സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം പിന്നോട്ടടിക്കുകയാണ്. തമിഴ്‌നാടിനും ഗുജറാത്തിനും മഹാരാഷ്ട്രക്കും ഹിമാചല്‍ പ്രദേശിനും പശ്ചിമ ബംഗാളിനും മധ്യപ്രദേശിനും പിറകെ ഏഴാം സ്ഥാനത്താണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ)യുടെ 2021-22ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികാ പട്ടികയില്‍ കേരളം. പട്ടികയില്‍ 82 പോയിന്റോടെ തമിഴ്‌നാട് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 57 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. 2019-20 വര്‍ഷത്തില്‍ 75 പോയിന്റിലേറെ നേടി ഒന്നാം സ്ഥാനത്തും 2020-21 വര്‍ഷത്തില്‍ രണ്ടാം സ്ഥാനത്തുമായിരുന്നു കേരളം. മികച്ച ഭരണനിര്‍വഹണം, സുസ്ഥിര വികസനം, ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിലെല്ലാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചു നില്‍ക്കുകയും സൂചികാ പട്ടികകളില്‍ പ്രഥമ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്ന കേരളം എന്തുകൊണ്ടാണ് ഭക്ഷ്യസുരക്ഷാ സൂചികയില്‍ പിന്തള്ളപ്പെടുന്നതെന്ന് സമഗ്ര പഠനം നടത്തി പരിഹാരം കാണേണ്ടതുണ്ട്.
ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ് ഭക്ഷ്യസുരക്ഷ. ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരവര്‍ക്കാവശ്യമായ അളവില്‍ സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ആഹാരം ലഭ്യമാകുകയും എല്ലാവര്‍ക്കും അത് നേടാനാവശ്യമായ സാഹചര്യം ഉണ്ടാകുകയും ചെയ്യുകയെന്നതാണ് ഭക്ഷ്യസുരക്ഷ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. “സക്രിയവും ആരോഗ്യപരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സുരക്ഷിതവും പോഷകാഹാരപ്രദവുമായ ഭക്ഷണം, ആവശ്യമായത്ര ആവശ്യമായ സമയത്ത്, ജനങ്ങളുടെ ആഹാര രീതിക്കും ഭക്ഷണ ശീലങ്ങള്‍ക്കും ഇണങ്ങുംവിധം ലഭ്യമാക്കുന്ന ഭൗതികവും സാമ്പത്തികവുമായ സൗകര്യങ്ങളുടെ ലഭ്യത’യെന്നാണ് 1996ല്‍ 186 രാജ്യങ്ങള്‍ പങ്കെടുത്ത ലോക ഭക്ഷ്യസുരക്ഷാ ഉന്നതതല യോഗം ഭക്ഷ്യസുരക്ഷക്ക് നല്‍കിയ നിര്‍വചനം.
ഏത് നിര്‍വചന പ്രകാരവും ഒരു കുടുംബത്തിനും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത സ്ഥിതിയാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. വ്യക്തികളുടെ സാമ്പത്തിക പരാധീനത അവരുടെ ഭക്ഷ്യലഭ്യതക്ക് പ്രയാസം സൃഷ്ടിക്കരുത്. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷണം ലഭ്യമാകണം. ഇതടിസ്ഥാനത്തിലാണ് 2013ല്‍ യു പി എ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കിയത്. രാജ്യത്തെ ജനസംഖ്യയില്‍ 70 ശതമാനത്തിന് ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ പെടുത്തി കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. എന്നാല്‍ മുന്‍ഗണനാ ഗണത്തില്‍ ഉള്‍പ്പെടുന്നതിന് നിശ്ചയിച്ച ചില മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടിയായി. സംസ്ഥാനത്ത് അര്‍ഹതപ്പെട്ട പലര്‍ക്കും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള റേഷന്‍ നിഷേധിക്കപ്പെട്ടു. വീടിന്റെ വലിപ്പം 1,000 സ്‌ക്വയര്‍ ഫീറ്റുള്ളവരും ഒരു കാര്‍ (പഴയതായാലും) ഉള്ളവരും നിയമ പ്രകാരം മുന്‍ഗണനാ പട്ടികക്ക് പുറത്താണ്. ഇതുകാരണം സൗജന്യ നിരക്കിലുള്ള ഭക്ഷ്യധാന്യത്തിന് അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്ക് അത് ലഭിക്കാത്ത സ്ഥിതി വന്നു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു നല്‍കിവന്നിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിഹിതത്തില്‍ ഇടക്കാലത്ത് ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതും സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ബാധിച്ചു.
മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തായ 24,97,520 കുടുംബങ്ങളെ ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര വിഹിതത്തെയോ ഇതര സംസ്ഥാനങ്ങളെയോ ആശ്രയിച്ച് മാത്രമാകരുത് നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത്. സംസ്ഥാനം ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. കേരളം ഇന്ന് നേരിടുന്ന ഭക്ഷ്യ പ്രതിസന്ധി അത്ര പെട്ടെന്നുണ്ടായതല്ല. ഭൂവിനിയോഗത്തിലും ഉത്പാദനത്തിലും വന്ന താളപ്പിഴ കൂടിയാണ് നമ്മുടെ ഭക്ഷ്യധാന്യ കമ്മിക്കു കാരണം. വ്യവസായവത്കരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇതില്‍ നല്ല പങ്കുണ്ട്. കൃഷിക്കുപയോഗിച്ചിരുന്ന ഭൂമിയില്‍ നല്ലൊരു പങ്ക് വ്യവാസായ ശാലകളും വീടുകളും കൈയടക്കി. എങ്കിലും തരിശുഭൂമികള്‍ ഇപ്പോഴുമുണ്ട് സംസ്ഥാനത്ത് ധാരാളം. അവ ഉപയോഗപ്പെടുത്തിയും നിലവിലെ കാര്‍ഷിക വിളകളില്‍ ഉത്പാദനം വര്‍ധിപ്പിച്ചും, കേന്ദ്രത്തെയും ഇതര സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് ഗണ്യമായി കുറക്കാനുള്ള നടപടികളും പദ്ധതികളും നടപ്പാക്കേണ്ടതുണ്ട്.
ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതോടൊപ്പം അവ തികച്ചും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും വേണം. അരിക്കെന്ന പോലെ പച്ചക്കറികള്‍ക്കും കേരളീയര്‍ ആശ്രയിക്കുന്നത് തമിഴ്‌നാട് പോലുള്ള അയല്‍ സംസ്ഥാനങ്ങളെയാണ്. അതേസമയം സമീപ കാലത്ത് നടന്ന പല പഠനങ്ങളും കാണിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ വളരെ കൂടുതല്‍ കീടനാശിനി അവശിഷ്ടമുണ്ടെന്നാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതിന്റെ പരിണതി. കേരളീയര്‍ക്കാവശ്യമായ ഭക്ഷണം, ചുരുങ്ങിയത് പച്ചക്കറിയെങ്കിലും ജൈവകൃഷി രീതിയിലൂടെ ഇവിടെ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇതിനു പരിഹാരം. ആവശ്യത്തിന് മഴയും സൂര്യപ്രകാശവും ജൈവ വൈവിധ്യവുമുള്ള കേരളത്തില്‍ ഇതത്ര പ്രയാസമുള്ള കാര്യമല്ല. അഞ്ച് സെന്റില്‍ നിന്ന് നാല് പേരടങ്ങുന്ന കുടുംബത്തിനാവശ്യമായ പച്ചക്കറി വര്‍ഷം മുഴുവന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് സംസ്ഥാനത്തെ ചില കര്‍ഷകര്‍ അടുത്തിടെ തെളിയിച്ചതാണ്. ഉത്പന്നത്തിന്റെ ഗുണത്തിലൂടെ മാര്‍ക്കറ്റ് പിടിച്ചടക്കുന്ന പഴയകാല രീതിയില്‍ നിന്ന് മാറി, ഉത്പാദന വര്‍ധനവിനും ഉത്പന്നങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനും എന്ത് അധാര്‍മിക മാര്‍ഗങ്ങളും സ്വീകരിക്കുന്ന സ്ഥിതി വിശേഷമാണ് വിപണനം ലക്ഷ്യമാക്കിയുള്ള കാര്‍ഷികോത്പാദന മേഖലയില്‍ കണ്ടുവരുന്നത്. ജൈവകൃഷി വ്യാപകമാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വവും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, മികവുറ്റ ഭക്ഷ്യ പരിശോധനാ ലബോറട്ടറികള്‍ സ്ഥാപിക്കുക, മൊബൈല്‍ ഫുഡ് ടെസ്റ്റ് ലാബുകള്‍ എല്ലായിടത്തും പ്രവര്‍ത്തനമാരംഭിക്കുക തുടങ്ങിയ നടപടികളും ആവശ്യമാണ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുകയും വേണം.
source https://www.sirajlive.com/food-security-and-kerala.html
Post a Comment