന്നും വിരുദ്ധ രാഷ്ട്രീയത്തോട് ജനാധിപത്യരീതിയിൽ പ്രതികരിക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും പൊതുവേദികളിൽ അണികളെ ഉപദേശിക്കാറുമുണ്ട് നേതാക്കൾ. എന്നിട്ടും സംസ്ഥാനത്ത് രാഷട്രീയാതിക്രമങ്ങൾ വർധിക്കുകയാണ്. നേതൃത്വങ്ങളുടെ ക്രിമനൽ വിരോധം പരസ്യ പ്രസ്താവനകളിൽ ഒതുങ്ങുന്നതാണ്
കാരണം.
തിരശ്ശീലക്ക് പിന്നിൽ പ്രതിയോഗികൾക്കെതിരെ ആയുധമെടക്കാൻ അണികളെ പ്രേരിപ്പിക്കുന്നവരാണ് മിക്ക നേതൃത്വങ്ങളും. എതിർ കക്ഷിക്കാരെ കൈകാര്യം ചെയ്യാൻ ആയുധശേഖരങ്ങൾ സജ്ജീകരിക്കുകയും ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുകയും ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമേതുണ്ട്? ഒരു മുറിവുണങ്ങുമ്പോഴേക്കും മറ്റൊരു പച്ച ജീവൻ പറിച്ചെടുക്കാൻ അണിയറയിൽ പുതിയ വാളുകളും എസ് കത്തികളും ബോംബുകളും തയ്യാറാക്കപ്പെടുന്നു. കുറ്റകൃത്യങ്ങൾ നടത്തി അഴിക്കുള്ളിലായ അണികൾ ജാമ്യത്തിലിറങ്ങുമ്പോൾ അവരെ മാലയിട്ടു സ്വീകരിക്കാനുള്ള രാഷട്രീയ ധാർഷ്ട്യം പോലും
പ്രകടിപ്പിക്കുന്നു.
ധാർമികതയും ദിശാബോധവും പാടേ നഷ്ടമായിരിക്കുന്നു രാഷ്ട്രീയത്തിൽ. അണികളുടെ ഗുണ്ടായിസം പൊതുസമൂഹത്തിൽ വിമർശിക്കപ്പെടുമ്പോൾ അതിനെ തള്ളിപ്പറഞ്ഞതു കൊണ്ടായില്ല, പ്രവർത്തകരുടെ മനസ്സിലേക്ക് പകക്കും വിദ്വേഷത്തിനും പകരം അലിവിന്റെയും കനിവിന്റെയും സ്‌നേഹധാര പകർന്നു കൊടുക്കാൻ നേതൃത്വത്തിന് കഴിയണം. ആ വിതാനത്തിലേക്കുയരാൻ നേതാക്കൾ ആദ്യം സ്വയം പാകപ്പെടണം. അക്രമികൾക്ക് സംരക്ഷണമൊരുക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നതിൽ നിന്ന് അവർ പിന്മാറണം. പ്രതിസ്ഥാനത്ത് വന്നാലും, അക്രമത്തിന് മുതിർന്നാലും പാർട്ടി സംരക്ഷിക്കുമെന്ന വിശ്വാസം അണികൾക്ക് ഇല്ലാതാകണം. അല്ലാത്ത കാലത്തോളം അക്രമരാഷ്ട്രീയം മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും.
source https://www.sirajlive.com/sfi-violence-in-kalpetta.html
Post a Comment