പാഠപുസ്തകങ്ങള്‍ ഹിന്ദുത്വവത്കരിക്കാനുള്ള ബി ജെ പി സര്‍ക്കാര്‍ നീക്കത്തിനെതിരെ അക്കാദമിക് തലത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ് കര്‍ണാടകയില്‍. പത്താം ക്ലാസ്സിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് നവോത്ഥാന നായകരായ പെരിയാറിനെയും ശ്രീനാരായണ ഗുരുവിനെയും ഒഴിവാക്കുകയും ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ കമ്മിറ്റികളില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും രാജിവെച്ചിരിക്കുകയാണ് പ്രമുഖ എഴുത്തുകാരും അക്കാദമിസ്റ്റുകളും. പ്രൊഫ. എസ് ജി സിദ്ധരാമയ്യ (രാഷ്ട്രകവി), ഡോ. ജി എസ് ശിവരുദ്രപ്പ, എച്ച് എസ് നാഗവേന്ദ്ര റാവു, നടരാജ ബുടലു, ചന്ദ്രശേഖര്‍ നന്‍ഗ്ലി, ഹംപ നാഗരാജയ്യ എന്നിവരാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രൊഫ. എസ് ജി സിദ്ധരാമയ്യ, പ്രമുഖ എഴുത്തുകാരായ ദേവനൂര്‍ മഹാദേവ, ഡോ. ജി രാമകൃഷ്ണ എന്നിവര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ രചനകള്‍ പിന്‍വലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. സിദ്ധരാമയ്യയുടെ ‘മനെഗെലസദ ഹെണ്ണുമഗളു’ എന്ന കവിത ഒമ്പതാം ക്ലാസ്സിലെ കന്നഡ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ വി പി നിരഞ്ജനാരാധ്യ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രൂപവത്കരണത്തില്‍ നല്‍കിയ സംഭാവന മുന്‍നിര്‍ത്തി സര്‍ക്കാര്‍ തലത്തില്‍ അദ്ദേഹത്തെ ആദരിക്കാനുള്ള ക്ഷണം തിരസ്‌കരിക്കുകയും അറിയപ്പെടുന്ന ദളിത് എഴുത്തുകാരനായ ദേവനൂര്‍ മഹാദേവ തനിക്കു ലഭിച്ച പത്്മശ്രീ പുസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും തിരിച്ചു നല്‍കുകയും ചെയ്തു. നേരത്തേ പത്താം ക്ലാസ്സിലെ കന്നഡ പാഠപുസ്തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതും വിവാദമായിരുന്നു. യുദ്ധത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന കന്നഡ എഴുത്തുകാരി സാറാ അബൂബക്കറിന്റെ ‘യുദ്ധം’ എന്ന കഥയും പാഠപുസ്തകത്തില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
പാഠപുസ്തകങ്ങളിലൂടെ കുട്ടികളില്‍ വര്‍ഗീയ വിഷം പകരുകയാണെന്നാണ് സിലബസ് മാറ്റത്തെക്കുറിച്ച് ഡോ. ജി രാമകൃഷ്ണ പ്രതികരിച്ചത്. പാഠപുസ്തകങ്ങള്‍ ഹിന്ദുത്വവത്കരിക്കുന്നതിനെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ബി ജെ പിയുടെ എം എല്‍ സിയുമായ എ എച്ച് വിശ്വനാഥ് തന്നെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. പാഠപുസ്തകങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും കൂട്ടിക്കുഴക്കുന്നത് വിദ്യാഭ്യാസ വിരുദ്ധവും ചരിത്രവിരുദ്ധവുമാണെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, എഴുത്തുകാര്‍, വനിതാ സംഘടനകള്‍, എന്‍ ജി ഒകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിലുമുള്ളവര്‍ വിദ്യാഭ്യാസ രംഗത്തെ ഹിന്ദുത്വവത്കരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്.
ഹിറ്റ്്‌ലര്‍ ജര്‍മനിയില്‍ അധികാരമേറ്റപ്പോള്‍ ആദ്യം കൈവെച്ചത് പാഠപുസ്തകങ്ങളിലായിരുന്നു. ജര്‍മനിയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങളുടെ നാസി ആശയത്തോട് യോജിക്കാത്ത പാഠഭാഗങ്ങള്‍ ഇല്ലായ്മ ചെയ്തത് പാഠപുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞായിരുന്നെങ്കില്‍ ഇന്ത്യയില്‍ ബി ജെ പി ഇത് ചെയ്യുന്നത് സിലബസ് തങ്ങളുടെ വര്‍ഗീയ ചിന്താഗതിക്കൊത്ത് പരിഷ്‌കരിച്ചു കൊണ്ടാണെന്നു മാത്രം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ ആര്‍ എസ് എസിന്റെ കാര്‍മികത്വത്തില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രിമാരെ വിളിച്ചു ചേര്‍ത്ത് വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്നത്തെ മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയുടെയും സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയുടെയും സാന്നിധ്യത്തിലായിരുന്നു ഈ യോഗം. ഇതിന് തൊട്ടുപിറകെ മന്ത്രി സ്മൃതി ഇറാനി ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, തത്ത്വശാസ്ത്രം എന്നീ മേഖലകളില്‍ പുരാതന ഇന്ത്യ (വേദകാലത്തെ ഇന്ത്യ) നല്‍കിയ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും പഠന സഹായികളിലും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും പുരാതന ഹിന്ദു കൃതികളും വേദങ്ങളും ഉപനിഷത്തുകളും പരിശോധിച്ച് അവയില്‍ നിന്ന് ആവശ്യമായ ഭാഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. 2018 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശാനുസാരം ന്യൂഡല്‍ഹിയില്‍ ഒത്തുകൂടിയ ഹിന്ദുത്വ ചരിത്ര പണ്ഡിതന്മാരുടെ മുഖ്യചര്‍ച്ചാ വിഷയം ചരിത്രത്തെ എങ്ങനെ വളച്ചൊടിക്കാമെന്നതായിരുന്നു. റോയിട്ടേഴ്‌സ് റിപോര്‍ട്ട് അനുസരിച്ച്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിന്ദുക്കളായിരുന്നു ഇന്ത്യയില്‍ ആദ്യമായി അധിവസിച്ചതെന്നും പുരാതന ഹിന്ദു വേദങ്ങള്‍ മിത്തുകളല്ല, യാഥാര്‍ഥ്യമാണ് എന്നും സ്ഥാപിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ഗുജറാത്തില്‍ ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ തിരുമാനിച്ചിട്ടുണ്ട്. നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണിതെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. തൊട്ടുപിന്നാലെ, ബി ജെ പി ഭരണത്തിലുള്ള മറ്റു പല സംസ്ഥാനങ്ങളിലും സമാന പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ഹരിയാനയില്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ തയ്യാറാക്കിയ ഒമ്പതാം ക്ലാസ്സ് പാഠപുസ്തകത്തില്‍ ആര്‍ എസ് എസിനെയും അതിന്റെ താത്വികാചാര്യന്മാരായ സവര്‍ക്കറെയും മറ്റും മഹത്വവത്കരിക്കുന്ന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെയും ബഹുസ്വരതയെയും തമസ്‌കരിച്ച് ഹിന്ദുത്വമാണ് ഇന്ത്യന്‍ സംസ്‌കാരമെന്ന തെറ്റായ സന്ദേശം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതുവഴി ബി ജെ പി ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും ബ്രിട്ടീഷുകാര്‍ക്ക് പാദസേവ നടത്തുകയും ചെയ്ത ആര്‍ എസ് എസും ഹിന്ദുത്വരും സത്യസന്ധമായ ചരിത്രത്തെയെന്ന പോലെ വിദ്യാഭ്യാസത്തെയും ഭീതിയോടെയാണ് നോക്കിക്കണ്ടത്. ഹിന്ദു മഹാസഭയുടെയും ആര്‍ എസ് എസിന്റെയും കരിപുരണ്ട മുഖം വെളിപ്പിച്ചെടുക്കുകയെന്ന അജന്‍ഡ കൂടിയുണ്ട് ഈ സിലബസ് പരിഷ്‌കരണത്തിനു പിന്നില്‍.
source https://www.sirajlive.com/syllabus-quot-revision-39-in-karnataka.html
إرسال تعليق