അബുദബി | ട്രിപ്പ് അഡ്വൈസർ റേറ്റിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ആകർഷണങ്ങളിൽ ഒന്നായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിനെ തിരഞ്ഞെടുത്തു. അടുത്തിടെ ആരംഭിച്ച ട്രിപ്പ് അഡ്വൈസറിന്റെ മുൻനിര ആകർഷണങ്ങൾ എന്ന ഉപവിഭാഗത്തിൽ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് മേഖലയിൽ ഒന്നാമതും ആഗോളതലത്തിൽ നാലാമതും എത്തി. യാത്രക്കാരുടെ അവലോകനങ്ങളും അനുഭവങ്ങളും, ടൂറുകൾ, പ്രവർത്തനങ്ങൾ, ആകർഷണങ്ങൾ എന്നിവയ്‌ക്കായുള്ള റേറ്റിംഗുകളുടെയും ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. മികച്ച സാംസ്കാരിക ചരിത്രപര്യടനങ്ങൾ എന്ന ഉപവിഭാഗത്തിൽ ആഗോളതലത്തിൽ ശൈഖ് സായിദ് മസ്ജിദ് ഒമ്പതാം സ്ഥാനം നേടി.
ശൈഖ് സായിദ് മസ്ജിദിനെ ട്രിപ്പ് അഡ്വൈസർ ആഗോളതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉൾപ്പെടുത്തി. ലോക സംസ്‌കാരങ്ങൾക്കിടയിൽ യു എ ഇയുടെ സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും അനുകമ്പയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിലും ഇസ്‌ലാമിക നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഇസ്‌ലാമിക വാസ്തുവിദ്യയുടെ ശ്രദ്ധേയമായ മാതൃകയായതിനാൽ ശൈഖ് സായിദ് മസ്ജിദ് മതപരമായ പദവിയെ മറികടക്കുന്നു. ഓരോ വർഷവും, വിവിധ മതങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമുള്ള ഏകദേശം 70 ലക്ഷം സന്ദർശകരും ആരാധനക്കാരും ശൈഖ് സായിദ് പള്ളിയിൽ എത്തുന്നു.
ഇസ്‌ലാമിക സംസ്‌കാരവും വിജ്ഞാനവുമായി ബന്ധപ്പെട്ട വ്യതിരിക്തമായ പരിപാടികൾ, പ്രവർത്തനങ്ങൾ, സംരംഭങ്ങൾ, അനുഭവങ്ങൾ എന്നിവയുടെ ശ്രേണി ശൈഖ് സായിദ് മസ്ജിദ് പ്രദാനം ചെയ്യുന്നു. കൂടാതെ ഉദാത്തമായ മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിൽ യു എ ഇയുടെ പങ്കിനെ സഹായിക്കുന്നു. ശൈഖ് സായിദ് മസ്ജിദ് വിസിറ്റർ സെന്റർ ദിവസം മുഴുവൻ അതിന്റെ എക്സിബിഷൻ ഹാളുകൾ, തിയേറ്റർ, ലൈബ്രറി, സൂഖ് അൽജാമി (മാർക്കറ്റ്) എന്നിവ ആസ്വദിക്കാൻ സഞ്ചാരികളെ പ്രാപ്തരാക്കുന്നു.
source https://www.sirajlive.com/sheikh-zayed-grand-mosque-is-the-best-tourist-attraction-in-the-world.html
Post a Comment