രാജ്യം നിന്നുകത്തുകയാണ്. റെയില്‍വേ സ്റ്റേഷനുകളും പോലീസ് സ്റ്റേഷനുകളും പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. ഹിന്ദി ഹൃദയഭൂമിയാകെ സംഘര്‍ഷഭരിതമാണ്. റോഡുകളും റെയില്‍വേ ട്രാക്കുകളും ടയറുകള്‍ വെച്ച് കത്തിക്കുന്നു. അപ്പോഴും പ്രക്ഷോഭകര്‍ക്കെതിരെ ഗോലിമാരോ വിളികളില്ല, സമരം കഴിഞ്ഞ് തിരിച്ചുപോകുന്നതിന്റെ പിറ്റേദിവസം വീടുകളിലേക്ക് ബുള്‍ഡോസര്‍ വരുമെന്ന് ബുള്‍ഡോസര്‍ ബാബമാര്‍ ആക്രോശിക്കുന്നില്ല. സമരക്കാരെ വേഷം കണ്ടാലറിയാമെന്ന് പ്രധാനമന്ത്രി പറയുന്നില്ല. മോദി അധികാരത്തിലെത്തി എട്ട് വര്‍ഷം പിന്നിടുന്നതിനിടെ ഒരുപാട് സമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍, ഇതുപോലൊരു മൗനം ബി ജെ പി ഒരു സമരങ്ങള്‍ക്ക് നേരേയും സ്വീകരിച്ചിട്ടില്ല. കര്‍ഷക പ്രക്ഷോഭത്തിന് മുന്നിലാണ് മോദി സമ്പൂര്‍ണ രീതിയില്‍ മുട്ടുമടക്കിയത്. എന്നാല്‍ കര്‍ഷക സമരങ്ങള്‍ക്കെതിരെയും പ്രക്ഷോഭകര്‍ക്കെതിരെയും ആവശ്യത്തിലധികം തെറിവിളികളും കൊലവിളികളും വന്നിരുന്നു. സമരകേന്ദ്രം പഞ്ചാബായതിനാല്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ ഖാലിസ്ഥാനി തീവ്രവാദികളെന്നായിരുന്നു ആരോപണം. പിന്നീട് ഇത് അര്‍ബന്‍ നക്‌സലുകളായി പരിണമിച്ചു. ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് രാജ്യമാകെ പടര്‍ന്ന പൗരത്വ പ്രക്ഷോഭത്തിന് നേരേ വെടിവെക്കൂവെന്ന് കേന്ദ്ര മന്ത്രിമാര്‍ തന്നെ ആക്രോശിച്ചിരുന്നു. ഏറ്റവും ഒടുവില്‍, പ്രവാചകവിരുദ്ധ പരാമര്‍ശം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുസ്‌ലിം യുവത്വം നടത്തിയ പ്രക്ഷോഭങ്ങളെ ബി ജെ പി ഭരണകൂടങ്ങള്‍ കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് ഓര്‍മയുണ്ടായിരിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ സായുധസേനാ ഉദ്യോഗമോഹികള്‍ രാജ്യത്താകെ നടത്തുന്ന കലാപം. പ്രതിഷേധക്കാര്‍ക്കെതിരെ സംഘ്പരിവാര്‍ ഒച്ചവെക്കുന്നില്ല. അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള സമരം എങ്ങനെയാണ് തങ്ങളെ ബാധിക്കാന്‍ പോകുന്നതെന്ന് ബി ജെ പി നേതാക്കള്‍ക്ക് ഇപ്പോഴേ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാണ്. അതിന് പല കാരണങ്ങളുണ്ട്.
യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും സേന യുവത്വവത്കരിക്കാനുമെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അഗ്നിപഥ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ച്, നാല് വര്‍ഷക്കാലയളവിലേക്ക് മാത്രമായി സൈനിക സേവനത്തിന് ചേരാനുള്ള പദ്ധതിയാണ് അഗ്നിപഥ്. ചുരുക്കിപ്പറഞ്ഞാല്‍ സൈന്യത്തിലെ കരാര്‍ തൊഴിലാളികള്‍. അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ അഗ്നിവീരന്‍മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും 17.5 മുതല്‍ 21 വരെ വയസ്സ് പ്രായമുള്ളവര്‍ക്കാണ് അഗ്നിപഥില്‍ ചേരാനുള്ള യോഗ്യതയുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സായുധ സേനയില്‍ ചേരുന്നതിന് നിശ്ചയിച്ചിട്ടുള്ള, അതത് വിഭാഗങ്ങള്‍ക്കും തൊഴിലുകള്‍ക്കും ബാധകമായ, മെഡിക്കല്‍-വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥകള്‍ അഗ്നിവീരന്മാര്‍ക്കും ബാധകമായിരിക്കും. ഈ വര്‍ഷം 45,000 പേരെ നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുമെന്നുമായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിരുന്നത്. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ തൊട്ടുപിറ്റേന്നു തന്നെ ബിഹാറില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധം പ്രക്ഷോഭമായും കലാപമായും പരിണമിച്ചു. ബിഹാറില്‍ നിന്ന് യു പി, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ജമ്മു, തെലങ്കാന, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. പല സംസ്ഥാനങ്ങളിലും പ്രക്ഷോഭം തീക്കളിയായി മാറി. ഹിന്ദി ഹൃദയഭൂമിയിലാണ് പ്രധാനമായും പ്രക്ഷോഭം അരങ്ങേറുന്നത്.
പ്രതിഷേധങ്ങള്‍ പ്രധാനമായും ഉയര്‍ന്ന ബിഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇതാണ് കേന്ദ്ര സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം മോദിയെ അധികാരത്തിലേറ്റാന്‍ പ്രധാനമായും സഹായിച്ച സംസ്ഥാനങ്ങള്‍ കൂടിയാണിവ. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ പ്രതിഷേധങ്ങളെ കരുതലോടെ കൈകാര്യം ചെയ്യാനാണ് ബി ജെ പി തീരുമാനം. പ്രതിഷേധങ്ങള്‍ അക്രമാസക്തമായിട്ടും പ്രക്ഷോഭകരെ തള്ളിപ്പറയാനോ ശക്തമായ നടപടികളിലേക്ക് കടക്കാനോ തയ്യാറാകാത്തതിന് പിന്നിലെ കാരണവുമിതാണ്. ഒരു ബി ജെ പി നേതാവും ഈ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വിവാദപരമായ ഒരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. പ്രക്ഷോഭകര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്. വിഷയത്തില്‍ നടത്തുന്ന അവിവേക പ്രസ്താവനകള്‍ അപകടമാണെന്ന് ബി ജെ പി തിരിച്ചറിയുന്നു. തങ്ങള്‍ ഇത്രകാലം രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്ന “രാജ്യസുരക്ഷ’ എന്ന അണുവായുധം തങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുന്ന സാഹചര്യമുണ്ടാക്കുമെന്ന തിരിച്ചറിവ് ബി ജെ പി നേതാക്കള്‍ക്കുണ്ട്. രാജ്യ സുരക്ഷയെയും സൈന്യത്തെയും തൊട്ടുകളിച്ചാല്‍ ഒരു കഷ്ണം പോലും ശേഷിക്കാത്ത വിധം തുടച്ചുനീക്കപ്പെടുമെന്ന് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കളിക്കുന്നവര്‍ക്കറിയാം. ഇതിന് പുറമെ ബി ജെ പി നേതാക്കള്‍ക്കെതിരേയും അവരുടെ വീടിന് നേരേയും വാഹനങ്ങള്‍ക്ക് നേരേയും നടക്കുന്ന ആക്രമണങ്ങള്‍, കേന്ദ്രത്തെയും മോദിയെയും മുന്നോട്ടും പിന്നോട്ടും നോക്കാതെ ന്യായീകരിക്കുന്ന നേതാക്കളെ പോലും ഈ വിഷയത്തില്‍ മൗനികളാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
പദ്ധതിക്കെതിരെ ഇത്തരത്തിലൊരു പ്രതിഷേധമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. സൈനിക ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവരും മുന്‍ സൈനിക ഉദ്യോഗസ്ഥരും വിവിധ കാരണങ്ങളാല്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി മോദി സര്‍ക്കാര്‍ സായുധ സേനയെ ഉപയോഗിക്കുന്നുവെന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്. ഇത് സൈന്യത്തിന്റെ കാര്യശേഷിയെ ബാധിക്കുമെന്ന് അവര്‍ കരുതുന്നു. കൂടാതെ നാല് വര്‍ഷത്തിന് ശേഷം സൈനിക പരിശീലനം കഴിഞ്ഞിറങ്ങുന്ന ചെറുപ്പക്കാര്‍ ത്രീവഗ്രൂപ്പുകളുടെ വലയില്‍ വീണേക്കുമെന്ന ആശങ്കയും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെക്കുന്നു. അതേസമയം, സായുധ സേനയില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴില്‍ ഈ പദ്ധതി നഷ്ടപ്പെടുത്തുമെന്നാണ് തൊഴില്‍ രഹിതരായ യുവാക്കളുടെ ആശങ്ക. അഗ്നിപഥ് തൊഴില്‍ സൃഷ്ടിക്കുകയല്ല പകരം തങ്ങളുടെ സ്വപ്ന കരിയറായ സൈനിക ഉദ്യോഗത്തിലേക്കുള്ള അവസരങ്ങള്‍ നശിപ്പിക്കുന്നുവെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം യുവാക്കളും പറയുന്നത്. വര്‍ഷങ്ങളായി സൈനിക ഉദ്യോഗത്തിന് വേണ്ടിയുള്ള പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവരാണ് ഇവര്‍. രണ്ട് വര്‍ഷമായി തടഞ്ഞുവെച്ച, സൈനിക റിക്രൂട്ട്മെന്റ് റാലികള്‍ക്കായി കാത്തിരിക്കുന്നവരാണ് പലരും. അതിനിടയിലേക്കാണ് നാല് വര്‍ഷത്തെ സേവനത്തിനായുള്ള അഗ്നിപഥ് പ്രഖ്യാപിക്കുന്നത്. പതിനേഴര വയസ്സ് മുതല്‍ 21 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമേ അവസരമുള്ളൂവെന്നതും യുവാക്കളെ ചൊടിപ്പിക്കുന്നുണ്ട്. പെന്‍ഷന്‍ അടക്കമുള്ള അനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും യുവാക്കളുടെ പ്രതിഷേധത്തിന് കാരണമായി. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് യുവാക്കളുടെ പ്രക്ഷോഭത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്ന സാമൂഹിക നിരീക്ഷകരുമുണ്ട്.
നാല് ദിവസത്തെ സമരം കൊണ്ട് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമുണ്ടായിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. റെയില്‍വേക്ക് 700 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ബിഹാറില്‍ മാത്രം 200 കോടി വരും റെയില്‍വേയുടെ നഷ്ടം. കുറഞ്ഞത് 12 ട്രെയിനുകളെങ്കിലും അഗ്നിക്കിരയായി എന്നാണ് റെയില്‍വേ പറയുന്നത്. ബിഹാറില്‍ പകല്‍ സമയത്തെ റെയില്‍വേ സേവനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുയര്‍ന്ന പ്രതിഷേധത്തിന് കൃത്യമായ നേതൃത്വമോ സംഘടനയോ ഇല്ലാത്തത് കേന്ദ്ര സര്‍ക്കാറിനെ വെട്ടിലാക്കുന്നുണ്ട്. പ്രക്ഷോഭം നടത്തുന്നത് ആള്‍ക്കൂട്ടമായതിനാല്‍ പ്രതിഷേധിക്കുന്നവരുമായി വിഷയം നേരിട്ട് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് വഴിയില്ല. സൈനിക മോഹവുമായി നടക്കുന്ന യുവാക്കളാണ് പ്രതിഷേധത്തിലെ ബഹുഭൂരിപക്ഷവും. ഇവര്‍ക്ക് കൃത്യമായ സംഘടനകളോ അസ്സോസിയേഷനുകളോ ഇല്ല എന്നതാണ് സര്‍ക്കാറിനെ കുടുക്കിലാക്കിയിരിക്കുന്നത്. നേരത്തേ കര്‍ഷക സമരം ഉള്‍പ്പെടെയുള്ളവക്ക് നേതൃത്വം നല്‍കിയിരുന്നത് കര്‍ഷക സംഘടനകളായിരുന്നു. സമരം ഏകോപിപ്പിക്കുന്നതിന് സംയുക്ത കിസാന്‍ മോര്‍ച്ച രൂപവത്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു സംവിധാനം പുതിയ സമരത്തിന് നിലവിലില്ല. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളും യുവജന വിദ്യാര്‍ഥി സംഘടനകളും സമരം ഏറ്റെടുക്കുന്നതോടെ സമരത്തിന് കേന്ദ്രീകൃത രൂപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളില്‍ അഗ്നിവീരന്‍മാര്‍ക്ക് സംവരണവും ആനുകൂല്യവും ഇളവുകളും പ്രഖ്യാപിച്ചിട്ടും സമരം തുടരുന്നത് കേന്ദ്രത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ സമരം ഡല്‍ഹിയിലെത്തുമോയെന്ന ഭയവും കേന്ദ്രത്തിനുണ്ട്. എങ്കിലും ഈ സമരത്തെ തള്ളിപ്പറയാന്‍ ബി ജെ പിയും കേന്ദ്രവും തയ്യാറാകില്ല. ഏതൊരു വിഷയത്തിലും ബി ജെ പി എടുത്തുപയോഗിക്കുന്ന രാജ്യസുരക്ഷയെന്നത് ബൂമറാംഗ് പോലെ തങ്ങള്‍ക്കു നേരേ തിരിച്ചുവരുമെന്ന ഭയവും മോദിയെ അധികാരത്തിലേറ്റിയ ഹിന്ദി ഹൃദയഭൂമിയില്‍ സമരം കൊടുമ്പിരിക്കൊള്ളുന്നതുമാണ് ബി ജെ പി സമരത്തെ തള്ളിപ്പറയാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍.
source https://www.sirajlive.com/bjp-in-silence-bulldozers-stopped-roaring.html
Post a Comment