എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഓര്‍മപ്പെടുത്തിയത്‌

കഴിഞ്ഞ ചില ദിവസങ്ങളായി ബി ജെ പി നേതാവിന്റെ പ്രവാചകവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സാധാരണ ഗതിയില്‍ ഇസ്ലാമിനും പ്രവാചകനുമെതിരായ പരാമര്‍ശങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയോ തമസ്‌കരിക്കുകയോ ആണ് ദേശീയ മാധ്യമങ്ങള്‍ ചെയ്യാറുള്ളത്. നൂപുര്‍ ശര്‍മയുടെ പ്രവാചകവിരുദ്ധ പരാമര്‍ശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കോളിളക്കം സൃഷ്ടിച്ചതു കൊണ്ട് ദേശീയ മാധ്യമങ്ങള്‍ക്കത് കണ്ടില്ലെന്നു നടിക്കാനാകില്ലല്ലോ. എന്നാല്‍ വിഷയം വസ്തുതാപരമായും സത്യസന്ധമായും കൈകാര്യം ചെയ്യുന്നതിനു പകരം മുസ്ലിംകള്‍ക്ക് വിനാശകരമായ നിലപാടാണ് ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. രാജ്യത്തെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് ദേശീയ മാധ്യമങ്ങളുടെ ഈ തെറ്റായ നിലപാട് ചൂണ്ടിക്കാട്ടിയതും അതിനെതിരെ രൂക്ഷമായി പ്രതികരിച്ചതും.

നൂപുര്‍ ശര്‍മയുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ഇരുപക്ഷങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചില ദേശീയ വാര്‍ത്താ ചാനലുകള്‍ ബോധപൂര്‍വം ദുര്‍ബല സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം വര്‍ധിപ്പിക്കാന്‍ പോന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചുവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് സീമ മുസ്തഫ, ജനറല്‍ സെക്രട്ടറി സഞ്ജയ് കപുര്‍, ട്രഷറര്‍ ആനന്ദ് നാഥ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. സാമുദായിക അന്തരീക്ഷം കലങ്ങിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ എങ്ങനെ പെരുമാറണമെന്ന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. അതവഗണിച്ച് പ്രേക്ഷകരുടെ എണ്ണവും അതുവഴി ലാഭവും വര്‍ധിപ്പിക്കാനുള്ള വ്യഗ്രതയിലാണ് ചില ചാനലുകള്‍ പ്രവര്‍ത്തിച്ചത്. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം സമുദായങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കാനും മറ്റും ഇടവരുത്തി. വിഭാഗീയവും വിഷലിപ്തവുമായ അഭിപ്രായങ്ങളില്‍ ന്യായീകരണം കണ്ടെത്താന്‍ ഈ ചാനലുകള്‍ നടത്തിയ ശ്രമം വിമര്‍ശനാത്മകമായി പരിശോധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ മാധ്യമലോകം ജാഗ്രത കാണിക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഉണര്‍ത്തുകയുണ്ടായി.

എന്നാല്‍ കാണ്‍പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകളിലും വിശകലനങ്ങളിലും മാത്രമല്ല, ബി ജെ പി നേതാവിന്റെ പ്രവാചകവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട പല മാധ്യമങ്ങളുടെയും ചര്‍ച്ചകളിലും ഉടനീളം മുഴച്ചു നില്‍ക്കുന്നുണ്ട് ഇസ്ലാമിക വിരുദ്ധത. ചില ചാനലുകള്‍ ചര്‍ച്ചകളില്‍ ഇസ്ലാമികവിരുദ്ധ പക്ഷത്തിന് അവരുടെ വാദങ്ങള്‍ വിശദമായി അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമ്പോള്‍, അനുകൂല പക്ഷത്തിനു വളരെ കുറഞ്ഞ സമയമാണ് അനുവദിക്കുന്നത്. ഗ്യാന്‍വ്യാപി മസ്ജിദിന്റെ വുളുഖാനയില്‍ നിന്ന് കണ്ടെടുത്ത ശിവലിംഗത്തെക്കുറിച്ച് മസ്ജിദ് കമ്മിറ്റി നടത്തിയ പ്രസ്താവനയുമായി തട്ടിച്ചു നോക്കുമ്പോള്‍, നൂപുര്‍ ശര്‍മയുടെ പ്രവാചകവിരുദ്ധ പരാമര്‍ശം അത്ര വലിയ ആക്ഷേപാര്‍ഹമായി കാണേണ്ടതില്ലെന്ന മട്ടിലായിരുന്നു ഒരു ചാനല്‍ അവതാരകന്റെ പ്രതികരണം. യഥാര്‍ഥത്തില്‍ വുളുഖാനയില്‍ നിന്ന് കണ്ടെടത്ത വസ്തു അതിന്റെ സ്വഭാവം വെച്ചു നോക്കുമ്പോള്‍ ശിവലിംഗമാകാന്‍ സാധ്യതയില്ല, ജലധാരയാകാനാണ് സാധ്യതയെന്നാണ് അന്‍ജുമാന്‍ ഇന്‍സാനിയ മസ്ജിദ് കമ്മിറ്റി പറഞ്ഞത്. അതില്‍ ശിവലിംഗത്തെയോ ഹൈന്ദവ വിശ്വാസങ്ങളെയോ നിന്ദിക്കുന്ന ഒരു പരാമര്‍ശം പോലും ഇല്ലെന്നിരിക്കെ എങ്ങനെയാണ് ബി ജെ പി നേതാവിന്റെ പ്രവാചകവിരുദ്ധ പരാമര്‍ശവുമായി അതിനെ സാമ്യപ്പെടുത്തുക?

കാലങ്ങളായി രാജ്യത്തെ ദേശീയ മാധ്യമങ്ങള്‍ തുടര്‍ന്നു വരുന്ന മതന്യൂനപക്ഷ, ഇസ്ലാമിക വിരുദ്ധ സമീപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചര്‍ച്ചകളിലും റിപോര്‍ട്ടുകളിലും കണ്ടു വരുന്നത്. മുസ്ലിംകളെ അപരവത്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും കിട്ടുന്ന അവസരങ്ങള്‍ ഒന്നും അവര്‍ പാഴാക്കാറില്ല. ക്യാമ്പസുകളില്‍ പതിവായി നടക്കുന്ന പ്രണയമാണല്ലോ ചില പത്രങ്ങള്‍ ലവ് ജിഹാദായി മാസങ്ങളോളം കൊണ്ടാടിയതും അതുവഴി മുസ്ലിം സമുദായത്തെ വേട്ടയാടിയതും. കൊറോണ വൈറസ് ബാധക്ക് ഉത്തരവാദികള്‍ മുസ്ലിംകളാണെന്ന് നിരന്തരം കുപ്രചാരണത്തിലേര്‍പ്പെട്ടിരുന്നതും ചില മാധ്യമങ്ങളായിരുന്നു. മലപ്പുറം ജില്ല രൂപവത്കൃതമായാല്‍ താനൂര്‍ കടപ്പുറത്ത് പാക്കിസ്ഥാന്‍ പട്ടാളം വരുമെന്നും മലപ്പുറം കുട്ടിപ്പാക്കിസ്ഥാന്‍ ആകുമെന്നും പ്രചരിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അക്രമ സംഭവങ്ങളും നിയമലംഘനങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങളും അഫ്ഗാനില്‍ നിന്നും താലിബാനില്‍ നിന്നുമാണെങ്കില്‍ തീവ്രവാദവും ഭീകരതയുമൊക്കെയായി പെരുപ്പിച്ചു കാട്ടുന്ന ദേശീയ മാധ്യമങ്ങള്‍, അതേ ചെയ്തികള്‍ ഹിന്ദുത്വരില്‍ നിന്നാകുമ്പോള്‍ ‘ആള്‍ക്കൂട്ട ആക്രമണം’ മാത്രമായി ലഘൂകരിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമേ പ്രസവിക്കാന്‍ കഴിയൂ എന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ ‘സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ’ എന്ന് തലതിരിച്ച് റിപോര്‍ട്ട് ചെയ്തത് മലയാളത്തിലെ ഒരു ചാനല്‍ ആയിരുന്നു. രാജ്യത്തെ സമാധാനപാലനത്തിനും നിയമവാഴ്ചക്കും ശക്തി പകരേണ്ട മാധ്യങ്ങള്‍ സമുദായങ്ങളെ തമ്മില്‍ അകറ്റുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്യുന്നത് എന്ത് മാത്രം പാതകമാണ്.

തങ്ങളുടെ വളര്‍ച്ചക്കും പ്രേക്ഷകരുടെയും വായനക്കാരുടെയും എണ്ണം കൂട്ടുന്നതിനും വേണ്ടി പൊതുസമൂഹത്തില്‍ രൂപംകൊള്ളുന്ന ഇസ്ലാമിക വിരുദ്ധതക്കൊപ്പം നില്‍ക്കുന്ന സ്ഥിതിയാണ് മാധ്യമ ലോകത്ത് പൊതുവെ കണ്ടുവരുന്നത്. മാധ്യമ ഉടമകള്‍ മുതല്‍ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തില്‍ വരെയും മാധ്യമ ഉള്ളടക്കത്തിലെ പ്രാതിനിധ്യം മുതല്‍ മാധ്യമ രൂപങ്ങളുടെ ഘടനയില്‍ വരെയും പ്രകടമാണ് ഈ ഇസ്ലാമിക വിരുദ്ധത. സമൂഹത്തെ വഴിതെറ്റിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തെ ക്രിമിനല്‍ കുറ്റമായാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ന്യൂക്ലിയര്‍ ബോംബിനേക്കാള്‍ ശക്തിയുള്ള ആയുധമാണ് ഒരര്‍ഥത്തില്‍ മാധ്യമങ്ങള്‍. ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത്രയും വിനാശം വിതക്കാനാവുന്ന മറ്റൊരായുധമില്ല.

 



source https://www.sirajlive.com/reminded-by-the-editors-guild-of-india.html

Post a Comment

أحدث أقدم