സംസ്ഥാന വൈദ്യുതി ബോര്‍ഡ് വീണ്ടും അവരുടെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ഏതാനും ദിവസങ്ങളാകുന്നു. കേവലം 6.6 ശതമാനമാണ് വര്‍ധനവെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ഇക്കാലത്തിനിടയില്‍ മൊത്തവില സൂചിക 19 ശതമാനം ഉയര്‍ന്നത് കണക്കാക്കിയാല്‍ ഇത് കുറവാണെന്നും അവര്‍ വാദിക്കുന്നു. തന്നെയുമല്ല പ്രതിമാസം അമ്പത് യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഒട്ടും തന്നെ വര്‍ധനവില്ല. കുറഞ്ഞ ഉപയോഗക്കാര്‍ക്ക് വര്‍ധനവില്‍ ഇളവുണ്ട്. ഇത് പറയുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ സ്ഥിരം ചാര്‍ജ്, മീറ്റര്‍ ചാര്‍ജ് മുതലായവയുടെ പേരില്‍ ബോര്‍ഡ് പിഴിഞ്ഞെടുത്ത തുകയെപ്പറ്റി മിണ്ടില്ല. ഒരു മാസത്തിനു പകരം രണ്ട് മാസത്തിലൊരിക്കലാക്കി ബില്ല് കണക്കാക്കുക വഴിയുണ്ടാകുന്ന അധിക ബാധ്യത വേറെയുമുണ്ട്. സത്യത്തില്‍ ചെറുകിട സംരംഭകരും പെട്ടിക്കടകള്‍ ഒഴിച്ചുള്ള വ്യാപാരികളും ഇന്ന് അങ്ങേയറ്റം ബുദ്ധിമുട്ടിലാണ്. അവര്‍ക്ക് ചെറിയ അധിക ഭാരം പോലും താങ്ങാനാകാത്ത സ്ഥിതിയാണ്. കേരളത്തില്‍ എയര്‍ കണ്ടീഷനര്‍ അടക്കം ഉപയോഗിക്കുന്ന മധ്യവര്‍ഗവും സമ്പന്നരുമായ ഗാര്‍ഹിക ഉപഭോക്താക്കൾക്ക് ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തുകയായിരുന്നു വേണ്ടത്. ശമ്പള പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ പ്രയോജനം കിട്ടിയ ഈ കൂട്ടര്‍ക്ക് അത് താങ്ങാനാകും. തീര്‍ച്ചയായും സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് എ സിയൊക്കെ ഉപയോഗിക്കുന്നത്. അവരെ പിഴിയുന്നതില്‍ വലിയ തെറ്റില്ല താനും.
ബോര്‍ഡ് പറയുന്ന മറ്റൊരു ന്യായം ഇതൊന്നും ഞങ്ങളല്ല വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുന്നത് എന്നതാണ്.
അതതു കാലത്തെ ഭരണ കക്ഷികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി മാത്രം പറയുന്ന ഒരു ന്യായമാണിത്. പെട്രോള്‍, ഡീസല്‍, പാചക വാതക നിരക്കിന്റെ വര്‍ധനവില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പോലെയാണിത്. സര്‍ക്കാര്‍ തന്നെ നിയമിക്കുന്ന കമ്മീഷന്‍ ആണിത്. ഒരു തന്ത്രം എന്ന നിലയില്‍ വളരെ കൂടിയ ഒരു വര്‍ധനവ് ബോര്‍ഡ് കമ്മീഷന് മുന്നില്‍ ആവശ്യപ്പെടും. കുറച്ച് കുറവ് വരുത്തി അത് അംഗീകരിക്കും. ഈ നിരക്ക് വര്‍ധനക്കാധാരമായ സാമ്പത്തിക ഘടകങ്ങളെ കുറിച്ച് കമ്മീഷന്‍ കാര്യമായ ഒരു ചോദ്യവും ഉയര്‍ത്താറില്ല. ഇക്കാര്യത്തില്‍ കമ്മീഷന്‍ നടത്തുന്ന ഒരു പൊതു തെളിവെടുപ്പ് എന്ന പ്രഹസനം ഒരു ഉദാഹരണം മാത്രം. ബോര്‍ഡിന്റെ വീഴ്ചകള്‍ സംബന്ധിച്ച് പൊതു ജനങ്ങള്‍ ഉന്നയിക്കുന്ന പരാതികളൊന്നും കാര്യമായെടുക്കാറില്ല. ഏതെങ്കിലും ഗൗരവതരമായ വീഴ്ചകള്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയാല്‍ തന്നെ അതിനൊന്നും ബോര്‍ഡ് ഗൗരവതരമായ മറുപടികള്‍ നല്‍കാറുമില്ല.
ഒരൊറ്റ ഉദാഹരണം മാത്രം പറയാം. വൈദ്യുതി നിരക്ക് കൂട്ടി. ആത്യന്തികമായി വിഭവ സമാഹരണമാണ് ലക്ഷ്യം വെക്കുന്നത്. ബോര്‍ഡ് നഷ്ടത്തിലാണ് എന്ന വാദമാണല്ലോ അതിന്റെ നിരക്ക് കൂട്ടാനുള്ള ന്യായമായി ഉയര്‍ത്തിക്കാട്ടുന്നത്. ഈ നഷ്ടത്തിന് യാതൊരു ന്യായീകരണവും ഇല്ല. എന്തുകൊണ്ടാണ് ഇങ്ങനെ നിരന്തരം നിരക്കുയരുന്നത്? ഡല്‍ഹിയും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങള്‍ 200 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നു. ബാക്കി വൈദ്യുതി നിരക്ക് വളരെ കുറഞ്ഞും ഇരിക്കുന്നു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ നിരക്കുകള്‍ തന്നെ വളരെ കുറവാണ്. ഇത് സംബന്ധിച്ചുള്ള ഒരു വിധ അന്വേഷണങ്ങളും നടത്താന്‍ ബോര്‍ഡ് തയ്യാറല്ല. കാലാകാലങ്ങളില്‍ ബോര്‍ഡിന്റെ തലപ്പത്ത് വരുന്ന ഉന്നതര്‍ ആരെങ്കിലും അക്കാര്യം ഒന്ന് തേടാന്‍ തുനിഞ്ഞാല്‍ പിന്നെ അയാള്‍ക്ക് അവിടെ അധികകാലം വാഴാന്‍ കഴിയില്ല. ഏറ്റവും ഒടുവില്‍ ഡോക്ടര്‍ ബി അശോക് എന്ന ഐ എ എസുകാരനുണ്ടായ അനുഭവം നമ്മള്‍ കണ്ടതാണ്. യൂനിയന്‍ നേതാക്കളുടെ എല്ലാവിധ തേര്‍വാഴ്ചകളും അംഗീകരിക്കാന്‍ തയ്യാറല്ലെന്നു സൂചിപ്പിച്ചപ്പോള്‍ മുതല്‍ അയാള്‍ മൂരാച്ചിയായി, സ്വകാര്യവത്കരണത്തിന്റെ വക്താവായി, നികൃഷ്ട ജീവിയായി. ഏറ്റവും ഒടുവില്‍ കേട്ടത് ഡോ. അശോകിനെ പുറത്തു ചാടിക്കാന്‍ ശക്തമായ സമരം നയിച്ച മുന്‍ നേതാവ് തന്നെ റെഗുലേറ്ററി കമ്മീഷന്‍ അംഗമാകാന്‍ പോകുന്നു എന്നാണ്. ഈ നേതാവ് നടത്തിയ ധൂര്‍ത്തിനെ പറ്റി ചില സൂചനകള്‍ നല്‍കിയപ്പോഴാണ് അശോക് അനഭിമതനായത്.
ബോര്‍ഡിന്റെ കെടുകാര്യസ്ഥതക്ക് അനേക പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കാലാകാലങ്ങളില്‍ ഇത് ഭരിച്ചവര്‍ക്കെല്ലാം അതില്‍ ഉത്തരവാദിത്വവും ഉണ്ട്. ഭാവി വൈദ്യുതാവശ്യം കണക്കാക്കുന്നതിലെ പൊള്ളത്തരം മാത്രം മതി ഇവരുടെ വൈദഗ്ധ്യം മനസ്സിലാക്കാന്‍.
എപ്പോഴും പെരുപ്പിച്ചു കാണിക്കുന്ന ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അതില്‍ പലതും വന്‍ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നവ ആയിരിക്കും. എന്നാല്‍ പുതിയ പല പോസ്റ്റുകളും അത് വഴി യൂനിയന്‍ അംഗത്വ വര്‍ധനവും ആവശ്യമായി വരുന്ന യൂനിയന്‍ നേതൃത്വങ്ങളുടെ അഭിപ്രായങ്ങളാകും ഇതിന്റെ എല്ലാം പിന്നില്‍. ഒരു വിദഗ്ധനും ഒന്നും ചെയ്യാനില്ല. സൈലന്റ് വാലി പദ്ധതിക്ക് വേണ്ടി വാദിച്ചിരുന്ന കാലത്ത് കേരളത്തിന്റെ ആവശ്യമായി 2000ത്തില്‍ ഉയര്‍ത്തിക്കാണിച്ചിരുന്ന ആവശ്യത്തിന്റെ പാതി പോലും ഇന്ന് ആവശ്യമല്ല. എന്നാല്‍ ഈ പെരുപ്പിച്ച ആവശ്യം ഉയര്‍ത്തിക്കാട്ടി കൊണ്ടുവന്ന മരമണ്ടന്‍ പദ്ധതികള്‍ ബോര്‍ഡിന് നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങള്‍ ആയിരക്കണക്കിന് കോടി രൂപയാണ്.
ലോകത്തൊരിടത്തും പൊതു വിതരണത്തിന് വേണ്ടി സ്ഥാപിക്കപ്പെടാത്തതാണ് ഡീസല്‍ നിലയങ്ങള്‍. ബ്രഹ്‌മപുരം, കോഴിക്കോട്ടെ നല്ലളം, കാസര്‍കോട് മൈലാട്ടി എന്നീ നിലയങ്ങള്‍ ഇത്രയും കാലം പ്രവര്‍ത്തിപ്പിച്ചിട്ട് എത്ര യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന കണക്കെടുത്താല്‍ അത് തന്നെ ഒരു ഫലിതമായിരിക്കും. എന്നാല്‍ ഈ നിലയങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി മുടക്കിയ പണവും അതിന്റെ വായ്പക്ക് നല്‍കുന്ന പലിശയും ഇപ്പോഴും അവിടെ ഇരുന്നുറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ലക്ഷക്കണക്കിന് രൂപ ശമ്പളവും എത്രയാണ്? കായംകുളം ഒരു കേന്ദ്ര സര്‍ക്കാര്‍ നിലയമെന്നു കരുതി സമാധാനിക്കുക. അവിടെ നിന്ന് വൈദ്യുതി വാങ്ങാതിരിക്കുന്നതിന് ബോര്‍ഡ് പ്രതിവര്‍ഷം നല്‍കുന്ന ഐഡലിംഗ് ചാര്‍ജ് നൂറുകണക്കിന് കോടിയാണ്. കൊച്ചിയിലെ ഏലൂരില്‍ ഇപ്പോള്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ നിലയത്തില്‍ നിന്ന് കമ്പോള വിലയേക്കാള്‍ വളരെ കൂടിയ നിരക്കില്‍ നമ്മള്‍ എത്ര കൊല്ലങ്ങള്‍ വൈദ്യുതി വാങ്ങി? അതിന്റെ നഷ്ടം എത്രായിരം കോടികളായിരുന്നു? അതിരപ്പിള്ളി നിലയം വരാത്തതിന് പരിസ്ഥിതി പ്രവര്‍ത്തകരെ നിരന്തരം ശകാരിക്കുന്ന ബോര്‍ഡ് ഇതിനകം നിര്‍മാണം തുടങ്ങിയ എത്ര പദ്ധതികള്‍ പൂര്‍ത്തിയാക്കി എന്നും അവക്കായി മുടക്കിയ കോടികള്‍ എത്രയെന്നും തുറന്നു പറഞ്ഞാല്‍ ജനങ്ങള്‍ ഇപ്പോള്‍ ചുമക്കുന്ന ഭാരത്തിന് ആരാണ് ഉത്തരവാദികള്‍ എന്ന് പെട്ടെന്ന് ബോധ്യമാകും.
ബോര്‍ഡില്‍ 6,000 ജീവനക്കാര്‍ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. പല പുതിയ നിയമനങ്ങള്‍ക്കും ഇവരുടെ ശമ്പള പരിഷ്‌കരണത്തിനും ധനകാര്യ വകുപ്പിന്റെ അനുമതി പോലും യഥാസമയം വാങ്ങിയിട്ടില്ല എന്ന് സി എ ജിയും മറ്റും പറഞ്ഞിട്ടുമുണ്ട്. കേരളത്തില്‍ ചീഫ് സെക്രട്ടറിയുടെ ശമ്പളമാണ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക്. ഓവർസിയര്‍ക്ക് ശമ്പളം 1.25 ലക്ഷം രൂപ. 50,000 രൂപയൊക്കെ ആണ് കുറഞ്ഞ പെന്‍ഷന്‍. സത്യത്തില്‍ യാതൊരു നീതീകരണവും ഇല്ലാത്ത ട്രേഡ് യൂനിയന്‍ മുട്ടാളത്വത്തിന്റെ ഫലം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡിനെ മൂന്നോ നാലോ കമ്പനികളായി വിഭജിച്ച് സ്വകാര്യവത്കരിച്ചാല്‍, ഈ മുട്ടാളത്വം അവസാനിപ്പിച്ചാല്‍ നിരക്ക് വളരെ കുറയും എന്ന വലതുപക്ഷ ചിന്തക്ക് സ്വാധീനം കൂടും. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അവശ്യഘടകമായി വൈദ്യുതി മാറിയിരിക്കുന്നു. അതിന്റെ നിരക്ക് വര്‍ധന പ്രത്യക്ഷമായും പരോക്ഷമായും അവരുടെ ജീവിതച്ചെലവിനെ ബാധിക്കുന്നു. പൊതുമേഖല എന്ന പേരില്‍ നില്‍ക്കുന്നത് കൊണ്ടെന്ത് പ്രയോജനം എന്നവര്‍ ചിന്തിക്കും. ചുരുക്കത്തില്‍ കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിലും നല്‍കുന്നതിന്റെ പലമടങ്ങ് ശമ്പളവും മറ്റാനുകൂല്യങ്ങളും ബോര്‍ഡിലെ ചിലര്‍ക്ക് ലഭ്യമാക്കാന്‍, ചില യൂനിയന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വകാര്യ സ്വത്ത് പോലെ കൊണ്ടുനടക്കാന്‍, പല കക്ഷികള്‍ക്കും ഒരു കറവപ്പശുവാക്കാന്‍ ഒക്കെ വേണ്ടി ട്രേഡ് യൂനിയന്‍ രാഷ്ട്രീയമുഷ്‌ക് ഉപയോഗിക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ (അത് ഏത് കക്ഷിയായാലും) തയ്യാറായില്ലെങ്കില്‍ ചങ്ങല പ്രതികരിക്കും. കേവലം കക്ഷി രാഷ്ട്രീയ അടിമത്തം കൊണ്ട് ഇതിനെ അധിക കാലം തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല.
source https://www.sirajlive.com/what-is-the-real-reason-for-the-increase-in-electricity-rates.html
إرسال تعليق