പ്ലസ്ടു കഴിഞ്ഞു, ഇനിയെന്ത്?

വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ ആധിയും ആകാംക്ഷയും സമ്മാനിച്ചുകൊണ്ട് പ്ലസ്ടു ഫലം വന്നിരിക്കുന്നു. മോശമല്ലാത്ത മാര്‍ക്ക് ഏതാണ്ട് എല്ലാവര്‍ക്കും കിട്ടുമ്പോഴും ഉപരിപഠനത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ഉപരിപഠനത്തിന് അര്‍ഹത നേടിയ 3,02,865 പേരില്‍ എല്ലാവര്‍ക്കും അതിനു സാധിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. എന്നിരുന്നാലും പ്ലസ്ടു കഴിഞ്ഞ് വിവിധ മേഖലകളിലേക്ക് ചേക്കേറാന്‍ പോകുന്ന കുട്ടികള്‍ക്ക് കൃത്യമായ ദിശാബോധം ഉണ്ടോ എന്നത് പ്രസക്തമായ കാര്യമാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ ആധിയും ആകാംക്ഷയും സമ്മാനിച്ചുകൊണ്ട് പ്ലസ്ടു ഫലം വന്നിരിക്കുന്നു. മോശമല്ലാത്ത മാര്‍ക്ക് ഏതാണ്ട് എല്ലാവര്‍ക്കും കിട്ടുമ്പോഴും ഉപരിപഠനത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ഉപരിപഠനത്തിന് അര്‍ഹത നേടിയ 3,02,865 പേരില്‍ എല്ലാവര്‍ക്കും അതിനു സാധിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. എന്നിരുന്നാലും പ്ലസ്ടു കഴിഞ്ഞ് വിവിധ മേഖലകളിലേക്ക് ചേക്കേറാന്‍ പോകുന്ന കുട്ടികള്‍ക്ക് കൃത്യമായ ദിശാബോധം ഉണ്ടോ എന്നത് പ്രസക്തമായ കാര്യമാണ്.

പണ്ട് പത്താം ക്ലാസ്സായിരുന്നു അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അളവുകോലെങ്കില്‍ ഇന്നത് പ്ലസ്ടു ആയി മാറിയിട്ടുണ്ട്. ഓരോ വിദ്യാര്‍ഥിയും അവരുടെ തൊഴില്‍ മേഖലകള്‍ എന്താണെന്ന് തിരഞ്ഞെടുക്കേണ്ടത് ഇപ്പോഴാണ്.  ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതൊരു ടേണിംഗ് പോയിന്റ് തന്നെയാണ്. ജീവിതത്തിന്റെ ഗതി തന്നെ നിശ്ചയിക്കുന്ന ഒരു കവലയിലാണ് നിങ്ങളിപ്പോള്‍ നില്‍ക്കുന്നത് എന്നര്‍ഥം.

സ്വയം തിരിച്ചറിയുക 

മേല്‍ സൂചിപ്പിച്ച പോലെ ഇത് വിദ്യാഭ്യാസ ജീവിതത്തിലെ തന്നെ ഒരു ടേണിംഗ് പോയിന്റാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള തീരുമാനങ്ങള്‍ ഏറെ പ്രധാനമാണ്. തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം തീര്‍ച്ചയായും ഉന്നത വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും തൊഴിലിനെയുമൊക്കെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ എന്ത് പഠിക്കണമെന്ന് സ്വയം തീരുമാനിക്കണം. വെറുതെ തീരുമാനിച്ചാല്‍ മാത്രം പോരാ. അതിന് കൃത്യമായ കാരണവും ഉണ്ടാകണം. നിങ്ങളുടെ താത്പര്യം തന്നെയാണ് മുഖ്യം. ഏതെങ്കിലുമൊരു ഡിഗ്രിയില്‍ പ്രവേശനം നേടുന്നതിന് പകരം ഏത് വിഷയത്തിലാണ് തനിക്ക് പ്രാവീണ്യം എന്ന് മനസ്സിലാക്കി അത് തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അത് ചിലപ്പോള്‍ ഡിഗ്രിയാകാം, ഡിപ്ലോമയാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും തൊഴിലധിഷ്ഠിത കോഴ്സുകളാകാം. ഇന്ന് കമ്പോളം പോലെയാണ് ഉന്നത വിദ്യാഭ്യാസ മേഖല. തിരഞ്ഞെടുക്കാന്‍ ധാരാളം കോഴ്സുകളുണ്ട്. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്ല കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.

പ്ലസ്ടു പോലെയല്ല ഡിഗ്രി 

പ്ലസ്ടു പഠനം ഒരര്‍ഥത്തില്‍ വളരെ സുഗമമായ ഒരു യാത്ര തന്നെയായിരിക്കും. ഒരുവിധം പഠിച്ചാല്‍ ജയിച്ചു വരാം. എന്നാല്‍ അതിനു ശേഷമുള്ള പഠന രീതിയും പരീക്ഷാ മാനദണ്ഡങ്ങളും വലിയ തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്ലസ്ടുവിന് പഠിച്ചതു പോലെ എല്ലാ വിഷയങ്ങളുടെയും അവിയല്‍ പരുവമല്ല ഇനി കാത്തിരിക്കുന്നത്. പുറമെയുള്ള ലളിതമായ പഠനരീതി വിട്ട് ആഴത്തില്‍ പഠനം കൊണ്ടുപോകേണ്ടതുണ്ട്. പ്ലസ്ടുവിനു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ പലപ്പോഴും ഡിഗ്രിക്ക് പല വിഷയങ്ങള്‍ക്കും തോല്‍ക്കുന്നതായി കാണാറുണ്ട്. പരീക്ഷയെ എങ്ങനെ അവര്‍ അഭിമുഖീകരിച്ചു എന്നതാണ് അവിടെ വില്ലനായി മാറുന്നത്. പ്ലസ്ടു തലങ്ങളില്‍ പരീക്ഷയെഴുതുന്നത് വളരെ ചുരുക്കിയാണ്, കൃത്യമായ പോയിന്റുകള്‍ മാത്രമാണ്. എങ്കില്‍ ഡിഗ്രി തലങ്ങളില്‍ അത് പോരാ. ഡിഗ്രി തലത്തില്‍ കൂടുതലും ഉപന്യാസ രീതിയിലുള്ള അഞ്ചും പത്തും മാര്‍ക്കുകളുള്ള ചോദ്യങ്ങള്‍ ആയിരിക്കും. പഠനം തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലെങ്കില്‍ പിന്നീട് പരിഹരിക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നേക്കാം.പഠനത്തിന്റെ കാര്യവും വ്യത്യസ്തമാണ്. ഡിഗ്രി തലങ്ങളില്‍ അധ്യാപകര്‍ കൂടുതലും പ്രൊജക്ടറിലൂടെയാകും പഠിപ്പിക്കുന്നത്. അതും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അവര്‍ പെട്ടെന്ന് പഠിപ്പിച്ചുപോകും. എന്നാല്‍ അതുമാത്രം വായിച്ചുകൊണ്ട് നിങ്ങള്‍ക്ക് പരീക്ഷയെ അഭിമുഖീകരിക്കാനാകില്ല. ലൈബ്രറി, ഇന്റര്‍നെറ്റ് എന്നിവയുടെ സഹായത്തോടെ കൂടുതല്‍ പഠന വിവരങ്ങള്‍ ശേഖരിക്കേണ്ടി വരും. അത് ഈ തലങ്ങളില്‍ നിങ്ങള്‍ക്കുള്ള ട്രൈനിംഗ് കൂടിയാണ്. ഒരേസമയം പഠനത്തിനും പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. കോളജ് കാലഘട്ടം നിങ്ങളിലെ ഓരോ കഴിവിനെയും പുറത്തെടുക്കാനുള്ള അത്യപൂര്‍വമായ അവസരമാണ്. പഠനത്തിലായാലും കലാപ്രവര്‍ത്തനത്തിലായാലും എഴുത്തിലായാലും കായിക രംഗത്തായാലും ഇത് നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. അതില്‍ പിന്നോട്ടുപോകാതിരിക്കുക. അന്തര്‍മുഖത്തെ ജീവിതത്തില്‍ നിന്ന് വലിച്ചെറിയാന്‍ ഇത്രയും നല്ല സമയം വേറെ കിട്ടില്ല എന്നോര്‍ക്കണം.

ലക്ഷ്യം മറക്കരുത് 

കോളജിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കള്‍ രണ്ട് തരമുണ്ട്. ഒന്ന്, സാധ്യമാകുന്ന ഏതെങ്കിലും കോഴ്സിന് മക്കളെ പറഞ്ഞുവിടുന്നവര്‍. മറ്റൊന്ന്, മക്കളില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച്, അവരുടെ താത്പര്യങ്ങളെ കൂടി പരിഗണിച്ചുകൊണ്ട് കോളജില്‍ അയക്കുന്ന രക്ഷിതാക്കള്‍. ഇവയില്‍ രണ്ടാമത്തെ ഗ്രൂപ്പിലുള്ള രക്ഷാകര്‍ത്താക്കളുടെ കുട്ടികളാണ് ഏറെയും. അങ്ങനെയുള്ളവര്‍ ആ പ്രതീക്ഷയെ എത്രമാത്രം കാര്യമായെടുക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എത്ര ധനികനായാലും ദരിദ്രനായാലും തങ്ങളുടെ മക്കളിലുള്ള പ്രതീക്ഷകള്‍ക്ക് അന്തരമുണ്ടാകുകയില്ല. എന്നാല്‍ കുട്ടികള്‍ക്ക് ആ പ്രതീക്ഷകളെ കൃത്യമായി മനസ്സിലാക്കാനുള്ള മാനസികമായ പാകം ഉണ്ടായിരിക്കണമെന്നില്ല. അപ്പോഴാണ് കുട്ടികള്‍ ലക്ഷ്യബോധമില്ലാത്തവരായി മാറുന്നത്. എത്ര അടിച്ചുപൊളിക്കിടയിലും നമ്മുടെ രക്ഷാകര്‍ത്താക്കളുടെ പ്രതീക്ഷയെ മനസ്സിന്റെ ഒരു കോണിലെങ്കിലും നാം പരിഗണിക്കേണ്ടതുണ്ട്. ക്യാമ്പസ് ലൈഫിന്റെ ആസ്വാദനത്തിനിടയിലും യഥാര്‍ഥ ലക്ഷ്യത്തെ നാം ഓര്‍ക്കേണ്ടതുണ്ട്.

മത്സര ലോകമാണ്, മടിച്ചുനില്‍ക്കരുത്

കാലം ഏറെ മാറിയിരിക്കുന്നു. മത്സരബുദ്ധിയോടെ മുന്നേറാനുള്ള മനസ്സുണ്ടെങ്കില്‍ മാത്രമേ വിജയം കൊയ്യാന്‍ കഴിയൂ. പ്ലസ്ടു കഴിഞ്ഞു എന്ന് കരുതി വിശ്രമിക്കാന്‍ ശ്രമിക്കേണ്ടതില്ല. ഇനിയാണ് യഥാര്‍ഥ ജീവിതമത്സരം ആരംഭിക്കാനിരിക്കുന്നത്. കൂടുതല്‍ വായിക്കണം, നിങ്ങളുടെ തന്നെ സീനിയേഴ്സുമായി ഓരോ കോഴ്സിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യണം. അധ്യാപകരുമായി സംസാരിക്കണം. ഒപ്പം അവസരം കിട്ടിയാല്‍ പ്രശസ്തരായ വ്യക്തിത്വങ്ങളുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കണം. ഇത് വിജയിക്കുന്നവര്‍ക്ക് മാത്രമുള്ള ലോകമാണ്. ഒരല്‍പ്പം അശ്രദ്ധയുണ്ടായാല്‍ നാം വീണുപോകും. അതുകൊണ്ട് മടിച്ചുനില്‍ക്കാതെ മുന്നോട്ടുതന്നെ പോകൂ.

രക്ഷാകര്‍ത്താക്കളോട് ഒരു വാക്ക് 

കുട്ടികളെപ്പോലെ തന്നെ രക്ഷാകര്‍ത്താക്കളും മക്കളുടെ കരിയറിനെ സംബന്ധിച്ച് ഏറ്റവുമധികം ടെന്‍ഷനടിക്കുന്ന ഒരു സമയം തന്നെയാണിത്. മക്കളെപ്പറ്റി നിങ്ങളുടെ പ്രതീക്ഷകള്‍ വളരെ വലുതായിരിക്കാം. അതനുസരിച്ചു തന്നെയാകാം അവരെ ഉപരിപഠനത്തിനയക്കുന്നതും. നല്ലതു തന്നെ. നിങ്ങളുടെ അനുഭവത്തിന്റെയും പഠനത്തിന്റെയുമൊക്കെ വെളിച്ചത്തില്‍ അവര്‍ക്ക് നല്ല കോഴ്സുകള്‍ തന്നെ തിരഞ്ഞെടുത്തു നല്‍കണം. പക്ഷേ, അതിനൊപ്പം അവര്‍ക്കും ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെയുണ്ടെന്ന് മറക്കാതിരിക്കുക. അവരുടെ ആഗ്രഹങ്ങളും അഭിരുചികളും നാം തിരിച്ചറിയണം. രക്ഷാകര്‍ത്താക്കളോടുള്ള ഭയം കാരണമോ മറ്റോ അവര്‍ തുറന്നുപറഞ്ഞുവെന്ന് വരില്ല. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് പോലും അവരുടെ അഭിരുചി തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. അവിടെയും അവരുടെ രക്ഷകരാകേണ്ടത് രക്ഷാകര്‍ത്താക്കളാണ്. കുട്ടികളുടെ താത്പര്യത്തെ മാനിച്ചുകൊണ്ട് അവര്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ അവര്‍ അതില്‍ തിളങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.



source https://www.sirajlive.com/plus-what-39-s-next.html

Post a Comment

Previous Post Next Post