നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിക്ക് ഇ ഡി വീണ്ടും നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 23 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ജൂണ്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും തനിക്ക് ഹാജരാകാനാകില്ലെന്നും അവര്‍ മറുപടി നല്‍കി. ഇതോടെയാണ് ഇ ഡി പുതിയ നോട്ടീസ് നല്‍കിയത്.

കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തെന്നാണ് കേസ്. 2012ല്‍ സുബ്രഹ്‌മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ ജെ എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്‌മണ്യം സ്വാമി ആരോപിച്ചിരുന്നത്.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയില്‍ പറയുന്നു. കേസില്‍ 2015ല്‍ പട്യാല കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുപ്പ് നടക്കുന്ന ജൂണ്‍ 13ന് രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് നീക്കം.

 



source https://www.sirajlive.com/national-herald-case-ed-sends-another-notice-to-sonia-gandhi.html

Post a Comment

أحدث أقدم