കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി; നദികളിൽ ജലനിരപ്പ് ഉയരുന്നു

കോട്ടയം | കനത്ത മഴ പെയ്യുന്ന കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. മീനച്ചിൽ താലൂക്കിൽ മൂന്നിലവിലാണ് ഉരുൾപൊട്ടിയത്. നഗരത്തിൽ വെള്ളം കയറിയ നിലയിലാണ്. ജനവാസ മേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് വിവരം. മേച്ചാൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്നാണ് നഗരത്തിൽ വെള്ളം കയറിയത്. പലരും ബന്ധുവീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നുണ്ട്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ വിവിധ വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്തും. കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല.

ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി. മലയോര മേഖലകളിലേക്ക് രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. രാത്രിയാത്ര നിയന്ത്രണം വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ്. എല്ലാവരും രാത്രിയാത്ര ഒഴിവാക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്ക്കാലികമായി അടച്ചു.
മഴ; കൺട്രോൾ റൂം നമ്പരുകൾ
ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു.
📞 *ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ*-0481 2565400, 2566300, 9446562236, 9188610017.
*താലൂക്ക് കൺട്രോൾ റൂമുകൾ*
📞മീനച്ചിൽ-04822 212325,
☎️ചങ്ങനാശേരി-0481 2420037,
📞കോട്ടയം-0481 2568007, 2565007,
☎️കാഞ്ഞിരപ്പള്ളി-04828 202331,
📞 ‘വൈക്കം-04829 231331.


source https://www.sirajlive.com/kottayam-erupted-again-rivers-are-rising.html

Post a Comment

أحدث أقدم