പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം; മലപ്പുറത്തും കോഴിക്കോടും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കനത്ത സുരക്ഷ

കോഴിക്കോട്  | പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കര്‍ശന നിയന്ത്രണം. കനത്ത പോലീസ് സുരക്ഷയാണ് ഇരു ജില്ലകളിലും ഏര്‍പ്പെടുത്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഒരുമണിക്കൂര്‍ മുമ്പ് എത്തണം. പൊന്നാനി തീരദേശ റോഡ് അടച്ചിടും.

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്തേക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയിലേക്ക് ഒന്‍പത് മണിക്ക് ശേഷം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഒന്‍പത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.തവനൂരിലെ പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, കെടി ജലീല്‍ എംഎല്‍എ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയില്‍ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളില്‍ പങ്കെടുക്കും.

കൊച്ചിയിലെയും കോട്ടയത്തെയും പൊതുപരിപാടികള്‍ കഴിഞ്ഞ് ഇന്നലെ തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെയും പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

 



source https://www.sirajlive.com/protest-by-opposition-organizations-security-is-tight-in-malappuram-and-kozhikode-for-the-events-attended-by-the-chief-minister-today.html

Post a Comment

أحدث أقدم