എസ് എസ് എല്‍ സി പരീക്ഷാ ഫലം പുറത്തു വന്നതോടെ പരീക്ഷയിലെ ഫോക്കസ് ഏരിയാ നിര്‍ണയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ നേരിയ കുറവും മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുമുണ്ട് ഇത്തവണ. വിജയ ശതമാനം 99.26 ആണ്. കഴിഞ്ഞ വര്‍ഷം 99.47 ശതമാനമായിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ എ പ്ലസ് നേടിയ സ്ഥാനത്ത് ഈ വര്‍ഷം എ പ്ലസുകാരുടെ എണ്ണം 44,363 ആയി കുത്തനെ ഇടിഞ്ഞു. ഫോക്കസ് ഏരിയക്ക് പുറത്തു നിന്ന് ചോദ്യങ്ങള്‍ വന്നതാണ് ഇടിവിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊവിഡ് വ്യാപനം മൂലം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനാകാതെ വരികയും പഠനം ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പരിമിതപ്പെടുകയും ചെയ്തതു കാരണം എസ് എസ് എല്‍ സി പരീക്ഷയില്‍ പാഠപുസ്തകങ്ങളിലെ ഒരു ഭാഗം ഫോക്കസ് ഏരിയ (പരീക്ഷയില്‍ ഊന്നല്‍ നല്‍കുന്ന മേഖല) ആയി നിര്‍ണയിച്ച് അതില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍ തയ്യാറാക്കിയിരുന്നത്. 40 ശതമാനം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോക്കസ് ഏരിയയില്‍ നിന്നാണ് 2020-21 വര്‍ഷത്തില്‍ മുഴുവന്‍ ചോദ്യങ്ങളും വന്നത്. മാത്രമല്ല, തിരഞ്ഞെടുത്ത് എഴുതാന്‍ (ചോയ്‌സ്) ചോദ്യപേപ്പറില്‍ ഇരട്ടി ചോദ്യങ്ങളും നല്‍കി. ഇതനുസരിച്ച് ഫോക്കസ് ഏരിയ നന്നായി പഠിച്ചാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം നേടാമായിരുന്നു. ഇതാണ് മുന്‍ വര്‍ഷം ഫുള്‍ എ പ്ലസുകാരുടെ എണ്ണം വന്‍തോതില്‍ ഉയരാനിടയാക്കിയത്. ഇത് കടുത്ത വിമര്‍ശത്തിനിടയാക്കുകയുമുണ്ടായി. ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യയനം സാധാരണ നിലയിലായതിനെത്തുടര്‍ന്ന്, ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങള്‍ 70 ശതമാനമായി കുറച്ചു. ഫോക്കസ് ഏരിയ നന്നായി പഠിച്ചാലും 70 ശതമാനം മാര്‍ക്കേ നേടാനാകൂ. ഇതോടെ എ, (80 ശതമാനം മാര്‍ക്ക്) എ പ്ലസ് (90 ശതമാനം) ഗ്രേഡുകള്‍ വാങ്ങണമെങ്കില്‍ മുഴുവന്‍ പാഠഭാഗങ്ങളും പഠിക്കേണ്ട അവസ്ഥ വന്നു. കലാ-കായിക- ശാസ്ത്ര മേളകളിലെ പ്രകടനം, എന്‍ സി സി, എസ് പി സി (സ്റ്റുഡന്റ്‌സ് പോലീസ്) എന്നിവയിലെ പങ്കാളിത്തം ആധാരമാക്കി അനുവദിക്കുന്ന ഗ്രേസ് മാര്‍ക്കും ഇത്തവണ നല്‍കിയിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വര്‍ഷം മുഴുവന്‍ എ പ്ലസ് നേടിയവര്‍ കഴിഞ്ഞ വര്‍ഷക്കാരേക്കാള്‍ കൂടുതല്‍ അംഗീകാരവും അഭിനന്ദനവും അര്‍ഹിക്കുന്നുണ്ട്. അധ്വാനിച്ചു പഠിച്ചാണ് അവര്‍ ഉന്നത വിജയം കരസ്ഥമാക്കിയത്.
നിശ്ചിത ശതമാനം പാഠഭാഗങ്ങള്‍ക്കു മാത്രം മുന്‍തൂക്കം നല്‍കി പഠിക്കുന്ന ഫോക്കസ് ഏരിയാ സമ്പ്രദായത്തോട് വിദ്യാഭ്യാസ വിചക്ഷണര്‍ക്ക് വിയോജിപ്പാണുള്ളത്. വിദ്യാര്‍ഥികള്‍ ചില പാഠഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ചു പഠനം നടത്തുന്നതും അതുപോലെ താഴെ ക്ലാസ്സുകളിലെ ഓള്‍ പ്രൊമോഷന്‍ സമ്പ്രദായവും സ്‌കൂളുകളിലെ അക്കാദമിക് നിലവാരം കുറയാന്‍ ഇടയാക്കുന്നുണ്ടെന്നാണ് അവരുടെ പക്ഷം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലായത്തിന്റെ കീഴില്‍ നടത്തിയ ജോയിന്റ് റിവ്യൂ മിഷന്‍ പഠനം, നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ (എന്‍ എ എസ്) തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പഠന നിലവാരം അളക്കാനായി നടത്തിയ പഠനങ്ങളില്‍ കേരളത്തിലെ സ്‌കൂളുകള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല പാഠ്യവിഷയങ്ങളിലും പിറകിലാണെന്നാണ് വ്യക്തമായത്. നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ (2021) പ്രകാരം അഞ്ചാം ക്ലാസ്സില്‍ കണക്ക്, പരിസരപഠനം എന്നീ വിഷയങ്ങളിലെ ദേശീയ ശരാശരി അഞ്ഞൂറില്‍ 284 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി സ്‌കോര്‍ 279, 283 ആണ്. പഞ്ചാബ് (310), രാജസ്ഥാന്‍ (304), ബംഗാള്‍ (292) തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ മുന്നിലാണ്. എട്ടാം ക്ലാസ്സിലെ കണക്കിനും സോഷ്യല്‍ സയന്‍സിനും ദേശീയ ശരാശരി 255. കേരളത്തിന്റേത് 240, 250. പത്താം ക്ലാസ്സിലെ കണക്കില്‍ ദേശീയ ശരാശരി 220ഉം കേരളത്തിന്റേത് 210ഉം ആണ്. മുന്‍ കാലങ്ങളില്‍ എസ് എസ് എല്‍ സിക്ക് ഫസ്റ്റ് റാങ്ക് കിട്ടിയവര്‍ക്കുള്ള നിലയും അംഗീകാരവും ഇന്നത്തെ ഫുള്‍ എ പ്ലസുകാര്‍ക്ക് സമൂഹം കല്‍പ്പിക്കാത്തതിന്റെ കാരണവും പഠന നിലവാരത്തില്‍ വന്ന ഇടിവാണ്. ഫോക്കസ് ഏരിയാ സമ്പ്രദായം പഠനനിലവാരം കൂടുതല്‍ മോശമാക്കാനേ ഇടയാക്കുകയുള്ളൂ. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും ഉപരി പഠനങ്ങളില്‍ പിന്തള്ളപ്പെടാതിരിക്കാനും ഫോക്കസ് ഏരിയാ സമ്പ്രദായം ഒഴിവാക്കേണ്ടതാണെന്നാണ് പൊതുവെ അഭിപ്രായം.
മുഴുവന്‍ എ പ്ലസുകാരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞെങ്കിലും എസ് എസ് എല്‍ സി വിജയികളുടെ മൊത്തത്തിലുള്ള എണ്ണം കൂടിയിട്ടുണ്ട്. ഈ വര്‍ഷം 4,23,303 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷം 4,19,651 പേരായിരുന്നു. വിജയികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഉപരി പഠനത്തിന് പ്രയാസം വരില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ പക്ഷം. നിലവില്‍ പ്ലസ് ടുവിന് 3,61,000 സീറ്റുകളും വി എച്ച് എസ് സിക്ക് 33,000ഉം ഐ ടിക്ക് 64,000ഉം പോളിടെക്‌നിക്കിന് 9,000ഉം അടക്കം 4,64,000 സീറ്റുകള്‍ എസ് എസ് എല്‍ സി വിജയികള്‍ക്കായി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കാത്തത് വിവാദമായപ്പോള്‍ 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുകയും 79 അധിക ബാച്ചുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇക്കുറി പ്രശ്‌നം ഉണ്ടാകാനിടയില്ലെന്നാണ് വിലയിരുത്തലെങ്കിലും സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളില്‍ നിന്നും ഓപ്പണ്‍ സ്‌കൂളുകള്‍ വഴിയും യോഗ്യത നേടുന്നവര്‍ കൂടി ചേരുമ്പോള്‍ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത നേരിടാന്‍ സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് യോഗ്യത നേടിയവര്‍ക്കെല്ലാം ഉപരിപഠന സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയത് വിദ്യാര്‍ഥികള്‍ അവരാഗ്രഹിക്കുന്ന സ്‌കൂളില്‍ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും സ്‌കൂളുകളും അനുഭവിച്ച പ്രയാസങ്ങളും പ്രതിസന്ധികളും ഇക്കുറി ഉണ്ടാകാന്‍ സാധ്യതയില്ല.
source https://www.sirajlive.com/sslc-and-focus-area-determination.html
إرسال تعليق