നിര്‍മാണത്തില്‍ ഗുരുതര വീഴ്ച; നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ കരാര്‍ കമ്പനിയെ ഒഴിവാക്കാന്‍ നിര്‍ദേശം

സീതത്തോട് | നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ കരാര്‍ കമ്പനിയെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു. നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി ജൂലൈയില്‍ കമ്മീഷന്‍ ചെയ്യാനായിരുന്നു തീരുമാനം. പദ്ധതിയുടെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയാണ് കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്നും  ഉണ്ടായതെന്ന് എം എല്‍ എ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് ആസ്ഥാനമായ അണ്ണാ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കായിരുന്നു കരാര്‍ ചുമതല.  കരാര്‍ കമ്പനിയുടെ അനാസ്ഥ കാരണം ആങ്ങമൂഴി- പ്ലാപ്പള്ളി റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡ് നാല് മാസത്തിനകം ഗതാഗത യോഗ്യമാക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച ജനീഷ് കുമാര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇന്ത്യയുടെയും കിണറിന്റെയും നിര്‍മാണത്തിന് കഴിഞ്ഞ സർക്കാർ  ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. കോന്നി ഉപതിരഞ്ഞെടുപ്പിന് ശേഷം  ജനീഷ് കുമാര്‍ എം എല്‍ എ ഇടപെട്ട് രണ്ടാം ഘട്ടത്തിനായി 120 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 75 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അണ്ണാ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്ക്  ഒന്നാംഘട്ടമായി കരാര്‍ നല്‍കിയത്.

വീഴ്ച വരുത്തിയ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു. സീതത്തോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് 24 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും എം എല്‍ എ പറഞ്ഞു. ഇത് പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ കഴിയും.



source https://www.sirajlive.com/serious-failure-in-construction-proposal-to-exempt-the-contracting-company-from-the-nilakkal-drinking-water-project.html

Post a Comment

أحدث أقدم