കാലാവസ്ഥാ നിരീക്ഷണം; വരുന്നു, പൊതു വിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍

തിരുവനന്തപുരം | സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ ദിവസത്തെയും അന്തരീക്ഷ സ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകള്‍ തയാറാക്കുന്നതിനും ഇതുവഴി സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി കാലാവസ്ഥാന നിരീക്ഷണ കേന്ദ്രങ്ങളുടെ നിര്‍മാണം പ്രഖ്യാപിച്ചത്. നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ‘ജ്യോഗ്രഫി’ മുഖ്യവിഷയമായിട്ടുള്ള 240 കേന്ദ്രങ്ങളിലാണ് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

മഴയുടെ തോത് അളക്കുന്നതിനുള്ള ‘മഴമാപിനി’, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെര്‍മോമീറ്ററുകള്‍, അന്തരീക്ഷ ആര്‍ദ്രത അളക്കുന്നതിനുള്ള ‘വെറ്റ് ആര്‍ ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍ , കാറ്റിന്റെ ദിശ അറിയുന്നതിനുള്ള ‘വിന്‍ഡ് വെയ്ന്‍’ കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന ‘കപ്പ് കൗണ്ടര്‍ അനിമോമീറ്റര്‍’ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ തന്നെയാണ് ‘സ്‌കൂള്‍ വെതര്‍ സ്റ്റേഷനുകളിലും’ഉപയോഗിക്കുക.

വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുവാനും വെതര്‍ സ്റ്റേഷനുകള്‍ സഹായിക്കും. വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ വിദ്യാര്‍ഥികളില്‍ ഗവേഷണ പരിശീലനത്തിനും കാര്‍ഷിക- വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉതകുന്നതാണ്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ സാഹചര്യവും കാലാവസ്ഥാ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഇത്തരം സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയും.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കോഴിക്കോട് ആസ്ഥാനമായ സി ഡബ്ല്യു ആര്‍ ഡി എം, കേരള ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും വെതര്‍ സ്റ്റേഷനുകള്‍ക്ക് ലഭിക്കുന്നുണ്ട്. സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 11 ന് കൊല്ലം കടയ്ക്കല്‍, വയല വാസുദേവന്‍ പിള്ള മെമ്മോറിയല്‍ ഗവ. എച്ച് എസ് എസ് ല്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

 



source https://www.sirajlive.com/weather-monitoring-coming-up-weather-stations-in-public-schools.html

Post a Comment

Previous Post Next Post