പ്രവാചകന നിന്ദ: അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു; ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ചവിട്ടിമെതിക്കപ്പെട്ടെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി | ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. അറബ് രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ പാക്കിസ്ഥാനും ഇന്ത്യയെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് വന്നു. വിവാദ പ്രസ്താവനയെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ട്വീറ്റ് ചെയ്തു. മോദിയുടെ കീഴില്‍ ഇന്ത്യ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുന്നുവെന്നും മുസ്ലിംകളെ പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകര്‍ മുഹമ്മദ് നബി (സ)യോടുള്ള നമ്മുടെ സ്‌നേഹം പരമോന്നതമാണെന്നും ലോകരാജ്യങ്ങള്‍ വിഷയത്തില്‍ ഇന്ത്യയെ ശക്തമായി ശാസിക്കണമെന്നും ഷെഹബാസ് ശരീഫ് വ്യക്തമാക്കി.

കുവൈത്ത്, ഇറാന്‍, ഖത്തര്‍ തുടങ്ങിയ അറബ് രാജ്യങ്ങളും പ്രസ്താവനക്ക് എതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഖത്തറും കുവൈത്തും ഇറാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. അതേസമയം, വിവാദ പരാമര്‍ശം നടത്തിയവര്‍ക്ക് എതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ടെന്നും അത് സര്‍ക്കാറിന്റെ അഭിപ്രായമല്ലെന്നും സ്ഥാനപതിമാര്‍ വ്യക്തമാക്കി.

വിവാദ പ്രസ്താവനക്ക് പിന്നാലെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മയാണ് പ്രവാചക നിന്ദ നടത്തിയത്. ഇതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ചയുണ്ടായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. 20 പോലീസുകാര്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നുപൂര്‍ ശര്‍മയെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് മറ്റൊരു വക്താവ് നവീന്‍കുമാര്‍ ജിന്‍ഡാലും രംഗത്ത് വന്നിരുന്നു. സംഭവത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്ത് വന്നതോടെ ഇരുവരെയും ബിജെപി പുറത്താക്കിയെങ്കിലും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.

 



source https://www.sirajlive.com/prophecy-blasphemy-international-protests-intensify-pakistan-says-religious-freedom-has-been-trampled-on-in-india.html

Post a Comment

Previous Post Next Post