വാഹനമോടുന്ന നിരത്തുകളിൽ കൂടി നടക്കാൻ ഭയക്കേണ്ട അവസ്ഥയാണ് കേരളത്തിൽ. മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച നിയമസഭയിൽ വെളിപ്പെടുത്തിയ കണക്കനുസരിച്ചു കഴിഞ്ഞ ഒരു വർഷത്തിനിടെ (2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ) ആയിരത്തിലേറെ കാൽനട യാത്രക്കാരാണ് റോഡപകത്തിൽ മരിച്ചത്. 8,028 കാൽനട യാത്രക്കാർക്കു വാഹനം ഇടിച്ചു പരുക്കേൽക്കുകയും ചെയ്തു. ചോരത്തിളപ്പുള്ള ചെറുപ്പക്കാരായ ഡ്രൈവർമാരുടെ അമിതവേഗത്തിനു പുറമെ കാൽനട യാത്രക്കാരുടെ ശ്രദ്ധക്കുറവും നിയമം തെറ്റിയുള്ള നടത്തവും ഇതിനു കാരണമാണ്.
ദിശതെറ്റി സഞ്ചരിക്കുന്നതാണു കാൽനട യാത്രക്കാരെ പലപ്പോഴും അപകടത്തിൽ പെടുത്തുന്നത്. മൊബൈലിൽ സംഭാഷണത്തിൽ മുഴുകിയോ പരസ്പരം സംസാരിച്ചോ റോഡ് മുറിച്ചു കടക്കരുതെന്ന നിയമം മിക്കവരും പാലിക്കുന്നില്ല. റോഡുകളിലെയും റെയിൽവേ ലൈനിലെയും മൊബൈൽ ഉപയോഗം വലിയൊരു വിപത്തായി മാറിയിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ നടപ്പാത ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക, നടപ്പാത ഇല്ലാതിടത്ത് മുന്നിൽ നിന്നു വരുന്ന വാഹനങ്ങൾ കാണുന്ന വിധം വലതു വശത്തുകൂടി നടക്കുക, റോഡിൽ കൂട്ടമായി നടക്കാതിരിക്കുക, രാത്രിയിൽ നടക്കുമ്പോൾ വെള്ള നിറമോ നേരിയ നിറങ്ങളോ ഉള്ള വസ്ത്രം ധരിക്കുക, സീബ്രാലൈൻ ഉള്ള സ്ഥലങ്ങളിൽ അതിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, സീബ്രാ ലൈനിലൂടെ റോഡുകൾ മുറിച്ചു കടക്കുമ്പോൾ തന്നെ ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പ് വരുത്തുക, വാഹനത്തിന്റെ പിന്നിലൂടെ റോഡിലേക്ക് പ്രവേശിക്കാതിരിക്കുക തുടങ്ങിയ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ് കാൽനട യാത്രക്കാർ. ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കാതെ അപകടം സംഭവിക്കുമ്പോൾ വാഹനമോടിക്കുന്നവരെ പഴിച്ചതു കൊണ്ടായില്ല.
മരണക്കിണറിലെ ബൈക്ക് അഭ്യാസത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് റോഡുകളിൽ ചില ഡ്രൈവർമാരുടെ വിശിഷ്യാ ബൈക്ക് യാത്രക്കാരുടെ പാച്ചിൽ. ഓരോ വാഹനത്തിനും ഓരോ സ്ഥലത്തും പരമാവധി വേഗത എത്രയായിരിക്കണമെന്നു കൃത്യമായി നിജപ്പെടുത്തിയിട്ടുണ്ട്. വേഗം ഹരമായി കാണുന്ന പല ഡ്രൈവർമാരും ഇത് മുഖവിലക്കെടുക്കാറില്ല. പൊതുനിരത്തിൽ ബൈക്കുകളുടെ മത്സരയോട്ടവും പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസിംഗും സൈലൻസർ മാറ്റി ശബ്ദമുണ്ടാക്കി അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നതും യുവാക്കളുടെ ഹരമാണ്. അടുത്തിടെ നിരവധി പേർ നോക്കി നിൽക്കേ പാലാ ജനറൽ ആശുപത്രി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന് മുൻവശം ഹൈവേയിൽ ബൈക്കഭ്യാസം നടത്തിയ രണ്ട് പ്ലസ്- വൺ വിദ്യാർഥികളെ പോലീസ് പിടികൂടുകയുണ്ടായി. ‘ഫ്രീക്കൻ ‘മാർക്കി യിൽ ‘വീലി’എന്നറിയപ്പെടുന്ന അഭ്യാസം (ബൈക്കിന്റെ ഫ്രണ്ട് വീൽ പൊക്കി ഒറ്റവീലിൽ ഓടിക്കുക) നടത്തി ഷൈൻ ചെയ്യാൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.
റോഡുകളിലെ ബൈക്കഭ്യാസം പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നു. കഴിഞ്ഞ മാസം 19നു കോവളം കാരോട് ബൈപാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ട് യുവാക്കൾ മരിച്ചു. അഞ്ച് ബൈക്കുകളിലെത്തിയ സംഘം ഇരുവശത്തു നിന്നുമായി മത്സര യോട്ടം നടത്തവേയാണ് എതിർദിശകളിൽ നിന്ന് അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാക്കൾ തെറിച്ചു വീണത്. ഇടിയുടെ ആഘാതത്തിൽ ബൈക്കുകളുടെ മുൻവശം ഒടിഞ്ഞു തൂങ്ങിയിരുന്നു. 2021ൽ കേരളത്തിലുണ്ടായ റോഡപകട മരണങ്ങളിൽ മൂന്നിലൊന്നും ബൈക്കുകളും സ്‌കൂട്ടറുകളും വരുത്തിവച്ചതായിരുന്നു. മറ്റു വാഹനങ്ങളും കാൽനട യാത്രക്കാരും ഒഴിഞ്ഞു മാറുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നത് കൊണ്ടാണ് അപകടം മൂന്നിലൊന്നിൽ ഒതുങ്ങിയത്.
പൊതുതുറോഡുകളിൽ ബൈക്കഭ്യാസങ്ങൾ വിലക്കിയിട്ടുണ്ടെങ്കിലും മുഖവിലക്കെടുക്കാറില്ല പലരും. ഇതേക്കുറിച്ചാരെങ്കിലും ഗുണദോഷിക്കുന്നതും അവർക്ക് ഇഷ്ടപ്പെടില്ല. ഡൽഹിയിൽ ശബ്ദമുണ്ടാക്കി അമിതവേഗത്തിൽ ബോക്കോടിക്കുന്നത് പതിവാക്കിയ പതിനേഴുകാരനെ ഗുണദോഷിച്ചതിനാണ് രഘുബീർ നഗർ സ്വദേശി മനീഷ് കൊല്ലപ്പെട്ടത്. കൂട്ടുകാരെ സംഘടിപ്പിച്ചു ആ ബൈക്കഭ്യാസി മനീഷിനെ കുത്തിക്കൊല്ലുകയായിരുന്നു. നിരത്തുകളിൽ യുവാക്കളുടെ അപക്വമായ ബൈക്കഭ്യാസം കണ്ടാൽ ആരും ഉപദേശിക്കാൻ മെനക്കെടാത്തത് അനാരോഗ്യകരമായ പ്രതികരണങ്ങൾ ഭയപ്പെട്ടാണ്. മക്കൾക്കു ബൈക്കഭ്യാസത്തിനു സഹായകമായ കരുത്തേറിയ വാഹനങ്ങൾ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കൾക്കുമുണ്ട് ബൈക്കപകടങ്ങളിലും ദുരന്തങ്ങളിലും പങ്ക്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുന്നതു തടയാനും പല രക്ഷിതാക്കളും മുതിരാറില്ല. മാത്രമല്ല, ചെറുപ്രായത്തിൽ മക്കൾ വാഹനമോടിക്കുന്നത് അഭിമാനമായി കാണുന്ന രക്ഷിതാക്കളുമുണ്ട്. ഇത്തരം കുട്ടി ഡ്രൈവർമാരാണ് മിക്കപ്പോഴും കാൽനട യാത്രക്കാരെ അപകടത്തിൽ പെടുത്തുന്നത്. അശ്രദ്ധമായ മറികടക്കൽ, അലക്ഷ്യമായ പാർക്കിംഗ് രാത്രിയാത്രയിൽ വാഹനങ്ങൾ ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരിക്കൽ തുടങ്ങിയവയും അപകട കാരണങ്ങളാണ്.
കോവളം അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകുകയും ഇതടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് ‘ഓപറേഷൻ റേസ്’ എന്ന പേരിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കർശന പരിശോധന നടത്തുകയും ചെയ്തിരുന്നു. പക്ഷേ യുവാക്കളുടെ ബൈക്ക് അഭ്യാസം ഇപ്പോഴും സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്. അധികൃതരുടെ പരിശോധന ഗുരുതരമായ അപകടങ്ങൾക്കു പിന്നാലെ ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ നീണ്ടുനിൽക്കാറുള്ളൂ. പിന്നീടെല്ലാം പഴയപടി. കാൽനട യാത്രക്കാർക്കും നിയമങ്ങൾ പാലിച്ചു മിതമായ വേഗത്തിൽ വാഹനമോടിക്കുന്നവർക്കും നിരത്തുകളിലൂടെ ധൈര്യമായി നടക്കാനും ഡ്രൈവ് ചെയ്യാനുമുള്ള സ്ഥിതി കൈവരണമെങ്കിൽ അധികൃതർ ഇടക്കിടെ പരിശോധന നടത്തുകയും ബൈക്കുമായി നിരത്തിലിറങ്ങുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
source https://www.sirajlive.com/pedestrian-terror-on-the-streets.html
Post a Comment