എസ് എസ് എല്‍ സി വിജയിച്ച വിദ്യാര്‍ഥികള്‍ വളരെ പണിപ്പെട്ട് നീന്തല്‍ പഠിച്ചതും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ക്കു മുമ്പില്‍ നീന്തല്‍ കഴിവ് തെളിയിച്ച് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചതും വെറുതെയായി. ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് പോയിന്റിനു നീന്തല്‍ പരിഗണിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറയുന്നത്. പിന്നെ എന്തിനായിരുന്നു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ഥികളുടെ നീന്തല്‍ പ്രാവീണ്യം പരിശോധിക്കാനെത്തിയത്? ഓരോ നീന്തല്‍ പരിശോധനാ കേന്ദ്രങ്ങളിലും വിശപ്പും ദാഹവും സഹിച്ച് മണിക്കൂറുകളോളം കാത്തുനിന്നാണ് വിദ്യാര്‍ഥികള്‍ നീന്തല്‍ കഴിവ് തെളിയിച്ചു കൊടുത്തത്.
സംസ്ഥാന കായിക വകുപ്പ് ഏപ്രില്‍ 27ന് പുറപ്പെടുവിച്ച ഉത്തരവും ജൂണ്‍ 22ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അയച്ച കത്തും പരിഗണിച്ചാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നീന്തല്‍ അറിയാമോ എന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇറങ്ങിത്തിരിച്ചതെന്നാണ് വിവരം. മിക്ക ജില്ലകളിലും കൗണ്‍സില്‍ ഇതിനായി നീന്തല്‍ കുളങ്ങളില്‍ പരിശോധന സംഘടിപ്പിക്കുകയും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പരിശോധനയില്‍ പങ്കെടുക്കാന്‍ എത്തുകയും ചെയ്തിരുന്നു. ചില കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ ആധിക്യം കൊണ്ട് അധികൃതര്‍ വല്ലാതെ പ്രയാസപ്പെട്ടു. ഇതൊന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിഞ്ഞില്ലെന്നു വിശ്വസിക്കാന്‍ പ്രയാസം. എന്നിട്ടും നീന്തല്‍ പ്രാവീണ്യ പരിശോധന നടത്തേണ്ടതില്ലെന്ന് കായിക വകുപ്പിനോ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്കോ നിര്‍ദേശം നല്‍കിയില്ല. രണ്ട് ദിവസം മുമ്പ് കണ്ണൂര്‍ ചക്കരക്കല്ലില്‍ പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് പോയിന്റ് ആഗ്രഹിച്ച് നീന്തല്‍ പഠിക്കുന്നതിനിടെ ഒരു വിദ്യാര്‍ഥിയും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പിതാവും മുങ്ങിമരിച്ചപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന് ബോധോദയം വന്നത്.
കുട്ടികള്‍ പുഴകളിലോ തടാകങ്ങളിലോ കുളങ്ങളിലോ വീണുമരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ക്കു നീന്തല്‍ പരിശീലനം നല്‍കണമെന്ന ആശയം ഉയര്‍ന്നു വന്നത്. നീന്തല്‍ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും അത് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. സ്‌കൂളുകളില്‍ നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലങ്ങളിലും നീന്തല്‍ കുളങ്ങള്‍ നിര്‍മിക്കുമെന്നും 2019 ജൂണില്‍ തൃശൂര്‍ ചെമ്പുചിറയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കവേ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രസ്താവിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിനായി സംസ്ഥാന കായിക വകുപ്പ് 2019ല്‍ “സ്പ്ലാഷ്’ പദ്ധതി ആരംഭിക്കുകയും ചെയ്തു. നീന്തല്‍ പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രചോദിതരാക്കുന്നതിന്റെ ഭാഗമായി തന്നെയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ ബോണസ് പോയിന്റ് ഇനത്തില്‍ ഉള്‍പ്പെടുത്തിയതും. മുന്‍ വര്‍ഷങ്ങളില്‍ ഇത് പരിഗണിക്കുകയും ചെയ്തിരുന്നു.
നദികളും മറ്റു ജലാശയങ്ങളും ധാരാളമുള്ള കേരളത്തില്‍ ഇത്തരം മേഖലകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പേരും ജീവിക്കുന്നത്. മാത്രമല്ല മഴക്കാലത്ത് സംസ്ഥാനത്തെങ്ങും വെള്ളക്കെട്ടുകള്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ വ്യക്തിയും വിശിഷ്യാ, കുട്ടികള്‍ നീന്തല്‍ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം രക്ഷക്കെന്നത് മാത്രമല്ല, നല്ലൊരു ആരോഗ്യദായനിയും ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വും ഉന്മേഷവും നല്‍കുന്ന വ്യായാമവും കൂടിയാണ് നീന്തല്‍. കൈകാലുകളുടെ കരുത്ത് വര്‍ധിപ്പിക്കാനും മസിലുകള്‍ക്ക് കരുത്തും ഫിറ്റ്നസും ലഭിക്കാനും രക്തയോട്ടം ക്രമീകരിക്കാനും പ്രമേഹം, രക്തസമ്മര്‍ദം, സ്‌ട്രോക്ക് എന്നിവ നിയന്ത്രിക്കാനും മാനസിക സമ്മര്‍ദവും ഉത്കണ്ഠയും കുറക്കാനും ഹൃദയത്തിന്റെയും കരളിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും നീന്തല്‍ സഹായിക്കുമെന്ന് ആരോഗ്യ വിചക്ഷണര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കാലങ്ങളില്‍ മറ്റാരുടെയും പ്രേരണ കൂടാതെ തന്നെ കുട്ടികള്‍ സ്വയമേവ നീന്തല്‍ പരിശീലനം നേടിയിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ടുവന്നാല്‍ പാഠപുസ്തകങ്ങള്‍ അടങ്ങിയ ബാഗ് വീട്ടിലെവിടെയെങ്കിലും വെച്ച് തൊട്ടപ്പുറത്തെ പുഴയിലോ തോട്ടിലോ കുളത്തിലോ ചാടിത്തിമിര്‍ക്കുന്ന അക്കാലത്തെ കുട്ടികളില്‍ നീന്തല്‍ അറിയാത്തവര്‍ ചുരുക്കം. ജീവിതം ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും ഒതുങ്ങിയതോടെ പുതിയ തലമുറയില്‍ നല്ലൊരു വിഭാഗത്തിന് പുഴകളും കുളങ്ങളും കടവുകളും അന്യമായി. കുളി ബാത്ത് റൂമിലെ ബക്കറ്റ് വെള്ളത്തില്‍ പരിമിതപ്പെട്ടു. സ്വിമ്മിംഗ് പൂളുകളില്‍ ചെന്ന് പരിശീലനം നേടണമെങ്കില്‍ ഉയര്‍ന്ന ഫീസും നല്‍കണം. അതോടെ നീന്തല്‍ വശമില്ലാത്തവരായി ഇവരില്‍ മിക്കപേരും.
പഞ്ചായത്തുകള്‍ തോറും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും സൗകര്യപ്രദമായ കുളങ്ങള്‍ നിര്‍മിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ വശമില്ലാത്ത സാധാരണക്കാര്‍ക്കും പരിശീലനത്തിന് അത് സഹായകമാകും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും രക്ഷിതാക്കളെ സഹകരിപ്പിച്ച് സ്‌കൂളുകള്‍ക്കും സാധ്യമാക്കാവുന്നതേയുള്ളൂ ഇത്. തൊഴിലുറപ്പ് പദ്ധതിയും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. നിലവില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ വൃഷ്ടി പ്രദേശത്ത് ജലം ലഭ്യമാക്കുന്നതിന് നീര്‍ച്ചാലുകള്‍, കുളങ്ങള്‍, കിണര്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. നീന്തല്‍കുള നിര്‍മാണവും ഈ ഗണത്തില്‍ പെടുത്താവുന്നതേയുള്ളൂ. എങ്കില്‍ കുട്ടികള്‍ക്ക് നീന്തല്‍ പഠിക്കാന്‍ കുളങ്ങള്‍ തേടി അലയേണ്ട ആവശ്യമുണ്ടാകില്ല. സംസ്ഥാനത്ത് ചില സ്‌കൂളുകളില്‍ കായിക യുവജന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സിം ആന്‍ഡ് സര്‍വൈവ് (ജീവന്‍ രക്ഷാ നീന്തല്‍ ട്രൈനിംഗ്) പദ്ധതിയുടെ ഭാഗമായി കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ വ്യാപിപ്പിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
source https://www.sirajlive.com/swimming-practice-and-bonus-marks.html
إرسال تعليق