സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം സംബന്ധമായ പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നാടിന്റെ നാനാ ഭാഗത്തു നിന്നും. സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ല. കയറ്റിയാല്‍ ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിര്‍ത്തുന്നില്ല. കണ്ടക്ടറും ക്ലീനര്‍മാരും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നു തുടങ്ങിയവയാണ് പരാതികള്‍. സംസ്ഥാനത്തെ ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും സ്‌കൂളിലെത്താന്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. രാവിലെയും മടക്ക സമയത്തും ബസില്‍ കയറിപ്പറ്റുകയെന്നത് അതിസാഹസികമാണ്. ബസ് സ്റ്റാന്‍ഡുകളിലും ബസ് സ്റ്റോപ്പുകളിലും മറ്റു യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞ ശേഷമേ വിദ്യാര്‍ഥികളെ കയറാന്‍ അനുവദിക്കുകയുള്ളൂ. അതിനു മുമ്പേ കയറാന്‍ ശ്രമിച്ചാല്‍ വാക്കേറ്റത്തിന് കാരണമാകും.
സ്‌കൂളിലേക്കുള്ള യാത്രയിലെന്ന പോലെ തന്നെ കഷ്ടപ്പാടാണ് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയും. സ്‌കൂളുകള്‍ക്ക് സമീപത്തെ സ്റ്റോപ്പുകളില്‍ കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികളെ കണ്ടാല്‍, ബസ് ഡ്രൈവര്‍മാര്‍ അവിടെ നിര്‍ത്താതെ അമിത സ്പീഡില്‍ ഓടിച്ചു പോകുകയാണ് പതിവ്. സ്റ്റോപ്പില്‍ യാത്രക്കാര്‍ ഇറങ്ങാനുണ്ടെങ്കില്‍ കുറേ ദൂരെ നിര്‍ത്തിയാണ് അവരെ ഇറക്കുന്നത്. മണിക്കൂറുകളോളമാണ് ബസുകളില്‍ കയറിപ്പറ്റാന്‍ വിദ്യാര്‍ഥികള്‍ ബാഗും തൂക്കിപ്പിടിച്ച് ബസ് സ്റ്റോപ്പുകളില്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്. നാല് മണിക്ക് സ്‌കൂള്‍ വിട്ടാലും പലരും വീട്ടിലെത്തുന്നത് സന്ധ്യക്കോ നേരം ഇരുട്ടിയോ ആണ്.
വിദ്യാര്‍ഥികളെ കയറ്റിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം ബസ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതിരിക്കുക, ബസില്‍ കയറ്റാതിരിക്കുക, കയറിയാല്‍ മോശമായി പെരുമാറുക, സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അനുഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിലോ പോലീസിലോ പരാതി നല്‍കാമെന്നും പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും ഗതാഗത വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ബസുടമകള്‍ക്ക് പിഴ ചുമത്തല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യല്‍ തുടങ്ങിയ നടപടികളായിരിക്കും സ്വീകരിക്കുക. രണ്ട് ദിവസം മുമ്പ് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയുണ്ടായി.
കാലങ്ങളായി തുടര്‍ന്നു വരുന്നതാണ് വിദ്യാര്‍ഥികളുടെ ബസ് യാത്രാ പ്രശ്നവും ബസ് ജീവനക്കാരുടെ അവരോടുള്ള മോശം പെരുമാറ്റവും. ഇതുമായി ബന്ധപ്പെട്ട് വര്‍ഷാവര്‍ഷം മോട്ടോര്‍ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും താക്കീത് നല്‍കുകയും ബസുകളില്‍ പരിശോധന നടത്തുകയും ചെയ്യാറുണ്ട്. എന്നിട്ടും വിഷയം ഇപ്പോഴും തുടര്‍ന്നു വരുന്നത് പ്രശ്നത്തിന്റെ മര്‍മം കണ്ടെത്തി പരിഹാരത്തിനു ശ്രമിക്കാത്തതു കൊണ്ടാണ്. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച കണ്‍സെഷന്‍ നിരക്ക് യഥാസമയം ഉയര്‍ത്താത്തതാണ് അടിസ്ഥാന പ്രശ്നം. ഒരു ദശകത്തിലേറെയായി രണ്ട് രൂപയാണ് വിദ്യാര്‍ഥികളുടെ കുറഞ്ഞ കണ്‍സെഷന്‍ നിരക്ക്. ഇക്കാലയളവില്‍ മറ്റു യാത്രക്കാരുടെ ബസ് നിരക്കില്‍ ഗണ്യമായ വര്‍ധന വന്നു. പാഠപുസ്തകങ്ങള്‍, ബാഗ്, യൂനിഫോം തുടങ്ങി സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാറ്റിനും വില വര്‍ധിച്ചു. എന്നാല്‍ ചാര്‍ജ് കൂട്ടിയാല്‍ വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുമെന്ന ഭയത്താല്‍ വിദ്യാര്‍ഥികളുടെ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. രണ്ട് രൂപ ഇന്നത്തെ സാഹചര്യത്തില്‍ തീരെ അപര്യാപ്തമാണെന്നും വിദ്യാര്‍ഥി നിരക്കില്‍ കാലോചിതമായ വര്‍ധന ആവശ്യമാണെന്നും ഇതിനിടെ ഗതാഗത മന്ത്രി ആന്റണി രാജു തന്നെ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ നവംബറില്‍ ബസ് നിരക്കില്‍ വര്‍ധന ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങിയ ബസുടമാ സംഘം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ആറ് രൂപയാക്കണമെന്നാവശ്യപ്പെട്ടിരുന്നു. അന്ന് ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ച രാമചന്ദ്രന്‍ കമ്മീഷന്റെ അഭിപ്രായം വിദ്യാര്‍ഥി നിരക്ക് അഞ്ച് രൂപയായി ഉയര്‍ത്തുകയോ അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ കുടുംബ വരുമാനത്തിന് ആനുപാതികമായി നിശ്ചയിക്കുകയോ വേണമെന്നായിരുന്നു. അഥവാ ബി പി എല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞ നിരക്കും അല്ലാത്തവര്‍ക്ക് മറ്റുള്ള യാത്രക്കാരുടെ നിരക്കു വര്‍ധനക്ക് ആനുപാതികമായ വര്‍ധനവും. റിപോര്‍ട്ട് പുറത്തുവന്ന പാടേ വിദ്യാര്‍ഥി സംഘടനകള്‍ അതിനെതിരെ രംഗത്തു വന്നു. വിദ്യാര്‍ഥി കണ്‍സെഷന്‍ തങ്ങളുടെ അവകാശമാണെന്നും അത് സാമ്പത്തികാടിസ്ഥാനത്തിലാക്കാന്‍ അനുവദിക്കില്ലെന്നുമാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. 2012ല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് വിശദമായ പഠനം നടത്തി നാറ്റ്പാക്ക് സമര്‍പ്പിച്ച റിപോര്‍ട്ടും വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കും മറ്റും കണ്‍സെഷന്‍ നിരക്ക് അനുവദിക്കുന്നതു മൂലം ബസുകള്‍ക്കുണ്ടാകുന്ന നഷ്ടം കൂടി കണക്കിലെടുത്താണ് ബസുകളിലെ മറ്റു യാത്രക്കാര്‍ക്ക് ഉയര്‍ന്ന മിനിമം ചാര്‍ജും കിലോമീറ്റര്‍ നിരക്കും നിശ്ചയിക്കുന്നതെന്നാണ് നാറ്റ്പാക്ക് റിപോര്‍ട്ട് പറയുന്നത്. അഥവാ വിദ്യാര്‍ഥി നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ മറ്റുള്ളവരുടെ യാത്രാകൂലിയില്‍ ഇളവ് അനുവദിക്കണമെന്നും റിപോര്‍ട്ട് നിര്‍ദേശിക്കുന്നു.
നാറ്റ്പാക്ക് റിപോര്‍ട്ടും രാമചന്ദ്രന്‍ റിപോര്‍ട്ടും ഗതാഗത മന്ത്രിയുടെ പ്രസ്താവനയുമെല്ലാം ചേര്‍ത്തുവെച്ച് പരിശോധിച്ചാല്‍ വിദ്യാര്‍ഥികളുടെ ബസ് നിരക്ക് നിര്‍ണയത്തില്‍ അവ്യക്തതകള്‍ ഏറെയുണ്ട്. നാറ്റ്പാക്ക് റിപോര്‍ട്ട് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന ആവശ്യപ്പെടാന്‍ ബസ് ഉടമകള്‍ക്ക് അവകാശമില്ല. ഇക്കാര്യത്തില്‍ ബസ് ഉടമകളും വിദ്യാര്‍ഥി പ്രതിനിധികളും നാറ്റ്പാക്ക് വൃത്തങ്ങളും രക്ഷിതാക്കളുടെ പ്രതിനിധികളും ഒത്തൊരുമിച്ചിരുന്ന് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ട്. ഏതായാലും കണ്‍സെഷന്‍ നിരക്കില്‍ തീരെ വര്‍ധന വരുത്താതെ രണ്ട് രൂപ തന്നെ തുടര്‍ന്നാല്‍ വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും അസഹിഷ്ണുതയും തുടരാനാണ് സാധ്യത.
source https://www.sirajlive.com/students-and-school-travel-issues.html
إرسال تعليق