കര്‍ണാടകയിലെ ബി ജെ പി നേതാവായ തേജസ്വി സൂര്യക്കെതിരായ വാര്‍ത്തയും റിപോര്‍ട്ടും സ്റ്റോറിയും പ്രസ്താവന പോലും പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് 40 മാധ്യമ സ്ഥാപനങ്ങളെ വിലക്കിയ ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടെ ഉത്തരവ് നിയമ രംഗത്ത് ചര്‍ച്ചാ വിഷയമായി മാറിയിരുന്നു. പിന്നീട് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും ചെയ്തു. പത്താന്‍കോട്ട് ആക്രമണം കവര്‍ ചെയ്തതിന്റെ പേരില്‍ എന്‍ ഡി ടി വിക്ക് അധികൃതര്‍ നേരത്തേ ഒരു ദിവസത്തെ പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്തിയിരുന്നു. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്‌സ് ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതര്‍ എന്‍ ഡി ടി വിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
മാധ്യമങ്ങളെ നിയന്ത്രിക്കാനും സെന്‍സര്‍ ചെയ്യാനുമുള്ള ഔദ്യോഗിക സംവിധാനമാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. സ്റ്റാറ്റ്യൂട്ടറി പദവിയുള്ള അര്‍ധ ജുഡീഷ്യല്‍ സംവിധാനമാണത്. അത്തരമൊരു സ്ഥാപനത്തിന് മാധ്യമങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും വിലക്കേര്‍പ്പെടുത്താനുമുള്ള അധികാരം ഉണ്ടായിരിക്കെ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് പലപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ നടപടികള്‍ക്ക് വിധേയമാകാറുണ്ട്. ഭരണഘടനാപരമായി മാധ്യമങ്ങള്‍ക്ക് ലഭ്യമായ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റെല്ലാ മൗലികാവകാശങ്ങളെപ്പോലെയും നിരുപാധിക അവകാശമല്ലാതിരിക്കെ നിയന്ത്രണങ്ങള്‍ അനിവാര്യമല്ലേ എന്ന മറുചോദ്യം ലളിതമായി ചോദിക്കാമെങ്കിലും നേരാംവണ്ണം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം നിയമബന്ധിതമായിക്കൊണ്ടിരിക്കുന്നു ഇന്ത്യയിലെ മാധ്യമങ്ങള്‍ എന്നതാണ് സത്യം.
രാജ്യദ്രോഹവും മാനനഷ്ടവും ഉയര്‍ത്തിക്കാട്ടി രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മൂക്കുകയറിടാന്‍ പറ്റുമെന്ന സ്ഥിതി നേരത്തേ തന്നെ നിലനില്‍ക്കുന്നുണ്ട്. മാറിവരുന്ന ഭരണകൂടങ്ങളുടെ അത്തരം പ്രതികാര നടപടികളില്‍ നിന്ന് മാധ്യമങ്ങളെ പലപ്പോഴും കരകയറ്റാറുള്ളത് നീതിപീഠങ്ങളാണ്. 2014ന് ശേഷം ഭരണകൂട ഇംഗിത നടത്തിപ്പുകാരല്ലാത്ത നിഷ്പക്ഷ മാധ്യമങ്ങളെ ഭരണകൂടം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെ വേട്ടയാടാന്‍ പാകത്തില്‍ ഈയിടെ കൊണ്ടുവന്ന ഒരു പ്രധാന നിയമ നിര്‍മാണമാണ് ഐ ടി റൂള്‍സ്-2021 എന്ന് സംശയമേതുമില്ലാതെ പറയാം. അത്തരമൊരു റൂള്‍സിന് കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാനിരിക്കുന്ന ഭേദഗതികളോടൊപ്പം മറ്റു ചില നിയമ ഭേദഗതികളും ചേരുന്നതോടെ കടുത്ത സെന്‍സര്‍ഷിപ്പിലേക്ക് പോകാനായിരിക്കും ഇന്ത്യന്‍ മാധ്യമങ്ങളുടെ വിധി.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്‌ട്രേഷനും സമ്പൂര്‍ണ സെന്‍സര്‍ഷിപ്പിനുമുള്ള കളമൊരുങ്ങുകയാണെന്ന നിരീക്ഷണം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. നാഥനില്ലാ കളരിയായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന സര്‍വാംഗീകൃത സാധ്യതയുള്ള ആവശ്യത്തിന് പുറത്ത് സെന്‍സര്‍ഷിപ്പിന്റെ ഇരുമ്പ് മറക്കുള്ളിലടക്കപ്പെടാന്‍ പോകുകയാണ് ജനാധിപത്യ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനം എന്ന ബലമുള്ള നിരീക്ഷണത്തെ തെല്ലൊരു ഉള്‍ക്കിടിലത്തോടെയല്ലാതെ നമുക്ക് തിരിച്ചറിയാനാകില്ല. ഭരണകൂട ഭാഷ്യം മാത്രം പറയുന്ന മാധ്യമങ്ങള്‍ക്ക് മാത്രം അതിജീവനം സാധ്യമാകുന്ന പാരതന്ത്ര്യത്തിന്റെ തുരുത്തായി മാറുമോ നമ്മുടെ രാജ്യമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ നിന്ന് പലകുറി ഉയര്‍ന്നുവന്നിട്ടുണ്ട്.
പാര്‍ലിമെന്റിലെ ഭരണകൂട ഭാഗം മാത്രം രാജ്യത്തെ വാര്‍ത്തയാകുന്ന വിധം വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടല്ലോ കേന്ദ്ര സര്‍ക്കാര്‍. അത് മാത്രം റിപോര്‍ട്ട് ചെയ്യുക എന്നതായിരിക്കും രാജ്യത്തെ വരുംകാലത്തെ മാധ്യമ ധര്‍മം. അതിനപ്പുറം ഒരു വാക്ക് മിണ്ടാന്‍ സെന്‍സര്‍ഷിപ്പിന്റെ കടമ്പ കടക്കേണ്ടിവരും.
സാമൂഹിക മുഖ്യധാരയിലേക്ക് എന്താണ് പ്രസരണം ചെയ്യേണ്ടതെന്ന നൈതികതയുടെ ചോദ്യമാണ് സെന്‍സര്‍ഷിപ്പ് ഉയര്‍ത്തുന്നത്. സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം നിലനിര്‍ത്താന്‍ പൊതുവായി അംഗീകരിക്കപ്പെട്ട മൂല്യവിചാരങ്ങളെ തൃപ്തിപ്പെടുത്തുന്നതാകണം വാര്‍ത്തകളുടെ ഉള്ളടക്കങ്ങള്‍ എന്നതാണ് സെന്‍സര്‍ഷിപ്പിന്റെ പൊരുള്‍. ഭരണഘടന തന്നെയും മുന്നോട്ടുവെക്കുന്ന ന്യായമായ നിയന്ത്രണങ്ങളാണ് ഇക്കാലമത്രയും മാധ്യമ രംഗത്ത് രാജ്യത്ത് നിലനില്‍ക്കുന്ന സെന്‍സര്‍ഷിപ്പിന്റെ ആധാരം. പരസ്യങ്ങള്‍, സിനിമകള്‍, വെബ് സീരീസുകള്‍, മ്യൂസിക്, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, പത്രങ്ങള്‍, മാഗസിനുകള്‍ തുടങ്ങി വിനോദ പരിപാടികളും കലാവിഷ്‌കാരങ്ങളുള്‍പ്പെടെ നിയമവിധേയമായി സെന്‍സര്‍ ചെയ്യപ്പെടാമെന്നാണ്. ഇവയുടെ ലംഘനങ്ങളെ അഡ്രസ്സ് ചെയ്യുന്നതും പരിഹാര നടപടി തേടുന്നതുമായ നിയമങ്ങളും നിയമാസ്തിത്വമുള്ള അധികാര സ്ഥാപനങ്ങളും രാജ്യത്തുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സിനിമറ്റൊഗ്രാഫ് ആക്ട് 1952, കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്‌സ് ആക്ട് 1995 എന്നിവ അത്തരത്തില്‍ പ്രധാനമായതാണ്.
ഐ ടി റൂള്‍സിന് ഇതിനകം കൊണ്ടുവന്ന ഭേദഗതിക്കൊപ്പം വരാനിരിക്കുന്ന മാറ്റങ്ങളോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയകള്‍ക്ക് ഓണ്‍ലൈന്‍ എഡിഷനുമുണ്ടല്ലോ) കടുത്ത ഭരണകൂട നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുമെന്നാണ് കരുതപ്പെടുന്നത്. 2021ലെ ഐ ടി റൂള്‍സിന് കീഴില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ മീഡിയകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരുന്നതെങ്കില്‍ പുതിയ നിയമ നിര്‍മാണത്തിലൂടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒറ്റത്തവണ രജിസ്‌ട്രേഷനും കര്‍ക്കശ പ്രവര്‍ത്തന നിയന്ത്രണങ്ങളുമാണ് കൊണ്ടുവന്നിരിക്കുന്നത്. പ്രസ്സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്ല്-2022 എന്ന പേരില്‍ ഡിജിറ്റല്‍ മീഡിയ ഉള്‍പ്പെടെ നിയമത്തിന്റെ പരിധിയില്‍ വരുന്ന രൂപത്തിലാണ് നിയമ നിര്‍മാണം. അതേസമയം രാജ്യത്തെ വിവിധ ഭരണഘടനാ കോടതികളില്‍ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെട്ട ഐ ടി റൂള്‍സ്, 2020ന് കൊണ്ടുവന്ന പുതിയ ഭേദഗതിയില്‍ പൗരന്റെ മൗലികാവകാശങ്ങളില്‍ ഊന്നിയ മാന്‍ഡേറ്റാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രണ്ടാം തവണയാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റൂള്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതും നീതിപീഠത്തിന്റെ വിമര്‍ശത്തിന് വിധേയമായതും. 2020ലെ ആദ്യ ഐ ടി റൂള്‍സില്‍ നീതിപീഠം പുനഃപരിശോധന ആവശ്യപ്പെട്ടെങ്കിലും വിവാദ വകുപ്പുകള്‍ അപ്പടി നിലനിര്‍ത്തി വീണ്ടും സമാന നിയമം കൊണ്ടുവരികയായിരുന്നു ഭരണകൂടം. ഭരണഘടനാ പരിശോധനയിലായിരിക്കെ മുഖം രക്ഷിക്കാനും റൂള്‍സ് നീതിന്യായ പുനഃപരിശോധനയെന്ന കടമ്പ തരണം ചെയ്യാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഐ ടി റൂള്‍സിന് മൗലികാവകാശങ്ങളില്‍ കാലുറപ്പിച്ചുകൊണ്ടുള്ള പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. അതെന്തായാലും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും ആരോഗ്യകരമായ അഭിപ്രായ സംവാദാന്തരീക്ഷവും നിലനിര്‍ത്തപ്പെടുന്ന വിധം ഐ ടി റൂള്‍സിലെ നീതിന്യായ പുനഃപരിശോധന കലാശിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
source https://www.sirajlive.com/waiting-for-the-indian-media.html
إرسال تعليق