ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ നിലനില്‍പ്പിന് ഹിന്ദുത്വ ഭരണകൂടം എന്തുമാത്രം ഭീഷണിയായിരിക്കുമെന്ന ദുരന്താനുഭവങ്ങള്‍ കടിച്ചിറക്കി കൊണ്ടാണ് മോദി ഭരണത്തിന്റെ എട്ട് വര്‍ഷങ്ങള്‍ കടന്നു പോയത്. ബഹുസ്വരതയില്‍ അടിയുറച്ച ഒരു രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയാല്‍ നയിക്കപ്പെടുന്ന ഭരണം എത്രമാത്രം ആപത്കരമാണെന്ന് തെളിയിച്ചു കൊണ്ടാണ് രാജ്യം കടന്നു പോകുന്നത്. മോദി ഭരണത്തിന്റെ എട്ട് വര്‍ഷങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ അന്യവത്കരണവും അരക്ഷിതത്വവും പടര്‍ത്തിയാണ് കടന്നുപോയത്.
ബി ജെ പി രാജ്യാധികാരം കൈയാളുന്നത് ഇതാദ്യമല്ലെങ്കിലും തീവ്ര ഹിന്ദുത്വവും ഫാസിസ്റ്റ് ശൈലിയും മറയില്ലാതെ പ്രയോഗിച്ചത് മോദി ഭരണത്തിലാണ്. 2019ലെ രണ്ടാം വരവിലാകട്ടെ അതിരുവിട്ടാണ് പോക്ക്. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളൊന്നും ഇവരുടെ അജന്‍ഡയിലില്ലെന്ന് മാത്രമല്ല രാഷ്ട്ര സമ്പത്താകെ വിദേശി, സ്വദേശി കുത്തകകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും മാനം മുട്ടിയപ്പോഴാണ് പെട്രോള്‍ വില കുറക്കാന്‍ നിര്‍ബന്ധിതമായത്. നാടിന്റെ ആസ്തികള്‍ വിറ്റുതുലക്കലും സമ്പന്ന സേവയും നിര്‍ബാധം തുടരുന്നു. പൊതുഉടമാ സംവിധാനങ്ങള്‍ ഇനിയെത്ര കാലമെന്ന കാര്യം രാജ്യസ്നേഹികളെ ഉത്കണ്ഠാകുലമാക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും തകര്‍ക്കുന്ന ആഗോളവത്കരണ നയങ്ങള്‍ക്കെതിരെ ഉയരുന്ന ജനരോഷത്തെ വഴിതിരിച്ചു വിടാനാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയതയെ രാഷ്ട്രീയ തന്ത്രമാക്കി വിദ്വേഷവും വിഭജന ചിന്തയും പടര്‍ത്തുന്നത്. ഇസ്ലാമോഫോബിയ സൃഷ്ടിച്ച് മുസ്ലിം വിരുദ്ധ ഭൂരിപക്ഷ ധ്രുവീകരണം രൂപപ്പെടുത്തുകയാണ് അവര്‍. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമായി കണ്ടുകൊണ്ടുള്ള വര്‍ഗീയവത്കരണ അജന്‍ഡയാണ് ആസൂത്രിതമായി സംഘ്പരിവാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വര്‍ഗീയ ചേരിതിരിവ് ശക്തമാക്കി അധികാരം പിടിച്ച സംഘ്പരിവാറിന്റെ ചുവടുവെപ്പുകള്‍ മതരാഷ്ട്രത്തിലേക്കാണെന്നത് തിരിച്ചറിയണം. മതനിരപേക്ഷ ശക്തികള്‍ ഇത്തരം വര്‍ഗീയ തന്ത്രങ്ങളെ തിരിച്ചറിയണം. ദേശീയതയുടെ മേമ്പൊടി പുരട്ടി മതവിദ്വേഷത്തിന് വിത്തിടാനുള്ള ഗൂഢ നീക്കമാണ് ആര്‍ എസ് എസ് ആസൂത്രിതമായി നടപ്പാക്കുന്നത്. ജനസംഖ്യാ നിയന്ത്രണ നിയമവും വംശശുദ്ധി സര്‍വേയും ഏകീകൃത സിവില്‍ കോഡുമെല്ലാം ഉയര്‍ത്തി മുസ്ലിംകളെ വേട്ടയാടാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. പൗരത്വ നിയമം നടപ്പാക്കി മുസ്ലിംകളെ രണ്ടാം തരക്കാരാക്കാനുള്ള ശ്രമത്തിനെതിരെ ഐതിഹാസികമായ ചെറുത്തുനില്‍പ്പാണുണ്ടായത്. കൊവിഡ് ശമിച്ചതോടെ പൗരത്വ പ്രശ്‌നം വീണ്ടും കത്തിക്കാനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രത്യേക സംസ്ഥാന പദവി റദ്ദാക്കിയും രണ്ടാക്കി വെട്ടിമുറിച്ചും കശ്മീര്‍ ഉണങ്ങാത്ത മുറിവായി. ഏകീകൃത വ്യക്തി നിയമത്തിനു വേണ്ടി വാദിക്കുമ്പോള്‍ത്തന്നെയാണ് മുത്വലാഖ് നിയമം കൊണ്ടുവന്നത്. വിവാഹബന്ധം ഒഴിയുന്ന പുരുഷന്മാരില്‍ മുസ്ലിംകള്‍ക്ക് മാത്രം തടവുശിക്ഷ നല്‍കുന്ന നിയമ നിര്‍മാണത്തിന് പിന്നിലെ ലക്ഷ്യം മതസ്പര്‍ധ മാത്രമാണ്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ചര്‍ച്ച ഭീഷണി ഉയര്‍ത്തുന്നത് പ്രശസ്തമായ നമ്മുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിനു നേരേയാണെന്ന് കാണണം.
പ്രാദേശിക ഭാഷാ സംസ്ഥാനങ്ങളുടെ ഫെഡറേഷനായ ഇന്ത്യന്‍ യൂനിയനെ പിന്തള്ളിയാണ് ഏക ഭാഷാ വാദം മുന്നോട്ടുവെക്കുന്നത്. ഇല്ലാത്ത രാഷ്ട്ര ഭാഷാ പദവി ഹിന്ദിക്ക് കല്‍പ്പിക്കുകയും ഇന്ത്യയുടെ ബഹുഭാഷാ സ്വത്വത്തെ വെല്ലുവിളിക്കുകയുമാണ്. ഭാഷയും സംസ്‌കാരവും സ്വത്വവും സംരക്ഷിക്കാനുള്ള പൗരന്മാരുടെ ഭരണഘടനാ അവകാശത്തെയാണ് സംഘ്പരിവാര്‍ വെല്ലുവിളിക്കുന്നത്. ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറല്‍ മൂല്യങ്ങളെ നിരന്തരം ധ്വംസിക്കുകയാണ് ഭരണകൂടം. ഫെഡറല്‍ ഘടനക്ക് കത്തിവെക്കുന്ന നടപടികള്‍ രാഷ്ട്രീയമായും സാമ്പത്തികമായും സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ആര്‍ എസ് എസ്- ബി ജെ പി നേതാക്കളായ ഗവര്‍ണര്‍മാരെ ഉപയോഗിച്ച്, ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഭരണഘടനാ പദവിയുടെ അന്തസ്സ് കളഞ്ഞുകുളിച്ച് സംസ്ഥാന സര്‍ക്കാറുമായി ഏറ്റുമുട്ടുന്ന ഗവര്‍ണര്‍മാര്‍ ബി ജെ പി ഭരണത്തിന്റെ മുഖമുദ്രയാണ്. ഏകീകൃത നികുതി സംവിധാനമായ ജി എസ് ടിയും സാമ്പത്തിക കേന്ദ്രീകരണത്തിനുള്ള ഉപകരണമായി മാറി. വരുമാന സ്രോതസ്സുകള്‍ നഷ്ടപ്പെട്ട് സംസ്ഥാനങ്ങള്‍ ദുര്‍ബലമായതും മോദി ഭരണത്തിന്റെ ദുരന്തഫലം. ആധാര്‍ അടക്കമുള്ള ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന വിവരമാണ് ഒടുവില്‍ പുറത്തുവന്നത്.
കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനായി കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെ നടന്ന യോജിച്ച പോരാട്ടം മോദി സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മണ്ണിന്റെ മക്കളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നിയമം പിന്‍വലിക്കേണ്ടി വന്നെങ്കിലും ഉറപ്പുകളൊന്നും പാലിക്കാതെ കര്‍ഷകരെ വീണ്ടും പ്രക്ഷോഭത്തിലേക്ക് തള്ളിവിടുകയാണ്. തൊഴില്‍ മേഖലയില്‍ ഇത്രമാത്രം അരക്ഷിതമായ കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിലില്ല. ബ്രിട്ടീഷ് ഭരണത്തിലടക്കം തൊഴിലാളികള്‍ പോരാടി നേടിയ ആനുകൂല്യങ്ങളും സുരക്ഷിതത്വവും നഷ്ടപ്പെട്ടു. തൊഴില്‍ നിയമങ്ങളാകെ നാല് കോഡാക്കി മാറ്റിയപ്പോള്‍ എന്താണ് ഭാവിയെന്നോ ഏതൊക്കെ നിയമങ്ങള്‍ നിലവിലുണ്ടെന്നോ ആര്‍ക്കും വ്യക്തതയില്ല. ബി എം എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നടന്ന ഒടുവിലത്തെ ദ്വിദിന ദേശീയ പണിമുടക്ക് തൊഴിലാളിവിരുദ്ധ സര്‍ക്കാറിനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു.
മതവിദ്വേഷത്തിന്റെ ദുരന്തഭൂമിയാക്കി ഇന്ത്യയെ മാറ്റിയതാണ് എട്ട് വര്‍ഷത്തെ മോദിയുടെ പ്രധാന നേട്ടമെന്ന് പറയാം. ബാബരിക്കു പിന്നാലെ കാശിയും മഥുരയും അജന്‍ഡയാക്കിക്കഴിഞ്ഞു. ഗോവധവും ആള്‍ക്കൂട്ടക്കൊലയും പിന്നിട്ട്, ബി ജെ പിയുടെ നേതാക്കള്‍ തന്നെ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപാഹ്വാനം നടത്തുന്ന നിലയിലെത്തി. ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും വാങ്ക് വിളിയും വരെ വിലക്കാന്‍ ബി ജെ പി മുഖ്യമന്ത്രിമാര്‍ക്ക് മടിയില്ല. ക്രിസ്ത്യന്‍ പള്ളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. കേരളത്തില്‍പ്പോലും മൈക്കുകെട്ടി മതവിദ്വേഷം പ്രസംഗിക്കുകയും തെരുവില്‍ എതിര്‍ശബ്ദം മുഴങ്ങുകയും ചെയ്യുന്നു. കര്‍ശന നിയമ നടപടികളിലൂടെയാണ് ഒരുപരിധി വരെ കേരളം ഇതിനെ നേരിടുന്നത്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ സ്ഥിതി ഭീതിദമാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ഐക്യനിര ഉയര്‍ത്തി മാത്രമേ ഈ ആപത്തിനെ നേരിടാനാകൂ.
അങ്ങനെയായിരിക്കെ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെയും സമുദായ സൗഹൃദത്തെയും തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളാരംഭിച്ചിരിക്കുന്നുവെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മതപരമായ വിഭജനം ലക്ഷ്യം വെച്ചുള്ള കലാപ ഗൂഢാലോചനകള്‍ ആര്‍ എസ് എസും അവരുടെ മറുപുറം കളിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുകാരും തകൃതിയായി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയിലെയും പാലക്കാട്ടെയും പ്രതികാര കൊലകളും അത്തരമൊരു ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് നടത്തിയിട്ടുള്ളതാണ്. മതപരമായ ധ്രുവീകരണ ലക്ഷ്യത്തോടെ സംഘ്പരിവാര്‍ നടത്തുന്ന കുടില നീക്കങ്ങള്‍ക്ക് സഹായകരമാകുന്ന നടപടികളാണ് ഇരകളുടെ പ്രതിരോധമെന്നൊക്കെ പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നാടിനെ വര്‍ഗീയമായി വിഭജിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള സംഘ്പരിവാറിന് വേണ്ടിയുള്ള ക്വട്ടേഷന്‍ പണിയാണ്. ആലപ്പുഴയില്‍ ഒരു കൊച്ചു ബാലനെ തോളിലേറ്റി പോപ്പുലര്‍ ഫ്രണ്ടുകാര്‍ വിളിപ്പിച്ച മുദ്രാവാക്യം ആര്‍ എസ് എസുകാര്‍ നടത്തുന്ന ഇസ്ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് സമ്മതി നിര്‍മിച്ചു കൊടുക്കുന്ന സംഘ്പരിവാര്‍ സേവയാണെന്ന് തിരിച്ചറിയണം.
source https://www.sirajlive.com/eight-years-that-made-india-insecure.html
Post a Comment