തൃക്കാക്കരയൊരു താക്കീതാണ്‌

ഒരു വര്‍ഷം മുമ്പ് വര്‍ധിച്ച ഭൂരിപക്ഷത്തോടെ നേടിയ തുടര്‍ ഭരണത്തിന്റെ തിളക്കം മങ്ങും മുമ്പ് ശുഷ്‌കമായ പ്രതിപക്ഷനിരയില്‍ മതി തങ്ങളുടെ ജനപ്രതിനിധിയെന്ന് തൃക്കാക്കരയിലെ ജനം തീരുമാനിക്കുമ്പോള്‍ അതില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനും മുന്നണിയുടെ നേതൃത്വത്തിലുള്ള സി പി എമ്മിനും വ്യക്തമായ സന്ദേശമുണ്ട്. ഭരണത്തിന്റെ ഒന്നാം വട്ടത്തില്‍ തങ്ങള്‍ക്കുണ്ടായ പ്രതീക്ഷ രണ്ടാമൂഴത്തിലില്ലെന്ന സന്ദേശം. ഒപ്പം കോണ്‍ഗ്രസ്സും അവരുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയും കേരള രാഷ്ട്രീയത്തില്‍ പ്രസക്തമായ ശക്തിയായി തുടരണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും കേരളത്തോട് പറയുകയാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ തോല്‍വിക്ക് മുന്നില്‍ തളരാതെ സംഘടനയെ നിലനിര്‍ത്താന്‍ യത്‌നിച്ച കെ സുധാകരനും വി ഡി സതീശനുമൊക്കെ ആത്മവിശ്വാസമേറ്റുന്നുമുണ്ട് ഈ ഫലം. അപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ അംഗങ്ങളും ദിവസങ്ങള്‍ തമ്പടിച്ച് നടത്തിയ പ്രചാരണത്തിനൊടുവിലുണ്ടായ കനത്ത പരാജയം പതിവ് സംഘടനാ പരിശോധനകള്‍ക്കപ്പുറമുള്ള വിലയിരുത്തലുകള്‍ക്ക് സി പി എമ്മിനെയും ഇടത് മുന്നണിയെയും പ്രേരിപ്പിക്കേണ്ടതാണ്. മുന്നോട്ടുവെക്കുന്ന വികസന പദ്ധതികള്‍, സംസ്ഥാനത്തിന് ആവശ്യമാണെങ്കിലും അത് ജനങ്ങളെ വിശ്വാസത്തിലെടുത്താണോ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന വലിയ ചോദ്യം അവര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നുണ്ട് ഈ ഫലം.

അങ്ങനെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കാത്തതുകൊണ്ടും ജനങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതുകൊണ്ടുമാണ് ഇത്രയും വലിയ വികാരം ഉമാ തോമസ് എന്ന സ്ഥാനാര്‍ഥിയോടും കോണ്‍ഗ്രസ്സ് മുന്നണിയോടും വോട്ടര്‍മാര്‍ക്കിടയിലുണ്ടായിരുന്നുവെന്ന് ഫലം വരും വരെ അവര്‍ക്ക് അറിയാതെ പോയത്. തിരഞ്ഞെടുപ്പിലെ തോല്‍വിയേക്കാളധികം ജനവികാരം മനസ്സിലാക്കും വിധത്തില്‍ അവര്‍ക്കിടയില്‍ തങ്ങളുണ്ടായിരുന്നില്ല എന്ന തിരിച്ചറിവാണ് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്ക് സി പി എമ്മിനെ ഉലയ്‌ക്കേണ്ടത്. കോണ്‍ഗ്രസ്സില്‍ നിന്ന് ചേരിമാറിയെത്തിയവരെ സ്വീകരിച്ചിരുത്തി, അതുവഴി ലഭിക്കാനിടയുള്ള സമുദായ വോട്ടുകളില്‍ കെട്ടുന്ന മനക്കോട്ട തകര്‍ക്കാന്‍ ഇത്രയും കാലം ഇടതുപക്ഷത്തിനൊപ്പം നിന്നവര്‍ തന്നെ മുന്‍കൈ എടുക്കുമെന്ന് കൂടിയാണ് ഉമാ തോമസിന്റെ വലിയ ഭൂരിപക്ഷം നല്‍കുന്ന സൂചന. രാഷ്ട്രീയപ്പോരെന്ന് പ്രഖ്യാപിക്കുകയും വികസനത്തിനുള്ള ജനപിന്തുണ തേടുകയും ചെയ്യുമ്പോള്‍ തന്നെ പാര്‍ശ്വത്തില്‍ സമുദായഘടകം കൂടി നോക്കി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയും അത് പ്രകടമാക്കും വിധത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുകയും ചെയ്ത തന്ത്രത്തിന് കൂടിയുള്ള തിരിച്ചടിയായി ജനവിധിയെ കാണേണ്ടിവരും.

തൃക്കാക്കര നിയോജക മണ്ഡലം നിലവില്‍ വന്നതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതാണ് ചരിത്രം. കോണ്‍ഗ്രസ്സിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനം അതില്‍ നിന്ന് തന്നെ വ്യക്തമാണ്. 2016ലും 2021ലും പി ടി തോമസ് ജയിച്ചപ്പോള്‍ ഭൂരിപക്ഷത്തില്‍ ചെറിയ ഇടിവുണ്ടായതിന് കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന എതിര്‍പ്പ് കാരണമായിരുന്നു. എം എല്‍ എ എന്ന നിലക്ക് മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പി ടി തോമസിന്റെ ദൗര്‍ഭാഗ്യകരമായ വിയോഗം, ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ വികാരം മുതലെടുക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ്സിന് സാധിച്ചു. പ്രത്യക്ഷത്തിലുണ്ടായിരുന്നില്ലെങ്കിലും ചെറുപ്പം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്ന, പി ടി തോമസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഉമക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടായിരുന്നു. വലിയ തര്‍ക്കങ്ങള്‍ക്ക് തലവെക്കാതെ, പി ടി തോമസിന്റെ ഓര്‍മകള്‍ നിലനിര്‍ത്തി, അദ്ദേഹത്തിന്റെ തുടര്‍ച്ചയായി തന്നെ കണക്കാക്കണമെന്ന തോന്നല്‍ വോട്ടര്‍മാരില്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടായതുമില്ല. അതിന് തടയിടാന്‍ പാകത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളൊന്നും തൃക്കാക്കരയിലുണ്ടായിരുന്നില്ല.

പ്രതികൂല സാഹചര്യങ്ങളുണ്ടാകുമ്പോഴും കോണ്‍ഗ്രസ്സിന് പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡ് നല്‍കുന്ന മണ്ഡലമാണ് തൃക്കാക്കര. അത് മറികടക്കുക അത്ര എളുപ്പമുള്ളതല്ലെന്ന് 2021ലെ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചതുമാണ്. എന്നിട്ടും തൃക്കാക്കര പിടിച്ചെടുക്കാന്‍ സകല സന്നാഹവുമായി ഇറങ്ങിത്തിരിച്ച സി പി എം തന്നെയാണ് ഈ ഉപതിരഞ്ഞെടുപ്പിന് പതിവില്‍ കവിഞ്ഞ പ്രാധാന്യമുണ്ടാക്കിയത്. ഭരണത്തുടര്‍ച്ചയുടെ തുടര്‍ച്ച തൃക്കാക്കരയിലുമുണ്ടാക്കാമെന്ന അതിരു കവിഞ്ഞ ആത്മവിശ്വാസമായിരുന്നു ആ ഇറങ്ങിത്തിരിക്കലിന് പിന്നില്‍. ഭരണവിരുദ്ധ വികാരത്തേക്കാള്‍ മുകളില്‍ ഭരണാനുകൂല വികാരമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തോന്നല്‍ ആ അമിത ആത്മവിശ്വാസത്തിന് കാരണമായിട്ടുണ്ടാകാം. അതങ്ങനെയല്ലെന്ന തിരിച്ചറിവ് തൃക്കാക്കര നല്‍കുമെങ്കില്‍ അത് സി പി എമ്മിനും ഇടതു മുന്നണിക്കും ഭാവിയില്‍ ഗുണകരമായേക്കും.

വിഭാഗീയത സൃഷ്ടിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങളെ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ശങ്കയേതും കൂടാതെ തള്ളിക്കളഞ്ഞുവെന്നതാണ് ഒരുപക്ഷേ, ഈ ഫലത്തിലെ ഏറ്റവും വലിയ സംഗതി. യു ഡി എഫോ എല്‍ ഡി എഫോ പ്രത്യക്ഷമായി അത്തരം ശ്രമങ്ങളിലേക്ക് കടന്നില്ലെങ്കിലും അവര്‍ക്ക് വേണ്ടിയെന്നോണം വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങളുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയായിരുന്നു ഇതില്‍ ഭൂരിപക്ഷവും. പി ടി തോമസ് ക്രൈസ്തവ മൂല്യങ്ങളില്‍ നിന്ന് അകന്നു നടന്നയാളായിരുന്നു, ഉമാ തോമസ് ഹൈന്ദവ വിശ്വാസപ്രകാരമാണ് പി ടി തോമസിനെ സ്മരിക്കുന്നത് എന്ന് തുടങ്ങിയുള്ള പ്രചാരണങ്ങള്‍ കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു. അതിനെ പിന്തുണക്കാന്‍ “ക്രിസംഘി’ പദമുള്ള വ്യക്തികളും സംഘങ്ങളും സജീവമായി രംഗത്തുവരികയും ചെയ്തു. ക്രിസ്തീയ വിഭാഗക്കാരുടെ വോട്ടില്‍ വിള്ളലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതൊക്കെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞു.

ഇടത് സ്ഥാനാര്‍ഥി സഭയുടെ നോമിനിയാണെന്ന പ്രചാരണം തുടക്കത്തില്‍ പരോക്ഷമായി ഏറ്റെടുത്ത യു ഡി എഫ് നേതൃത്വം പിന്നീട് അതില്‍ നിന്ന് പിന്‍മാറിയെങ്കിലും അതിന്റെ അനുരണനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിലനിര്‍ത്താന്‍ മടിക്കാത്തവരുണ്ടായിരുന്നു. ഹിന്ദു – മുസ്‌ലിം വോട്ടുകളുടെ ധ്രുവീകരണമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. അത് വിലക്കെടുക്കാന്‍ ജനം തയ്യാറായില്ലെന്നതിന് ഉമക്ക് ലഭിച്ച വലിയ ഭൂരിപക്ഷവും ഇടത് മുന്നണി അവരുടെ അടിസ്ഥാന വോട്ട് നിലനിര്‍ത്തിയതും തെളിവാണ്. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്ന പ്രചാരണവുമായി ഒരു വിഭാഗം ആദ്യം രംഗത്തുവന്നു, പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതോടെ ക്രൈസ്തവ വിഭാഗങ്ങളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന വ്യാജ വാദവുമായി സംഘ്പരിവാരവുമെത്തി. ജോര്‍ജിന്റെ വര്‍ഗീയവിഷം വമിപ്പിക്കുന്ന വാക്കുകളെ വസ്തുതയാക്കി അവതരിപ്പിച്ച് ക്രിസ്ത്യന്‍ – ഹിന്ദു വിഭാഗങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതിനെ പിന്തുണക്കാനും “ക്രിസംഘി’ വിഭാഗക്കാരുണ്ടായിരുന്നു. ആ ദുര്‍നീക്കത്തെ കൃത്യമായി തിരിച്ചറിഞ്ഞു തൃക്കാക്കരയിലെ വോട്ടര്‍മാര്‍. കാല്‍ലക്ഷത്തിലധികം ഭൂരിപക്ഷത്തില്‍ ഉമാ തോമസ് നേടിയ ജയത്തേക്കാള്‍ വിഭാഗീയ നീക്കങ്ങള്‍ക്കേറ്റ വലിയ തോല്‍വിയാണ് കൂടുതല്‍ തിളങ്ങി നില്‍ക്കുന്നത്. അതും കേരളത്തിനാകെ തൃക്കാക്കരക്കാര്‍ നല്‍കുന്ന സന്ദേശമാണ്.
ഉമാ തോമസും ജോ ജോസഫും കൃത്യമായ രാഷ്ട്രീയമുള്ള മതനിരപേക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്ന വ്യക്തികളാണെന്ന് നിസ്സംശയം പറയാനാകും. അവരെ സമുദായത്തിന്റെ കള്ളികളിലേക്ക് നീക്കിനിര്‍ത്താന്‍ ശ്രമിച്ചത് ഇടത് – ഐക്യ മുന്നണികളോ അവരുമായി നാഭീനാള ബന്ധമുള്ള സൈബര്‍ ഗ്രൂപ്പുകളോ ഒക്കെയാണ്. വ്യക്തിഹത്യ നടത്താന്‍ വരെ അക്കൂട്ടര്‍ മടിച്ചുമില്ല. ഹിന്ദുത്വ രാഷ്ട്രീയം രാജ്യം വളഞ്ഞുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കേവലമൊരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തിരിച്ചറിയാന്‍ ബാധ്യതപ്പെട്ടവര്‍, ഒരുപക്ഷേ തിരിച്ചറിയുന്നവര്‍, സങ്കുചിത രാഷ്ട്രീയത്തിലേക്ക് ചുരുങ്ങിപ്പോകുമ്പോഴാണ് ഇവ്വിധം സംഭവിക്കുന്നത്. പക്ഷേ, വ്യക്തികളെന്ന നിലക്ക് ഉമയും ജോയും അവരുടെ സാമൂഹികാന്തസ്സ് ഉയര്‍ത്തി നിര്‍ത്തിയാണ് പ്രചാരണ രംഗത്തുണ്ടായത്, ഒരാള്‍ വിജയിച്ചും ഒരാള്‍ പരാജയപ്പെട്ടും പിന്‍വാങ്ങുന്നത്. അവര്‍ കാണിച്ച സാമൂഹികാന്തസ്സിനൊപ്പം നിന്നു തൃക്കാക്കരയിലെ വോട്ടര്‍മാര്‍. അതൊരു താക്കീതു കൂടിയാണെന്ന് രണ്ട് പക്ഷവും പ്രത്യേകിച്ച് സി പി എമ്മും മനസ്സിലാക്കേണ്ടതുണ്ട്.



source https://www.sirajlive.com/thrikkakkara-is-a-warning.html

Post a Comment

أحدث أقدم