വാക്‌സീനെടുത്തിട്ടും പേവിഷബാധ

തെരുവുനായ ശല്യവും പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണവും പൂര്‍വോപരി വര്‍ധിക്കുകയും വാക്‌സീന്‍ യഥാവിധി എടുത്തിട്ടും രോഗികള്‍ മരിക്കുകയും ചെയ്തതോടെ കേരളീയ സമൂഹം ഭയാശങ്കയിലാണ്. പാലക്കാട് മങ്കര മഞ്ഞക്കരയിലെ ഒന്നാം വര്‍ഷ ബി സി എ വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയെന്ന പത്തൊമ്പതുകാരിയാണ് പേവിഷബാധയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. ശ്രീലക്ഷ്മി നാല് വാക്‌സീനുകളും എടുത്തതായി ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പിന്നെയെങ്ങനെ വൈറസ് ബാധയുണ്ടായെന്ന കാര്യം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഏതായാലും മുഴുവന്‍ ആന്റിറാബിസ് വാക്‌സീനെടുത്തിട്ടും ആളുകള്‍ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അപായ സൂചനയാണെന്നും ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ആരോഗ്യ മേഖലയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുത്ത ഏഴ് വയസ്സുള്ള കുട്ടി മരിച്ചിരുന്നു.

വാക്‌സീന്‍ സൂക്ഷിക്കുന്നതില്‍ സംഭവിക്കുന്ന ശ്രദ്ധക്കുറവ്, ഉപയോഗിക്കുമ്പോഴുള്ള വീഴ്ച, കുത്തിവെപ്പ് എടുക്കുന്നതില്‍ വരുന്ന കാലതാമസം, കുത്തിവെച്ചിട്ടും വേണ്ടത്ര പ്രതിരോധശേഷി കൈവരിക്കാനാകാത്ത അവസ്ഥ, കടിയേറ്റുണ്ടായ പരുക്കിന്റെ തീവ്രത തുടങ്ങിയവ വാക്‌സീന്‍ എടുത്തവര്‍ക്കും മരണ സാധ്യതക്കുള്ള കാരണങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു. ആഴമുള്ള മുറിവുകളിലൂടെയുണ്ടാകുന്ന വൈറസ് ബാധയെ വാക്്‌സീന്‍ കൊണ്ട് മാത്രം പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കില്ല. വലിയ മുറിവാണെങ്കില്‍ വൈറസ് നാഡീ ഞരമ്പിലേക്കു വ്യാപിക്കാന്‍ സാധ്യതയുണ്ട്. നാഡീ ഞരമ്പിലൂടെ സഞ്ചരിച്ച് പിന്നീടത് തലച്ചോറിലെത്തുകയും വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും ചെയ്യും. ലക്ഷണങ്ങള്‍ പ്രകടമായാല്‍ വാക്‌സീന്റെ പ്രതിരോധശക്തിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് നാഡീ ഞരമ്പുകളില്‍ വൈറസ് കടക്കാനുള്ള സാധ്യതയുണ്ടെന്ന് തോന്നിയാല്‍ മുറിവുകള്‍ക്കു ചുറ്റും ഇമ്യൂണോ ഗ്ലോബുലിന്‍ കുത്തിവെപ്പ് എടുക്കണം. ആദ്യ ഡോസ് വാക്‌സീന്‍ എടുക്കുമ്പോള്‍ തന്നെ ഇത് ചെയ്യണം. രോഗികളും ആശുപത്രി അധികൃതരും മിക്കപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് പ്രതിവര്‍ഷം 55,000-60,000 പേവിഷബാധ മരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ 40 ശതമാനവും 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. ദരിദ്ര രാജ്യങ്ങളുടെ രോഗമായാണ് റാബിസ് ഇന്നറിയപ്പെടുന്നത്. വികസിത രാജ്യങ്ങള്‍ പേവിഷബാധ ഏറെക്കുറെ തുടച്ചുനീക്കിയിട്ടുണ്ട്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ മൂന്നിലൊന്ന് അഥവാ 20,000ത്തോളം ഇന്ത്യയിലാണ്. ഏഷ്യയിലെ മൊത്തം മരണങ്ങളില്‍ 60 ശതമാനത്തോളം വരുമിത്. പേവിഷബാധയുടെ ഹോട്ട്‌സ്‌പോട്ടായാണ് ആരോഗ്യ ഗവേഷകര്‍ ഇന്ത്യയെ കണക്കാക്കുന്നത്. റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ്സ റാബിസ് എന്നയിനം ആര്‍ എന്‍ എ വൈറസുകളാണ് പേവിഷബാധക്ക് കാരണം. ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗത്തെയും രോഗബാധിതമാക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ മാന്തലോ ഏല്‍ക്കുകയോ അവയുടെ ഉമിനീര്‍ മുറിവുകളില്‍ പുരളുകയോ ചെയ്താല്‍ വൈറസ് മനുഷ്യ ശരീരത്തിലേക്ക് പകരാം. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും രോഗിയെ രക്ഷിക്കാന്‍ കഴിയില്ല. പേവിഷബാധ സംശയിക്കപ്പെടുന്ന മൃഗത്തിന്റെ കടിയേറ്റാല്‍ താമസിയാതെ തന്നെ വൈറസ് നിര്‍വീര്യമാക്കാനുള്ള വാക്‌സീനെടുക്കുക മാത്രമാണ് പരിഹാരം.

വളര്‍ത്തു മൃഗങ്ങളില്‍ നിന്നുണ്ടാകുന്ന മാരകമല്ലാത്ത കടികളോ പോറലുകളോ വീട്ടുകാര്‍ അത്ര ഗൗരവമായി എടുക്കാറില്ല. അത് പലപ്പോഴും പേവിഷബാധക്കിടയാക്കാറുണ്ട്. അടുത്ത വീട്ടിലെ നായ കടിച്ചാണ് പാലക്കാട്ടെ വിദ്യാര്‍ഥിനി മരിച്ചത്. അടുത്തിടെ തൃശൂരില്‍ ഒരാള്‍ മരിച്ചതും വളര്‍ത്തു നായയുടെ കടിയേറ്റായിരുന്നു. പൂച്ചയിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാറുള്ളതിനാല്‍ പൂച്ചയുടെ കടിയും മാന്തലും ഗൗരവമായി എടുക്കേണ്ടതുണ്ട്. 2021 ഡിസംബറില്‍ ദേശീയ ആരോഗ്യ മിഷന്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടനുസരിച്ച് കേരളത്തില്‍ പേവിഷബാധക്കെതിരായ ചികിത്സ തേടുന്നവരില്‍ കൂടുതല്‍ പേരും പൂച്ചയുടെ കടിയേറ്റവരാണ്. 2020ല്‍ 1,70,583 പേരാണ് പൂച്ചയുടെ കടിയേറ്റ് ചികിത്സ തേടിയത്. 1,16,459 ആണ് നായയുടെ കടിയേറ്റ് ആശുപത്രികളിലെത്തിയവരുടെ എണ്ണം. മലപ്പുറത്താണ് പൂച്ചയുടെ കടിയേറ്റവരില്‍ ഏറെയും. നായയുടെ കടിയേറ്റവരില്‍ കൂടുതല്‍ പേര്‍ തിരുവനന്തപുരത്തും. കഴിഞ്ഞ ആറ് മാസത്തിനിടെ 13 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റു മരിച്ചത.് ഇതില്‍ ഒമ്പത് മരണവും മെയ്, ജൂലൈ മാസങ്ങളിലാണ്.

വാക്‌സീന്‍ എടുക്കുന്നവര്‍ക്കും രോഗബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍, റാബിസ് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തി നായ്ക്കളുടെയും മറ്റു വളര്‍ത്തു മൃഗങ്ങളുടെയും കടിയോ മാന്തലോ ഏല്‍ക്കാതെ സൂക്ഷിക്കാന്‍ അവരെ ജാഗ്രതപ്പെടുത്തുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. പേവിഷബാധ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത് കുട്ടികളിലായതിനാല്‍ വിദ്യാലയങ്ങളിലെ ബോധവത്കരണം കൂടുതല്‍ ഫലപ്രദമാകും. ഇതോടൊപ്പം തെരുവുനായ നിയന്ത്രണം ഊര്‍ജിതമാക്കുകയും വേണം. സംസ്ഥാനത്ത് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ ബി സി) പദ്ധതി വഴി തെരുവുനായകളുടെ എണ്ണം കുറക്കാന്‍ കോടികള്‍ ചെലവഴിച്ചെങ്കിലും അത് ഫലപ്രദമായിട്ടില്ല. നായകള്‍ വന്‍തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. സ്‌കൂള്‍, മദ്‌റസാ വിദ്യാര്‍ഥികള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി തെരുവു നായ്ക്കളാണ്. രാത്രിയായാല്‍ നഗരങ്ങളിലും തെരുവുകളിലും നായ്ക്കളുടെ വിളയാട്ടമാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ ഫലപ്രദവും ഊര്‍ജിതവുമായ നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു.



source https://www.sirajlive.com/rabies-infection-despite-vaccination.html

Post a Comment

أحدث أقدم