നാഷണല്‍ ഹെറാള്‍ഡ്: സോണിയാ ഗന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകും. ഇന്ന് ഹാജരാകാന്‍ സോണിയക്ക് നേരത്തെ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മുമ്പും സോണിയ ഗാന്ധിക്ക് ഇഡി സമന്‍സ് അയച്ചിരുന്നുവെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവര്‍ ഇഡിയോട് സമയം തേടുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. 40 മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.

രാഹുലിനും പ്രിയങ്കക്കും ഒപ്പമായിരിക്കും സോണിയ ഇ ഡി ഓഫീസില്‍ എത്തുക. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും ഒരു വനിതാ അസിസ്റ്റന്റ് ഡയറക്ടറെയും ഏജന്‍സി നിയോഗിച്ചിട്ടുണ്ട്. സോണിയയെ ചോദ്യം ചെയ്യുന്നതിനായി 50 ലധികം ചോദ്യങ്ങളും ഇ ഡി തയ്യാറാക്കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ സോണിയയോട് ഇ ഡി ആരായും. ഇഡി ഉദ്യോഗസ്ഥര്‍ സോണിയാ ഗാന്ധിയെ അഭിഭാഷകനെ ഒപ്പം കൂട്ടാന്‍ അനുവദിക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം സോണിയയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിവിവിധയിടങ്ങളില്‍ മാര്‍ച്ചുകള്‍ നടത്തും. രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും എല്ലാ സംസ്ഥാനങ്ങളിലെയും സംസ്ഥാന അധ്യക്ഷന്‍മാരെയും സിഎല്‍പിമാരെയും കോണ്‍ഗ്രസ് ഡല്‍ഹിയിലേക്ക് വിളിച്ചിട്ടുണ്ട്. എ ഐ സി സി ആസ്ഥാനത്ത കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

 



source https://www.sirajlive.com/national-herald-ed-to-question-sonia-gandhi-today.html

Post a Comment

Previous Post Next Post