മാഞ്ചസ്റ്റര്‍ | ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലും റിഷഭ് പന്തിന്റെ സെഞ്ചുറി (125*) നേട്ടത്തിലും ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം. മൂന്നാം ഏകദിനത്തില്‍ 7.5 ഓവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 259 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 42.1 ഓവറില്‍ 261 റണ്‍സെടുത്ത് ലക്ഷ്യംകണ്ടു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.
ഹര്‍ദിക് പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനമാണ് വമ്പന്‍ സ്‌കോര്‍ എടുക്കുന്നതിന് ഇംഗ്ലണ്ടിന് തടസ്സമായത്. ഏഴ് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് പാണ്ഡ്യ നാല് വിക്കറ്റെടുത്തത്. മൂന്ന് ഓവര്‍ മെയ്ഡനുമായി. യുസ്‌വേന്ദ്ര ചാഹല്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 60 റണ്‍സെടുത്തു. ജേസണ്‍ റോയ് 41ഉം മൊയീന്‍ അലി 34ഉം ക്രെയ്ഗ് ഓവര്‍ട്ടണ്‍ 32ഉം റണ്‍സെടുത്തു.
ഇന്ത്യന്‍ ബാറ്റിംഗിന്റെ മുന്‍നിര ഇത്തവണയും നിരാശപ്പെടുത്തി. 38 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാല്‍, റിഷഭ് പന്ത്- ഹര്‍ദിക് പാണ്ഡ്യ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു. പാണ്ഡ്യ 55 ബോളില്‍ 71 റണ്‍സെടുത്തു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ 17 റണ്‍സ് വീതവും ശിഖര്‍ ധവാന്‍ ഒരു റണ്‍സുമാണെടുത്തത്. രവീന്ദ്ര ജഡേജ ഏഴ് റണ്‍സെടുത്തു. ഇംഗ്ലണ്ടിൻ്റെ റീസ് ടോപ്ലി മൂന്ന് വിക്കറ്റെടുത്തു.
source https://www.sirajlive.com/pandya-again-ball-with-century-india-win-the-series-in-the-3rd-odi.html
Post a Comment