ഭൂരിപക്ഷം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണറോട് ബി ജെ പി

മുംബൈ | ഉദ്ധവ് താക്കറെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായെന്നും സഭയില്‍ അവിശ്വാസം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ടു. ഡല്‍ഹിയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഫഡ്‌നാവിസ് രാജ്ഭവനിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഗവര്‍ണറെ കാണാനെത്തുകയായിരുന്നു.

കോണ്‍ഗ്രസും എന്‍ സി പിയും സഖ്യകക്ഷികളായ സര്‍ക്കാറിനെ പിന്തുണക്കുന്നില്ലെന്ന് 39 ശിവസേനാ എം എല്‍ എമാര്‍ നിരന്തരം പറയുന്നുണ്ടെന്നും അവര്‍ സര്‍ക്കാറിനൊപ്പമില്ല എന്നതാണ് ഇത് അര്‍ഥമാക്കുന്നതെന്നും കൂടിക്കാഴ്ചക്ക് ശേഷം ഫഡ്‌നാവിസ് പറഞ്ഞു. ഇക്കാര്യം ഗവര്‍ണറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെടാനും ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ഗിരീഷ് മഹാജനും ഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു. ഈയാഴ്ച തന്നെ വിശ്വാസം തെളിയിക്കാന്‍ സര്‍ക്കാറിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 17 വിമത എം എല്‍ എമാരുടെ അയോഗ്യത സംബന്ധിച്ച കേസില്‍ തീര്‍പ്പാകുന്നത് വരെ അവിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് സുപ്രീം കോടതിയോട് താക്കറെ വിഭാഗം അഭ്യര്‍ഥിച്ചിട്ടുണ്ട്. വിമതരോട് മുംബൈയിലെത്താന്‍ ഇന്നും ഉദ്ധവ് അഭ്യര്‍ഥിച്ചിരുന്നു. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് 40ഓളം എം എല്‍ എമാര്‍ വിമതസ്വരമുയര്‍ത്തി അസമില്‍ കഴിയുന്നത്.



source https://www.sirajlive.com/uddhav-thackeray-who-lost-his-majority-has-asked-the-bjp-governor-to-show-faith-in-the-assembly.html

Post a Comment

Previous Post Next Post