ഇന്നേവരെ കേട്ട പരിസ്ഥിതി സംരക്ഷണ സംബന്ധിയായ സംസാരങ്ങളിൽ ഏറ്റവും മനോഹരമായി തോന്നിയിട്ടുള്ളത് ഭൂമി പിടിച്ചടക്കാൻ വന്ന വെള്ളക്കാരോട് സിയാറ്റിൻ മൂപ്പൻ നടത്തിയ ഹൃദയ സ്പർശിയായ പ്രഭാഷണമാണ്. 1854ലാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ പിയേഴ്‌സ്, സുക്കാമിഷ് എന്ന ആദിമ റെഡ് ഇന്ത്യൻ ഗോത്രത്തിന്റെ തലവനായിരുന്ന സിയാറ്റിൽ മൂപ്പന് ഒരു കത്തെഴുതുന്നത്. പാരമ്പര്യമായി റെഡ് ഇന്ത്യൻ ഗോത്ര സമൂഹം കൈവശം വെച്ചിരുന്ന ഭൂമി വാങ്ങാൻ താത്പര്യമുണ്ടെന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. കത്തിനൊപ്പം ഭൂമി കാണാനും ഗോത്ര നിവാസികളുമായി സംസാരിക്കാനും ഒരു ഗവർണറെ കൂടെ അയക്കുന്നുണ്ട് പ്രസിഡന്റ്. ഗവർണറുടെ സാന്നിധ്യത്തിൽ സിയാറ്റിൻ മൂപ്പൻ നടത്തിയ സംസാരമാണ് “ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ’ എന്ന പേരിൽ പിന്നീട് ഏറെ ലോകപ്രശസ്തിയാർജിച്ചത്.
ആകാശത്തെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്ങനെ? അല്ലെങ്കിൽ മണ്ണിന്റെ ചൂടിനെ? ആ ചിന്ത ഞങ്ങൾക്കപരിചിതമാണ്. അന്തരീക്ഷത്തിന്റെ നവനൈർമല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതായിരിക്കെ നിങ്ങൾക്ക് അവയെങ്ങനെ വാങ്ങാൻ കഴിയും? ശരിയായ പരിസ്ഥിതി സങ്കൽപ്പത്തിന്റെയും പ്രകൃതി സൗഹൃദ ജീവനത്തിന്റെയും മാഗ്‌നാകാർട്ടയായി കണക്കാക്കപ്പെടുന്ന ഈ വാക്കുകൾ പരിസ്ഥിതി സാക്ഷരതയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് പുതിയ തലമുറക്ക് വലിയ അവബോധം നൽകുന്നുണ്ട്.
ചുറ്റുമുള്ളവയെ അറിയുക
നാം ജീവിക്കുന്ന ചുറ്റുപാടിനെയും അതിലുള്ള സസ്യ, ജന്തു ജീവജാലങ്ങളെയും അതിലുണ്ടാകുന്ന ഋതുഭേദങ്ങളെയും ശരിയായും സൂക്ഷ്മമായും അറിയുക എന്നതാണ് പരിസ്ഥിതി സാക്ഷരതയുടെ പ്രാഥമിക തലം. സാക്ഷരത എന്നാൽ കേവലം അക്ഷരങ്ങൾ അറിയുക മാത്രമല്ലല്ലോ. നമ്മുടെ ചുറ്റുമുള്ള മരവും കുളവും പുഴയും മണ്ണും സൂക്ഷ്മ ജീവികളും പ്രകൃതിയിൽ നിർവഹിക്കുന്ന ധർമമെന്തെന്നും മനുഷ്യന്റെ സുഗമമായ ജീവിതത്തിലും നിലനിൽപ്പിലും അവയുടെ സാന്നിധ്യം എത്രത്തോളം ഗുണപ്രദമാവുന്നുവെന്നും അറിയലാണ് ഏറ്റവും അടിസ്ഥാനമായിട്ടുള്ളത്. അതറിഞ്ഞാൽ ചുറ്റുമുള്ള നാനാവിധ പ്രകൃതി വിഭവങ്ങളോടെല്ലാം വളരെ അനുകമ്പാ പൂർണമായ സമീപനം സ്വീകരിക്കാനേ മനുഷ്യന് സാധിക്കൂ. നമ്മെ പോറ്റുന്നതും നമ്മെയിവിടെ സ്വസ്ഥമായി നിലനിർത്തുന്നതും പ്രകൃതിയാണെന്നറിഞ്ഞാൽ നമുക്കതിനോട് സഹവസിക്കാനേ കഴിയൂ. പൗരാണിക ജനതകളെല്ലാം ആ സമീപനം സ്വീകരിച്ചവരായിരുന്നു. അവർ ചുറ്റുമുള്ളതിനെ നോവിക്കാതെ ആദരപൂർവം അവയെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തു. അവരുടെ ശ്രദ്ധാപൂർണമായ സമീപനമാണ് ഭൂമിയെ ഇന്ന് കാണുന്ന വിധം നമുക്ക് ലഭ്യമാക്കിയത്. ഈ ബഹുമാനം തീവ്രമായി ചില ഗോത്രങ്ങളും സമൂഹങ്ങളും പ്രകൃതിയിൽ ദൈവികത കൽപ്പിച്ച് അതിനെ ആരാധിക്കാൻ തുടങ്ങിയെന്നതും വസ്തുത.
നിസ്സാരവത്കരിച്ച് പ്രകൃതിയെ പാടെ തീറെഴുതുന്ന ആധുനിക വീക്ഷണമോ, തീവ്രത കൽപ്പിച്ച് പ്രകൃതിയിൽ ദൈവികത്വം ചുമത്തുന്ന ആദിമ സമീപനമോ ആകരുത് പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള കാഴ്ചപ്പാട്. ജീവിതാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം അതിന്റെ തുടിപ്പ് വറ്റാതെ സംരക്ഷിക്കുന്നത് കൂടിയാകേണ്ടതുണ്ട് പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനങ്ങൾ.
നമ്മൾ എങ്ങനെയാണ് പരിസ്ഥിതിയെ സമീപിക്കുന്നത് എന്നതിനനുസരിച്ചാണ് ഓരോരുത്തരും പരിസ്ഥിതി സാക്ഷരത എത്രത്തോളം ആർജിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാകുക. അതാണ് പരിസ്ഥിതി സാക്ഷരതയുടെ പ്രയോഗ തലവും. അൽപ്പം ജലം ഞാൻ അമിതമായി ഉപയോഗിച്ചാൽ അതിന്റെ പ്രത്യാഘാതം എന്താകും. ഈ തണൽ മുറിച്ചാൽ അതെത്ര ജീവികൾക്ക് ദുരിതമുണ്ടാക്കും. കൈയിലുള്ള മാലിന്യങ്ങൾ ഈ കാണുന്ന പുഴയിൽ വലിച്ചെറിഞ്ഞാൽ എന്താകും അതിന്റെ പരിണതി എന്നൊക്കെ ആലോചിക്കുന്ന ഒരാൾക്ക് ഒരിക്കലും പരിസ്ഥിതിയെ സ്ഥിര നാശത്തിലേക്ക് നയിക്കാനാകില്ല. ഈ ഭൂമിയിൽ ഓരോ ഇടപെടൽ നടത്തുമ്പോഴും ഒരാളിങ്ങനെ ചിന്തിച്ചാൽ അയാളുടെ ജീവിതം പ്രകൃതി സൗഹൃദമാകും. അപ്പോൾ അയാളുടെ ചുറ്റുമുള്ള പച്ചപ്പുകൾ കൂടുതൽ തളിർക്കും. ഉറവകൾ കൂടുതൽ തെളിമയോടെ ഒഴുകും. പരിസരം സ്വാഭാവിക ഭംഗിയിൽ മികക്കും. ഇങ്ങനെ ഓരോ മനുഷ്യനും ചിന്തിച്ചാൽ അവരുടെ ചുറ്റുപാടും നന്നാകും. മാനവരാശിക്ക് ആവശ്യമായ വിഭവങ്ങൾ വിനിയോഗിക്കുന്നതോടൊപ്പം തന്നെ അമിതമായി ചൂഷണം ചെയ്യാതെയും ഉപയോഗ ശേഷം ബാക്കിയുള്ളവ വരും തലമുറക്ക് ശേഷിപ്പിച്ചും ജീവിക്കാനായാൽ പരിസ്ഥിതി സൗഹൃദ ജീവിതം മികച്ചതായെന്ന് പറയാം. അതല്ലാതെ പ്രകൃതി വിഭവങ്ങൾ ഒട്ടും ഉപയോഗിക്കാതെ ആദിമ ജീവിതം നയിക്കലല്ല സഹജീവനം.
പരിസ്ഥിതി നിയമങ്ങളുടെ പ്രായോഗികത
പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നത് പരിസ്ഥിതിയിൽ മനുഷ്യൻ വരുത്തുന്ന താളപ്പിഴകളാണെന്ന് തിരിച്ചറിഞ്ഞത് മുതലാണ് പരിസ്ഥിതി ഒരു പഠന ശാഖയായി രൂപപ്പെടുന്നതും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മനുഷ്യൻ ചിന്തിച്ച് തുടങ്ങുന്നതും. തുടർന്ന് വിവിധ പരിസ്ഥിതി സംഘടനകളും സംവിധാനങ്ങളും രൂപപ്പെടുകയായിരുന്നു. ശാസ്ത്ര സാങ്കേതിക വളർച്ചയും അതിനെ തുടർന്നുണ്ടായ വ്യവസായ വിപ്ലവവും പരിസ്ഥിതിയെ അമിതമായി ചൂഷണം ചെയ്യുന്നതിലേക്ക് വഴി തെളിച്ചു. പ്രകൃതിയുടെ മേൽ എന്തും ചെയ്യാമെന്ന മനോഭാവം ജനങ്ങൾക്കിടയിൽ രൂപപ്പെട്ടു. പ്രധാനമായും രണ്ട് സമീപനങ്ങളാണ് ഇത്തരമൊരു മനോഭാവത്തിലെത്താൻ ആളുകളെ പ്രേരിപ്പിച്ചത്. ഒന്ന്, പ്രകൃതിയിലെ വിഭവങ്ങൾ അനന്തമാണെന്ന വിശ്വാസം. രണ്ട്, പ്രകൃതിയിലെ ഏതെങ്കിലും വിഭവങ്ങൾ തീർന്നുപോയാലും നാം ഭയപ്പെടേണ്ടതില്ലെന്നും അതിനു പകരം മറ്റൊന്ന് കണ്ടെത്താൻ ശാസ്ത്ര സാങ്കേതിക വിദ്യകൾക്ക് കഴിയുമെന്നുള്ള മറ്റൊരു സമീപനം. തീർത്തും തെറ്റായ ഈ വിശ്വാസങ്ങൾക്ക് വിപരീത ദിശയിലുള്ള ചിന്തകൾ ഉയർന്നുവരുന്നത് വിവിധയിടങ്ങളിലുണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ തുടർന്നാണ്.
1970ൽ റോമിൽ ചേർന്ന പരിസ്ഥിതി ശാസ്ത്രജ്ഞരുടെ യോഗം തയ്യാറാക്കിയ വളർച്ചയുടെ പരിമിതി(ലിമിറ്റ്‌സ് ഓഫ് ഗ്രോത്ത്) എന്ന രേഖയാണ് ഇന്നത്തെ പരിസ്ഥിതി പഠന ശാഖകളുടെ അടിക്കല്ലെന്ന് പറയാം. ഭൂമിയിൽ വെള്ളവും വായുവും വനവും ധാതുക്കളും ഒന്നും അനന്തമല്ലെന്നും നിരന്തരവും അനന്തവുമായ വളർച്ച സാധ്യമല്ലെന്നുമുള്ള ഈ രേഖയിലെ കണ്ടെത്തലാണ് ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന് അടിത്തറയായത്. അതിനെ തുടർന്നാണ് യുനൈറ്റഡ് നാഷൻസിന്റെ മേൽനോട്ടത്തിൽ വിവിധ പരിസ്ഥിതി സംഘടനകൾ പ്രവർത്തനമാരംഭിക്കുന്നതും വിവിധ രാജ്യങ്ങൾ പരിസ്ഥിതി നിയമങ്ങൾ നടപ്പാക്കി തുടങ്ങുന്നതും.
ഗവണ്മെന്റുകൾ നടപ്പാക്കിയ പല പരിസ്ഥിതി നിയമങ്ങളും പ്രകൃതിയെ നശിപ്പിക്കുന്നതിൽ നിന്ന് പൗരന്മാരെ തടഞ്ഞിട്ടുണ്ടെങ്കിലും അവയുടെ പോരായ്മയെന്തെന്നാൽ പലയിടത്തും വിട്ടുവീഴ്ചകൾ ഉണ്ടാകുന്നു എന്നതാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത്തരം നിയമ പ്രായോഗികതക്ക് തടസ്സം നിൽക്കുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ-മുതലാളിത്ത അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പറയേണ്ടിവരും. സ്വന്തക്കാർക്ക് വേണ്ടി, അവരുടെ നിർമാണങ്ങൾക്കും ഫാക്ടറികൾക്കും ഖനനങ്ങൾക്കും വേണ്ടി അധികാരികൾ കണ്ണുചിമ്മുമ്പോൾ ബാക്കിയാവുന്നത് മലിനീകരിക്കപ്പെട്ട, പിച്ചിച്ചീന്തപ്പെട്ട ഭൂമിയാണെന്ന കാര്യം മറന്നുകൂടാ. പരിസ്ഥിതിക്ക് വേണ്ടി രാജ്യത്തിന്റെ പലയിടങ്ങളിലും ജനങ്ങൾ സമരങ്ങളുമായി മുന്നോട്ട് വരേണ്ടി വന്നതും ഇത്തരം സാഹചര്യങ്ങളിലാണ് എന്നോർക്കണം.
സഹവാസത്തിന്റെ ആനന്ദം
ഒപ്പമുള്ളതിനെ നോവിക്കാതെ അത്യന്തം കരുതലോടെ കൂടെ കൂട്ടി ജീവിക്കലാണല്ലോ സഹവാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അധികാരികൾ നടപ്പാക്കുന്ന നിയമങ്ങൾ അവർ തന്നെ ഭേദിക്കുമ്പോൾ ഭൂമിയെ സംരക്ഷിക്കാൻ നാം തന്നെ മുന്നിൽ നിൽക്കണം. ഓരോരുത്തരും പരിസ്ഥിതി സൗഹൃദ ജീവിതം നയിക്കണം. ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ഇത് എത്രത്തോളം പരിസ്ഥിതി വിരുദ്ധമാണ് എന്ന ചിന്തയുണ്ടാകണം.
ആധുനിക സമൂഹവും സംവിധാനവും കൊണ്ടുവന്ന പരിസ്ഥിതി സൗഹൃദ നിയമങ്ങളെല്ലാം രൂപപ്പെടുന്നതിന് മുമ്പ് തന്നെ പരിസ്ഥിതിയുമായി സഹവസപ്പെട്ട് ജീവിക്കുന്നതിന്റെ ആനന്ദം അനുഭവിപ്പിച്ച മതമെന്ന നിലയിൽ ഇസ്്ലാം ഒരുപാട് മാതൃകകൾ നമുക്ക് മുന്നിൽ വെക്കുന്നുണ്ട്. മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും നിഖില മേഖലകളിലേക്കും ഇറങ്ങിച്ചെന്ന ഇസ്്ലാം, പരിസ്ഥിതി പരിപാലനത്തിനായി ഒരുപാട് മാർഗങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങളിൽ നിന്ന് ജനങ്ങളെ വിലക്കിയിട്ടുമുണ്ട്. ഖുർആൻ പറയുന്നത് നോക്കു. “അല്ലാഹു നിന്നോട് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. ഭൂമിയിൽ നശീകരണ പ്രവർത്തനങ്ങൾക്ക് തുനിയരുത്.
അല്ലാഹുവിന്റെ വിഭവങ്ങൾ ഭുജിക്കുകയും കുടിക്കുകയും ചെയ്തുകൊള്ളുക. പക്ഷേ, ഭൂമിയിൽ അധർമകാരികളായി വിഹരിക്കരുത്. ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനി നിങ്ങളതിൽ കുഴപ്പമുണ്ടാക്കാതിരിക്കുവിൻ’ തുടങ്ങിയ ഖുർആനിക വാക്യങ്ങൾ പരിസ്ഥിതി നശീകരണത്തെ ശക്തമായ ഭാഷയിൽ എതിർക്കുന്നു. മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും സ്വസ്ഥ ജീവിതം തടസ്സപ്പെടുത്തും വിധം ആവാസ വ്യവസ്ഥ തകർക്കരുതെന്നാണ് ഖുർആൻ പറയുന്നത്. നാഥൻ ചിട്ടപ്പെടുത്തിയ ഈ വ്യവസ്ഥയിൽ അമിതമായിടപെട്ട് അത് നശിപ്പിക്കരുതെന്നാകാം “ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനി നിങ്ങളതിൽ കുഴപ്പമുണ്ടാക്കരുത്’ എന്ന് അല്ലാഹു പറഞ്ഞതിനർഥം. ഫലം കായ്ക്കുന്ന വൃക്ഷം വെട്ടരുത് എന്നും കുടിവെള്ളം മലിനപ്പെടുത്തരുത് എന്നുമാണ് ഈ വാക്യത്തിന്റെ വിവക്ഷയെന്ന് ഇമാം ഖുർതുബി തന്റെ ജാമിഅ് അഹ്കാമുൽ ഖുർആനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നാവ് കൊണ്ടോ കൈ കൊണ്ടോ ഒരാളെയും ഉപദ്രവിക്കാത്തവനാണ് യഥാർഥ മുസ്്ലിമെന്ന് തിരുദൂതർ(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌ന് അംറിൽ നിന്ന് ഇമാം ബുഖാരി റിപോർട്ട് ചെയ്തിട്ടുണ്ട്. ഉപദ്രവം എന്നാൽ എല്ലാവിധത്തിലുള്ള ശല്യങ്ങളും പെടും. നശീകരണ പ്രവർത്തനങ്ങളുമായി പ്രകൃതിയിൽ അമിതമായി ഇടപെടുന്നത് മറ്റുള്ളവരെ ഉപദ്രവിക്കലാകുമെന്നതിനാൽ അത് ഒരു വിശ്വാസിക്ക് ചേർന്നതല്ല. പ്രകൃതിയുടെ നിലവിലുള്ള ആവാസ വ്യവസ്ഥയിലെ പോരായ്മകൾ പരിഹരിക്കാനും നമുക്ക് ലഭ്യമായതിനേക്കാൾ കൂടുതൽ മികവോടെ പരിസ്ഥിതിയെ വരും തലമുറക്ക് കൈമാറാനുമാണ് മനുഷ്യൻ ശ്രമിക്കേണ്ടത്. ഭൂമി സ്വസ്ഥമാവുമ്പോഴുണ്ടാകുന്ന സുഖം അനുഭവിച്ചിട്ടുണ്ടല്ലോ നാം. അത് ക്ഷോഭിക്കുമ്പോഴുള്ള ദുരിതം നേരിട്ടനുഭവിക്കുകയോ കണ്ടോ കേട്ടോ അറിഞ്ഞിരിക്കുകയോ ചെയ്തിട്ടുമുണ്ടാകും. അതിനാൽ തന്നെ ഭൂമിയുടെ സ്വസ്ഥാവസ്ഥയാണ് ദുരിതത്തേക്കാൾ എത്രയോ മെച്ചമെന്ന് നമുക്കറിയാം. ചൂഷണവും അനിയന്ത്രിതമായ പാരിസ്ഥിതിക ഇടപെടലും വരും തലമുറയിൽ പ്രകൃതിയിൽ ദുരിതമാണ് വിതക്കുക എന്ന് പറയേണ്ടതില്ലല്ലോ. മഞ്ഞുരുക്കവും അന്തരീക്ഷ താപവും ഉരുൾപൊട്ടലുകളും കടൽ ക്ഷോഭവുമെല്ലാം വിതച്ചത് നാം തന്നെയാണ്.
ഭൂമിയുടെ ജൈവികമായ അവസ്ഥ നിലനിർത്താൻ ഖുർആനും പ്രവാചകനും വെളിച്ചം നൽകിയ പാരിസ്ഥിതിക വഴിയിലൂടെ സഞ്ചരിച്ചാൽ മതിയാകും. ഒരു പൂച്ചയെ പട്ടിണിക്കിട്ട് കൊന്ന സ്ത്രീക്ക് അത് കാരണമായി നരകവും ദാഹിച്ച് വലഞ്ഞ നായക്ക് വെള്ളം കൊടുത്ത കാരണത്താൽ ഒരു വേശ്യക്ക് സ്വർഗവും നൽകുന്ന ഇസ്്ലാം പാരിസ്ഥിതിക നശീകരണത്തിന് നൽകുന്ന കടുത്ത ശിക്ഷയെയും പാരിസ്ഥിതിക നന്മക്ക് വാഗ്ദാനം ചെയ്യുന്ന വലിയ പ്രതിഫലത്തെയും അടയാളപ്പെടുത്തുന്നു. ജീവിക്കുന്ന പരിസരത്തോടും ചുറ്റുപാടിനോടും അതിലുള്ള സർവതിനോടും ഐക്യപ്പെട്ട്, ചൂഷണങ്ങളില്ലാതെ വിഭവങ്ങൾ വിനിയോഗിച്ച് നല്ല പ്രകൃതിയെ സൃഷ്ടിക്കാൻ മനുഷ്യനാകും. പരിസ്ഥിതി സാക്ഷരത ആർജിച്ച മനുഷ്യരായി അത്തരം ശ്രമങ്ങളുടെ മുന്നിൽ നടക്കാൻ ഒട്ടും സന്ദേഹമില്ലാതെ നമുക്ക് ഇറങ്ങിത്തിരിക്കാം.
source https://www.sirajlive.com/yes-environmental-literacy.html
Post a Comment