റഷ്യയുടെ യുക്രൈൻ അധിനിവേശം നാല് മാസം പിന്നിടുകയാണ്. കഴിഞ്ഞ ഫെബ്രുവരി 24ന് പുലർച്ചെ കീവിലും മരിയൂപോളിലും റഷ്യൻ സൈന്യം ആക്രമണം തുടങ്ങുമ്പോൾ ദിവസങ്ങൾക്കകം യുക്രൈനിനെ കീഴടക്കി അവിടെ തങ്ങളുടെ പാവ സർക്കാറിനെ കുടിയിരുത്തി രംഗം വിടാമെന്നായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യയുടെ കണക്കുകൂട്ടലുകൾ. എന്നാൽ, ലഭ്യമായ ആളും അർഥവും കൃത്യമായി ഉപയോഗിച്ച് യുക്രൈൻ ശക്തമായ പ്രതിരോധം തീർത്തതോടെ മറ്റെല്ലാ യുദ്ധങ്ങളെയും പോലെ മനുഷ്യക്കുരുതിയുടെ, കൂട്ട പലായനത്തിന്റെ, നശീകരണത്തിന്റെ, സാമ്പത്തിക തകർച്ചയുടെ നീറുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് കിഴക്കൻ യൂറോപ്പ്.
മുമ്പ് ലോകത്തെ ഏതൊരു പ്രശ്‌നത്തിന്റെയും കെടുതികൾ പ്രാദേശികമായി കെട്ടടങ്ങിയിരുന്നു. ഒരു രാജ്യത്തിനകത്ത് ഉടലെടുക്കുന്ന ആഭ്യന്തര സംഘർഷങ്ങൾ, രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങൾ അവിടങ്ങളിൽ മാത്രമാണ് നാശം വിതച്ചിരുന്നത്. ലോകം ഒറ്റ രാജ്യമായി രൂപാന്തരം പ്രാപിച്ച, ആഗോളവത്കരണം അതിന്റെ മൂർധന്യതയിൽ എത്തിനിൽക്കുന്ന പുതിയ കാലത്ത് ഭൂമിയിലെ ഏതൊരു കോണിലും ഉണ്ടാകുന്ന ചെറിയ ഇലയനക്കങ്ങൾ പോലും ആഗോളതലത്തിൽ വലിയ തിരയിളക്കങ്ങൾ സൃഷ്ടിക്കും. രണ്ട് നൂറ്റാണ്ട് മുമ്പ് വരെ യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ മാത്രമാണ് അത് ദുരിതം വിതച്ചിരുന്നതെങ്കിൽ പുതിയകാലത്ത് രാജ്യാതിർത്തികളുടെ തുടലു പൊട്ടിച്ച് ലോകത്തെ മുഴുവൻ അത് ഉലച്ചു കളയും.
അപരിഹാര്യമായി തുടരുന്ന റഷ്യ- യുക്രൈൻ പോരാട്ടം ആഗോളതലത്തിൽ വലിയ ഭക്ഷ്യ ദൗർലഭ്യവും വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് തരംഗങ്ങളിലൂടെ മനുഷ്യ കുലത്തെ മുഴുവൻ ഇരുത്തിക്കളഞ്ഞ കൊവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ലോകം പതുക്കെ എഴുന്നേറ്റ് വരുമ്പോഴാണ് ഈ അനാവശ്യ യുദ്ധമെന്നത് തീർത്തും ദൗർഭാഗ്യകരമാണ്. കഴിഞ്ഞയാഴ്ച റിസർവ്ബേങ്ക് ഗവർണർ ശക്തികാന്തദാസ് പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണ നടപടികളും ഗോതമ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ അഭൂതപൂർവമായ വിലക്കയറ്റവും ഇന്ത്യയെ ഇത് എത്രത്തോളം ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നതിന്റെ നിദർശനമാണ്.
ലോകത്തിന്റെ, വിശിഷ്യാ യൂറോപിന്റെ “ബ്രഡ് ബാസ്‌കറ്റ്’ എന്നാണ് റഷ്യയും യുക്രൈനും അറിയപ്പെടുന്നത്. ആഗോള ഉപഭോഗത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും അവയുടെ ഉത്പാദനത്തിന് അനിവാര്യമായ രാസവളങ്ങളുടെയും സിംഹഭാഗവും കയറ്റുമതി ചെയ്യുന്നത് ഈ കിഴക്കേ യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നുമാണ്. ഇവിടെയാണ് ലോകത്തിന് ആവശ്യമായ ഗോതമ്പിന്റെ നാലിലൊന്നും വിളയുന്നത്. യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻസ് ഫോറിൻ അഗ്രികൾച്ചറൽ സർവീസ് (FAS) ന്റെ കാനേഷുമാരി അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യമായ ഗോതമ്പിന്റെ ആഗോള കയറ്റുമതിയുടെ ഏകദേശം 30 ശതമാനവും റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമാണ്. യു എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) കണക്കുകൾ പ്രകാരം ആഗോള ജനസംഖ്യയുടെ 35 ശതമാനം ആളുകൾക്ക് എങ്കിലും ഗോതമ്പ് മുഖ്യ ആഹാരമാണ്. ഏകദേശം 50 രാജ്യങ്ങൾ അവരുടെ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ഗോതമ്പിനായി കൂടുതലായും റഷ്യയെയും യുക്രൈനിനെയുമാണ് ആശ്രയിക്കുന്നത്. അസർബൈജാനും ജോർജിയയും ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന്റെ 80 ശതമാനവും റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമാണെങ്കിൽ തുർക്കി, ഈജിപ്ത്, ബംഗ്ലാദേശ്, ലെബനാൻ എന്നീ രാജ്യങ്ങൾ അവരുടെ ഗോതമ്പ് ഇറക്കുമതിയുടെ 60 ശതമാനത്തിനും ഈ രണ്ട് രാജ്യങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഗോതമ്പിന് പുറമേ യുക്രൈൻ ലോകത്തെ എട്ടാമത്തെ ഏറ്റവും വലിയ ചോളം ഉത്പാദകരും നാലാമത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരുമാണ്. ചോളത്തിന്റെ ആഗോള കയറ്റുമതിയുടെ 16 ശതമാനം വരുമിത്.
ഇന്ത്യയടക്കം മിക്ക രാഷ്ട്രങ്ങളും ഉപയോഗിക്കുന്ന പ്രധാന റിഫൈൻഡ് ഓയിലുകളിലൊന്നായ സൺഫ്ലവർ ഓയിലിന്റെ ഏറ്റവും വലിയ വിതരണക്കാരും യുക്രൈനാണ്. റഷ്യയാണ് രണ്ടാം സ്ഥാനത്ത്. ആഗോള ഉപഭോഗത്തിന് ആവശ്യമായ സൺഫ്ലവർ ഓയിലിന്റെ 60 ശതമാനവും റഷ്യയും യുക്രൈനും ചേർന്നാണ് ഉത്പാദിപ്പിക്കുന്നത്.
റഷ്യൻ അധിനിവേശത്തിന് മുമ്പ് യുക്രൈനിന് മാസംതോറും ആറ് ദശലക്ഷം ടൺ ഗോതമ്പ്, ബാർലി, ചോളം എന്നിവ കയറ്റിയയക്കാനുള്ള ശേഷിയുണ്ടായിരുന്നു. യുദ്ധത്തിന് മുന്പുള്ള എട്ട് മാസങ്ങളിലായി കരിങ്കടൽ തുറമുഖം വഴി മാത്രം ഏകദേശം 50 ദശലക്ഷം ടൺ ധാന്യങ്ങൾ കയറ്റി അയച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, യുദ്ധാനന്തരം ഇരു രാഷ്ട്രങ്ങളിൽ നിന്നുമുള്ള കയറ്റുമതി ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ അഭൂതപൂർവമായ ഭക്ഷ്യ ദൗർലഭ്യവും വിലക്കയറ്റവും സാമ്പത്തിക തകർച്ചയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളെ ആശ്രയിച്ചുകഴിയുന്ന ഉപഭോക്തൃ രാഷ്ട്രങ്ങളിൽ ഇതുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ ചെറുതല്ലാത്തതാണ്.
യുക്രൈനിലെ പ്രധാനപ്പെട്ട തുറമുഖങ്ങളെല്ലാം റഷ്യൻ അധീനതയിലായതും വിവിധ രാജ്യങ്ങളും സംഘടനകളും റഷ്യക്കു മേൽ ഏർപ്പെടുത്തിയ ഉപരോധവുമാണ് ഇവിടങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് വിലങ്ങുതടിയായി നിൽക്കുന്നത്. വിവിധ രാജ്യങ്ങൾ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലമുള്ള കൊടുംകെടുതികളെ കൊണ്ട് വീർപ്പ്മുട്ടുമ്പോൾ യുക്രൈനിലും റഷ്യയിലും ടൺ കണക്കിന് ധാന്യങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്. 20 ദശലക്ഷം ടണിലധികം ധാന്യങ്ങൾ യുക്രൈനിലെ വിവിധ വയർ ഹൗസുകളിലും കണ്ടെയ്‌നറുകളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യുക്രേനിയൻ അധികൃതർ പറയുന്നത്.
യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധങ്ങളുടെ ചരിത്രം നമ്മുടെ മുന്നിൽ വരച്ചിടുന്നത് നഷ്ടങ്ങളുടെ ചിത്രങ്ങൾ മാത്രമാണ്. ഭരണകൂടങ്ങളുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി, ഭരണാധികാരികളുടെ അഹന്തയിൽ നിന്ന് ഉരുവംകൊള്ളുന്ന ഓരോ യുദ്ധങ്ങളിലും ബലിയാടാകുന്നത് നിഷ്‌കളങ്കരായ സിവിലിയന്മാരാണ്. ഭൂമിയിലെ മനുഷ്യ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കാനല്ലാതെ ഇത്തരം യുദ്ധങ്ങൾക്ക് മറ്റൊന്നിനും സാധിക്കില്ല. റഷ്യയുടെ യുക്രൈൻ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണം. അവിടെ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടിയന്തരമായി പുനരാരംഭിക്കണം. അതിനായി യു എൻ ഒ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രകടനപരതയുടെ പൊറാട്ടു നാടകങ്ങൾക്കപ്പുറം സത്വരവും അർഥപൂർണവുമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
source https://www.sirajlive.com/the-battle-of-the-bread-basket.html
إرسال تعليق