ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഇന്ത്യ പിന്നെയും പിറകിലേക്ക്. 180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഏറ്റവും പുതിയ സൂചികയില്‍ ഏറ്റവും ഒടുവിലായി 180ാം സ്ഥാനത്താണ് ഇന്ത്യ. 2020ല്‍ 168ാം സ്ഥാനത്തും 2021ല്‍ 177ാം സ്ഥാനത്തുമായിരുന്നു. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും പാക്കിസ്ഥാനും ബംഗ്ലാദേശും ഇന്ത്യക്ക് മുകളിലാണ്. ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസ വ്യവസ്ഥയുടെ ചൈതന്യം, ആരോഗ്യം എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കി വായു മലിനീകരണം, ജല മലിനീകരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍മുടക്ക് എന്നിവ കൂടി പരിഗണിച്ചു തയ്യാറാക്കുന്ന പട്ടികയില്‍ ശ്രീലങ്ക 34.7 പോയിന്റും പാക്കിസ്ഥാന്‍ 24.6 പോയിന്റും ബംഗ്ലാദേശ് 23.1 പോയിന്റും നേടിയപ്പോള്‍ ഇന്ത്യക്ക് 18.9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. രാജ്യത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില അഭൂതപൂര്‍വമായ വര്‍ധന മേല്‍ കണക്കുകളെ ശരിവെക്കുന്നുണ്ട്. 2021 ഡിസംബറില്‍ വനം-പരിസ്ഥിതി മന്ത്രി അശ്വിനി കുമാര്‍ ചൗബെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പരിസ്ഥിതി കുറ്റകൃത്യങ്ങളില്‍ 2019നേക്കാള്‍ അമ്പത് ശതമാനം വര്‍ധനയാണ് 2020ലുണ്ടായതെന്ന് കാണിക്കുന്നു. 2019ല്‍ 34,676 കേസുകള്‍ റിപോര്‍ട്ട് ചെയ്തിടത്ത് 2020ല്‍ 61,767 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
മനുഷ്യ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം, ജല മലിനീകരണം, വന നശീകരണം തുടങ്ങി മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരികയാണ് പ്രതിദിനമെന്നോണം. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വിഷമയമായ പുക, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷന്‍ എന്നിവയില്‍ നിന്ന് പുറന്തള്ളുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍, ആവശ്യം കഴിഞ്ഞ് ജലാശയങ്ങളിലും മണ്ണിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, രാസവള പ്രയോഗത്തിലൂടെയും കീടനാശിനി പ്രയോഗത്തിലൂടെയും മണ്ണിലും വായുവിലും ചേരുന്ന വിശാംഷങ്ങള്‍ തുടങ്ങിയവയെല്ലാം പരിസ്ഥിതിക്ക് കനത്ത ഭീഷണിയാണ്. കൃഷിയെ സംരക്ഷിക്കാന്‍ കീടനാശിനി പ്രയോഗം നടത്തുമ്പോള്‍,പ്രകൃതിയുടെസ്വമേധയാ ഉള്ള പ്രതികരണശക്തിയും സൂക്ഷ്മവും ചാക്രിക സ്വഭാവവുമുള്ള പ്രവര്‍ത്തനങ്ങളും നശിക്കാന്‍ ഇടയാക്കുന്നു.
വന്യജീവി സംരക്ഷണ നിയമം (1972), ജല മലിനീകരണ നിരോധന നിയന്ത്രണ നിയമം (1974), വനസംരക്ഷണ നിയമം (1980), വായു മലിനീകരണ നിരോധന നിയന്ത്രണ നിയമം (1981), പരിസ്ഥിതി സംരക്ഷണ നിയമം (1986) തുടങ്ങി പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗീകരിച്ചിട്ടുണ്ട്. ജുഡീഷ്യറിയും പരിസ്ഥിതി സംരക്ഷണത്തിന് അതീവ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോഴൊക്കെ ജീവിതത്തിനുള്ള അവകാശവുമായി ബന്ധപ്പെടുത്തിയാണ് അക്കാര്യം സുപ്രീം കോടതി പരിഗണിച്ചത്. എന്നിട്ടും പരിസ്ഥിതി സംരക്ഷണത്തില്‍- പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ രാജ്യം ഏറ്റവും പിറകിലാകുന്നത് എന്തുകൊണ്ടാണ്. രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യ ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനസംഖ്യാ വര്‍ധനക്കനുസൃതമായി മനുഷ്യന്റെ ആവശ്യങ്ങളും വര്‍ധിക്കും. ഈ ആവശ്യങ്ങള്‍ ഓരോ രാജ്യത്തിനും അവരുടെ സവിശേഷമായ രാഷ്ട്രീയ, സാമൂഹിക പരിതസ്ഥിതി പ്രത്യേകതകള്‍ക്കനുസരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഡെന്‍മാര്‍ക്ക്, യു കെ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയെ അപേക്ഷിച്ച് ജനസംഖ്യ കുറവാണ്. അതിനനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങളും പ്രകൃതിയിന്മേലുള്ള കൈകടത്തലുകളും കുറയും. ഈയൊരു സാഹചര്യത്തില്‍ 135 കോടിയിലേറെ ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യയുടെയും ജനസംഖ്യ ഒരു കോടിയില്‍ താഴെയുള്ള ഡെന്മാര്‍ക്ക് പോലുള്ള രാജ്യങ്ങളുടെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ ഒരേ അളവുകോല്‍ ഉപയോഗിച്ച് വിലയിരുത്തുന്നത് ശരിയാണോ, ഓരോ രാജ്യത്തെയും ജനസംഖ്യ കൂടി കണക്കിലെടുത്തു വേണ്ടേ പരിസ്ഥിതി പ്രവൃത്തി സൂചിക കണക്കാക്കേണ്ടതെന്ന ചോദ്യം പ്രസക്തമാണ്.
പരിസ്ഥിതിയെ ദുഷിപ്പിക്കുകയോ മലിനപ്പെടുത്തുകയോ ചെയ്യാതെ സംരക്ഷിക്കുകയെന്നത് ഭരണകൂടങ്ങള്‍ വിചാരിച്ചതു കൊണ്ട് മാത്രം നടപ്പാക്കാനാകില്ലെന്നും ജനങ്ങളുടെ കൂടി ആത്മാര്‍ഥ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നുമാണ് മറ്റൊരു പ്രശ്‌നം. പ്രകൃതിയുടെ ആരോഗ്യവും സമൃദ്ധിയും ജൈവ വൈവിധ്യവുമെല്ലാം മനുഷ്യന്റെ ആരോഗ്യത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്നുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാകണം. ശുദ്ധമായ ജലവും വായുവും ഓരോ വ്യക്തിയുടെയും അവകാശമാണെങ്കില്‍ അവയെ സംരക്ഷിക്കേണ്ടതും അവര്‍ തന്നെയാണ്. പ്രകൃതി സംരക്ഷണത്തിലും ആരോഗ്യ പരിപാലനത്തിലും വ്യക്തിശുചിത്വത്തിലും ഓരോ വ്യക്തിയും എല്ലായ്‌പ്പോഴും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അവന്‍ ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ നിര്‍വഹിക്കുകയും വേണം. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴോ മഹാമാരികള്‍ ഉടലെടുക്കുമ്പോഴോ മാത്രമാകരുത് ഇക്കാര്യത്തില്‍ ശ്രദ്ധയും ജാഗ്രതയും. പരിസ്ഥിതി സൗഹാര്‍ദപരമായ ജീവിതം നയിക്കാന്‍ ഓരോ വ്യക്തിയും സ്വയം മുന്നോട്ടു വരണം. അതൊരു ശീലമായി മാറണം. പാഠ്യപദ്ധതിയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനം ഉള്‍പ്പെടുത്തുന്നത് ഇക്കാര്യത്തില്‍ ഗുണകരമായ പ്രതിഫലനമുണ്ടാക്കും. വികസന പ്രക്രിയ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതായി പറയപ്പെടാറുണ്ട്. എന്നാല്‍ വികസനവും പദ്ധതി പ്രവര്‍ത്തനങ്ങളും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുത്. എന്നാല്‍ പരിസ്ഥിതിയെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം അത് നിര്‍വഹിക്കേണ്ടത്. പരിസ്ഥിതി സൗഹൃദപരമായ വികസനമായിരിക്കണം ആസൂത്രണം ചെയ്യേണ്ടത്.
source https://www.sirajlive.com/india-39-s-place-in-the-environmental-index.html
Post a Comment