പ്രശസ്ത കവിയും ഗാനരചയിതാവുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

തൃശൂര്‍ | പ്രശസ്ത കവിയും ഗാനരചയിതാവുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍, തിരക്കഥാകൃത്ത്, മാധ്യമ പ്രവര്‍ത്തകന്‍, തായമ്പക വിദ്വാന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. നിരവധി ജനപ്രിയ ഭക്തിഗാനങ്ങളുടെ രചയിതാവാണ്. രണ്ട് തവണ കേരള കലാമണ്ഡലം വൈസ് ചെയര്‍മാനായിരുന്നു.

യൂസഫലി കേച്ചേരി സംവിധാനം ചെയ്ത മരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും പ്രവേശിച്ചു. പ്രഭാത സന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചു. സലില്‍ ചൗധരി, കെ രാഘവന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സര്‍ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവാണ്.

തുലാവര്‍ഷം എന്ന സിനിമയിലെ സ്വപ്‌നാടനം ഞാന്‍ തുടരുന്നു എന്ന ഗാനത്തിലൂടെ ഗാന രചയിതാവായി. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ, അഷ്ടമിരോഹിണി നാളില്‍ തുടങ്ങിയവ അദ്ദേഹം രചിച്ച മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. മൂവായിരത്തിലധികം ഭക്തിഗാനങ്ങളുടെ രചയിതാവാണ്. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം വിഭാഗങ്ങളിലായി 18 പുസ്തകങ്ങള്‍ രചിച്ചു.

വിവിധ വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകനായിരുന്ന കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരാണ് പിതാവ്. മാതാവ്: പാറുക്കുട്ടി വാരസ്യാര്‍. ഭാര്യ: തൃശിലശേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണിക്കൃഷ്ണന്‍. മരുമക്കള്‍: ഗീത, പരേതനായ സുരേഷ് ചെറുശേരി (മുന്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം).

 

 



source https://www.sirajlive.com/famous-poet-and-lyricist-chowalloor-krishnankutty-has-passed-away.html

Post a Comment

أحدث أقدم