സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന നിലവില്‍ വന്നു. 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 22.50 രൂപ വര്‍ധിക്കും. 150 യൂനിറ്റ് വരെ 25 പൈസയാണ് വര്‍ധന. 151-200 യൂനിറ്റ് ആണെങ്കില്‍ ഫിക്സഡ് ചാര്‍ജ് 70 രൂപയില്‍ നിന്ന് 100 ആയി ഉയരും. 250 യൂനിറ്റ് കടന്നാല്‍ ഫിക്സഡ് ചാര്‍ജ് 100ല്‍ നിന്ന് 130ഉം 500 വരെ എത്തിയാല്‍ 150ല്‍ നിന്ന് 225ഉം ആയി ഉയരും. പ്രതിമാസ ഉപഭോഗം 50 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. മൊത്തത്തില്‍ 6.6 ശതമാനമാണ് വര്‍ധനവെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം, ചെറുകിട വ്യവസായ ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനം, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം, ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 2.75 രൂപയെന്നത് 3.64, വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപ എന്നിങ്ങനെയായിരുന്നു റഗുലേറ്ററി കമ്മീഷനോട് കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്ന വര്‍ധന. ഇതുവഴി 2,284 കോടി അധിക വരുമാനം കണ്ടെത്താനായിരുന്നു ലക്ഷ്യം. ഇത്രയും കൂടുതല്‍ വര്‍ധന അനുവദിക്കേണ്ടെന്ന് തെളിവെടുപ്പിനും വരവ്-ചെലവ് അവലോകനത്തിനും ശേഷം റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. തെളിവെടുപ്പ് വേദികളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു ചാര്‍ജ് വര്‍ധനക്കെതിരെ.
നിരക്കു വര്‍ധനക്കെതിരെ ഉയരുന്ന പ്രതിഷേധം കുറക്കാന്‍ കുറേ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദാരിദ്ര്യ രേഖക്കു താഴെയുള്ള 1,000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ അര്‍ബുദ രോഗികളും അംഗവൈകല്യം സംഭവിച്ചവരുമുണ്ടെങ്കില്‍ നിരക്ക് കൂടില്ല. ഈ വിഭാഗത്തില്‍ 40 യൂനിറ്റു വരെ ഉപയോഗമുള്ളവര്‍ക്കും വര്‍ധനവില്ല. അനാഥാലയം, വൃദ്ധസദനം, അങ്കണ്‍വാടികള്‍ എന്നിവയെയും വര്‍ധനയില്‍ നിന്ന് ഒഴിവാക്കി. 4.76 ലക്ഷം കാര്‍ഷിക ഉപയോക്താക്കള്‍ക്കും വര്‍ധനയില്ല. തട്ടുകട, പെട്ടിക്കട തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കിനുള്ള താരിഫ് ആനുകൂല്യ പരിധി 1,000 വാട്ടില്‍ നിന്ന് 2,000 ആക്കി. 10 കിലോവാട്ട് വരെ കണക്ടഡ് ലോഡുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് യൂനിറ്റിന് 15 പൈസയുടെ വര്‍ധനവേയുള്ളൂ. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൗജന്യം തുടരും.
കെ എസ് ഇ ബി വന്‍ നഷ്ടത്തിലാണെന്നും അത് നികത്താനാണ് നിരക്ക് വര്‍ധനയെന്നുമാണ് പറയുന്നത്. ഈ നഷ്ടത്തിന്റെ കണക്ക് വ്യാജമാണെന്ന് കെ എസ് ഇ ബി റഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച രേഖയിലെയും ബോര്‍ഡിന്റെ ബജറ്റ് രേഖയിലെയും കണക്കുകളിലെ വൈരുധ്യങ്ങള്‍ എടുത്തുകാട്ടി ഹെടെന്‍ഷന്‍ ആന്‍ഡ് എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസ്സോസിയേഷന്‍ ചൂണ്ടിക്കാട്ടിയതാണ്. കെ എസ് ഇ ബി 1,466 കോടി പ്രവര്‍ത്തന ലാഭം നേടിയതായി ഇക്കഴിഞ്ഞ മെയ് ആദ്യത്തില്‍ വകുപ്പ് മന്ത്രി പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. അഥവാ നഷ്ടക്കണക്ക് വാസ്തവമെങ്കില്‍ തന്നെ ബോര്‍ഡിന് കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കുകയും പ്രസരണ നഷ്ടം കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍, ഉപഭോക്താക്കളുടെ മേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കാതെ തന്നെ അത് പരിഹരിക്കാവുന്നതേയുള്ളൂ. 2,117 കോടി രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ട് ബോര്‍ഡിന്. ഇതില്‍ 1,020.74 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടേതും 1,023.76 കോടി രൂപ സ്വകാര്യ സ്ഥാപനങ്ങളുടേതുമാണ്. ഗാര്‍ഹിക ഉപയോക്താക്കള്‍ ചെറിയൊരു സംഖ്യ കുടിശ്ശിക വരുത്തിയാല്‍ ദിവസങ്ങള്‍ക്കകം വൈദ്യുതി ബന്ധം വിച്ഛേദിക്കും. വന്‍ കിടക്കാര്‍ വര്‍ഷങ്ങളോളം ഭീമമായ കുടിശ്ശിക വരുത്തിയാലും യാതൊരു നടപടിയുമില്ല.
ബോര്‍ഡിന്റെ നഷ്ടത്തിന് ഒരു പ്രധാന കാരണം ആവശ്യത്തില്‍ കവിഞ്ഞ ജീവനക്കാരാണെന്ന് അക്കൗണ്ട് ജനറല്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ കെ എസ് ഇ ബി ജീവനക്കാരുടെ എണ്ണം ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, ആന്ധ്രയേക്കാള്‍ 45 ശതമാനവും തെലങ്കാനയേക്കാള്‍ 34 ശതമാനവും ദേശീയ ശരാശരിയേക്കാള്‍ 13 ശതമാനവും അധികമാണെന്ന് എ ജി റിപോര്‍ട്ട് പറയുന്നു. ഇവിടെ 1,23,84,523 ഉപയോക്താക്കള്‍ക്ക് 23,149 ദശലക്ഷം യൂനിറ്റ് വൈദ്യുതി വിതരണം ചെയ്യാന്‍ 33,493 ജീവനക്കാരുണ്ട്. അതേസമയം തെലങ്കാനയില്‍ 1,49,47,004 ഉപയോക്താക്കള്‍ക്ക് 59,365 ദശലക്ഷം യൂനിറ്റ് വൈദ്യുതി വിതരണം ചെയ്യാന്‍ 28,330 ജീവനക്കാര്‍ മാത്രം. 2018-19 കാലയളവില്‍ വൈദ്യുതി വിതരണച്ചെലവ് ഗുജറാത്തില്‍ ഒരു യൂനിറ്റിന് 58 പൈസ, ജമ്മു കശ്മീരില്‍ 86 പൈസ, ഹരിയാനയില്‍ 1.13 രൂപ, ഉത്തര്‍ പ്രദേശില്‍ 1.33 രൂപ, ദേശീയ ശരാശി 1.68 രൂപ എന്നിങ്ങനെയാണെങ്കില്‍ കേരളത്തില്‍ അത് 2.85 രൂപയാണ്. 2016ലും 2021ലും വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ ശമ്പള വര്‍ധന വളരെ ഉയര്‍ന്നതും ചട്ടവിരുദ്ധവുമാണെന്ന് എ ജിയുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം അനിയന്ത്രിതവും അനാവശ്യവുമായ ചെലവുകളാണ് സംസ്ഥാനത്ത് ബോര്‍ഡിന്റെ നഷ്ടം ഉയരാന്‍ ഇടയാക്കുന്നത്. ഇതിനു തലവെച്ചു കൊടുക്കേണ്ടത് പാവപ്പെട്ട ഉപഭോക്താക്കളും.
നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന് ബോര്‍ഡും റഗുലേറ്ററി കമ്മീഷനും നിശ്ചയിച്ച വൈദ്യുതി യൂനിറ്റ് ഉപയോഗത്തിന്റെ പരിധിയും അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 50 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളെയാണ് വര്‍ധനയില്‍ നിന്നൊഴിവാക്കിയത്. 50 യൂനിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ ബോര്‍ഡിന്റെ കാഴ്പ്പാടില്‍ സന്നമ്പരോ സാധാരണക്കാരില്‍ ഉയര്‍ന്നവരോ ആണ്. ഈ പരിധി നിര്‍ണയം നിലവിലെ സാഹചര്യത്തില്‍ തീര്‍ത്തും അബദ്ധമാണ്. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ്, സമ്പന്നരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ കേരളീയ ജനതയില്‍ ബഹുഭൂരിഭാഗവും. ഈ ഉപകരണങ്ങള്‍ ജനജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട് പൊതുവെ. ഇവ ഉപയോഗിക്കുമ്പോള്‍ മാസാന്തം വൈദ്യുതി 50 യൂനിറ്റില്‍ പരിമിതപ്പെടുത്താന്‍ സാധ്യമാകില്ല. അതുകൊണ്ട് 100 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെയെങ്കിലും സാധാരണക്കാരുടെ ഗണത്തില്‍ പെടുത്തണം. അവര്‍ക്ക് ഇളവുകള്‍ ബാധകമാക്കുകയും വേണം.
source https://www.sirajlive.com/the-burden-of-mismanagement-is-on-power-consumers.html
إرسال تعليق