പ്രമാദമായ അട്ടപ്പാടി മധു കേസിന് തുമ്പില്ലാതാകുമോ? പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം, സാക്ഷികളുടെ കൂറുമാറ്റം തുടങ്ങി കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല വാർത്തകളും ആശങ്കാജനകമാണ്. കേസിൽ രണ്ട് പ്രോസിക്യൂഷൻ സാക്ഷികളാണ് അടുത്തിടെ കൂറുമാറി മജിസ്ട്രേറ്റിന് കൊടുത്ത മൊഴി മാറ്റിയത്. പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും കൂറുമാറി. പോലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയതെന്നാണ് ഇരുവരും ഇപ്പോൾ പറയുന്നത്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തുന്നുവെന്നും ചില സാക്ഷികളെ പ്രതികൾ അവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതായി കണ്ടതായും മധുവിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. അതിനിടെയാണ് സാക്ഷികളുടെ കൂറുമാറ്റം ഉണ്ടായത്.
ഫീസും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന കാരണത്താൽ രണ്ട് പ്രോസിക്യൂട്ടർമാർ നേരത്തേ കേസിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതുമൂലം കോടതി കേസ് പരിഗണനക്കെടുത്ത ചില ദിവസങ്ങളിൽ മധുവിന് വേണ്ടി നിയമജ്ഞർ ഇല്ലാതെ വരികയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്നു കോടതിക്ക് ചോദിക്കേണ്ടിവരികയും ചെയ്തു. പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം കേസ് നടപടികൾ നീളാൻ ഇടയാക്കുകയുണ്ടായി. ഹൈക്കോടതി ഇടപെട്ടാണ് പുതിയ പ്രോസിക്യൂട്ടർ നിയമനം ഉൾപ്പെടെ സർക്കാർ നടപടി വേഗത്തിലാക്കിയത്. പുതിയ പ്രോസിക്യൂട്ടർമാർ നിയമിതരായെങ്കിലും മുൻ പ്രോസിക്യൂട്ടർമാരോട് സ്വീകരിച്ച അതേ സമീപനമാണ് ഇവരോടും സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഇരയുടെ കുടുംബം, കേസ് ദുർബലപ്പെടുത്താൻ സർക്കാർ തന്നെ കൂട്ടുനിൽക്കുകയാണോ എന്ന് സംശയം പ്രകടിപ്പിക്കുകയും
ചെയ്യുന്നു.
പ്രതികളിൽ ചിലർ ഒരു രാഷ്ട്രീയകക്ഷിയുടെ സജീവ പ്രവർത്തകരാണെന്നത് ഈ സന്ദേഹത്തെ ബലപ്പെടുത്തുന്നുണ്ട്. കുറ്റവാളികൾ കക്ഷിരാഷ്ട്രീയക്കാരെങ്കിൽ അവരെ രക്ഷപ്പെടുത്താൻ അതാത് കക്ഷികൾ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തുന്നത് പതിവ് സംഭവാണ്. നീതി ന്യായ വ്യവസ്ഥയോടല്ല കക്ഷിരാഷ്ട്രീയത്തോടാണ് ഇത്തരം ഘട്ടങ്ങളിൽ പാർട്ടി നേതൃത്വങ്ങൾ പ്രതിബദ്ധത കാണിക്കാറ്.
2018 ഫെബ്രുവരി 22ന് വൈകിട്ടാണ് മുക്കാലിയിലെ ഒരു കടയിൽ നിന്ന് അരിയും മുളകും മോഷ്ടിച്ചെന്നാരോപിച്ച് വ്യാപാരികളും ടാക്‌സി ഡ്രൈവർമാരുമടങ്ങുന്ന പതിനാറംഗ സംഘം മധുവിനെ വനത്തിനുള്ളിൽ നിന്ന് പിടികൂടി മർദിച്ചത്. മധുവിന്റെ ഉടുതുണി അഴിച്ച് കൈകൾ കെട്ടി കിലോമീറ്ററോളം നടത്തി മുക്കാലിയിൽ എത്തിച്ച് പരസ്യവിചാരണ നടത്തി അതിക്രൂരമായി മർദിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം അക്രമികളുടെ കസ്റ്റഡിയിലായിരുന്നു ആ ആദിവാസി യുവാവ്.
മധുവിന്റെ കൈകൾ ബന്ധിച്ച് അയാളെ മർദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിഷ്ഠൂര മർദനത്തിൽ അവശനായ മധുവിനെ പോലീസിന് കൈമാറിയെങ്കിലും സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഛർദിക്കുകയും കൂടുതൽ അവശനാവുകയും ചെയ്തതിനെ തുടർന്ന് പോലീസ് നേരെ ആശുപത്രിയിലെത്തിച്ചെങ്കിലും താമസിയാതെ മരണപ്പെട്ടു. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരുക്കുകളാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപോർട്ട് പറയുന്നത്. കൊലപാതകം, പട്ടികജാതി- പട്ടികവർഗ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംഘ്പരിവാറിന്റെ ആൾക്കൂട്ട മർദനത്തെ അനുസ്മരിപ്പിക്കുന്ന, മനഃസാക്ഷിയെ നടുക്കുന്ന തനി കാടത്തമാണ് മധുവിന്റെ കാര്യത്തിൽ നടന്നത്. സാംസ്‌കാരിക കേരളത്തിന് ലോകത്തിന് മുമ്പിൽ തലകുനിക്കേണ്ടി വന്ന അതിക്രൂര സംഭവം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി ഈ ആൾക്കൂട്ടക്കൊലയിൽ. പഠന കാലത്ത് ഏറെ മിടുക്കനായിരുന്ന മധു, 17 വയസ്സ് മുതൽ മാനസിക അസ്വാസ്ഥ്യം ബാധിച്ച് വീടുവിട്ട് ഒറ്റപ്പെട്ടായിരുന്നു ജീവിച്ചിരുന്നത്. പൊട്ടിക്കൽ വനമേഖലയിലെ ഒരു പാറയിടുക്കിലായിരുന്നു ഈ യുവാവിന്റെ പിന്നീടുള്ള താമസം. സ്വബോധമില്ലാത്ത ഇത്തരമൊരു വ്യക്തിയെയാണ് ആൾക്കൂട്ടം തല്ലിക്കൊല്ലുകയും വീഡിയോ എടുത്തു ഷെയർ ചെയ്ത് ആഘോഷിക്കുകയും ചെയ്തത്. സംഭവം നടക്കുന്നതിന് മുമ്പ് ചില ദിവസങ്ങളിൽ പ്രദേശത്തെ കടകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ മോഷണം പോകുന്നത് പതിവായിരുന്നുവത്രെ. കടകളിലെ സി സി ടി വി ദൃശ്യത്തിൽ കണ്ട മോഷ്ടാവിന്റെ രൂപത്തോട് സാദൃശ്യമുള്ളതിനാലാണ് മധുവിനെ പിടികൂടിയതെന്നാണ് പ്രതികളുടെ ഭാഷ്യം. അത് മധു തന്നെയോ എന്നു കൃത്യമായി നിശ്ചയമില്ല. ആണെങ്കിൽ തന്നെയും വിശപ്പിന്റെ കാഠിന്യം കൊണ്ടായിരിക്കും അത് ചെയ്തിട്ടുണ്ടാവുക. മനുഷ്യത്വം മരവിച്ച മനുഷ്യക്കൂട്ടത്തിന് അത് കണ്ടറിയാനോ, ആ കണ്ണുകളിലെ ദൈന്യത മനസ്സിലാക്കാനോ സാധിച്ചില്ല.
നിയമവ്യവസ്ഥകളെയും ഭരണകൂടത്തെയും നോക്കുകുത്തിയാക്കി, കുറ്റം ചാർത്തലും വിചാരണയും ശിക്ഷ നടപ്പാക്കലും അതിവൈകാരികതക്കടിമപ്പെട്ട ഒരു കൂട്ടമാളുകൾ ചെയ്തത് സംസ്ഥാനത്തിന് വരുത്തിവെച്ച നാണക്കേടിന് പുറമെ കേസ് ദുർബലപ്പെട്ട് പ്രതികൾ രക്ഷപ്പെടുന്ന ഒരവസ്ഥ കൂടി വന്നു ചേരരുത്. സാമ്പത്തിക, രാഷ്ട്രീയ സ്വാധീനത്തിൽ കേസുകൾ അട്ടിമറിക്കപ്പെടുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നത് ജനാധിപത്യ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന് യോജിച്ചതല്ല.
സമ്പത്തും സ്വാധീനവുമാകരുത് ശരിയുടെയും തെറ്റിന്റെയും നന്മയുടെയും തിന്മയുടെയും പിന്തുണക്കലിന്റെയും വിയോജിപ്പിന്റെയും നീതിയുടെയും അനീതിയുടെയും മാനദണ്ഡം. സാധാരണക്കാരനും ആദിവാസികളെ പോലുള്ള അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും ഒരു പോലെ പ്രാപ്യമാകണം നീതി. മധു കേസ് സത്യസന്ധമായി മുന്നോട്ടു പോകാനും അട്ടിമറിക്കപ്പെടാതിരിക്കാനും ഉത്തരവാദപ്പെട്ടവരുടെ സഹകരണവും ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.
source https://www.sirajlive.com/attappadi-madhu-case-should-not-be-subverted.html
Post a Comment