കോടതികളുടെ പരിഗണനയിലുള്ള കേസുകളിലെ മാധ്യമ വിചാരണക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ പി പര്‍ദിവാല കഴിഞ്ഞ ദിവസം നടത്തിയത്. പ്രവാചകര്‍ മുഹമ്മദ് നബിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേസിലെ പ്രതി നൂപുര്‍ ശര്‍മയെ ശാസിച്ച സുപ്രീം കോടതി ജഡ്ജിമാരെ ആക്ഷേപിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകളുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് പര്‍ദിവാലയുടെ വിമര്‍ശം. വിയോജിപ്പുള്ള വിധിപ്രസ്താവങ്ങളെ വിമര്‍ശിക്കുന്നതിനു പകരം വിധി പ്രസ്താവിച്ച ജഡ്ജിമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. നിയമത്തില്‍ എന്ത് പറയുന്നുവെന്ന് ആലോചിക്കുന്നതിനു പകരം മാധ്യമങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്ന് ജഡ്ജിമാര്‍ ചിന്തിക്കാനും നിയമ വ്യവസ്ഥയെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കാനും ഇതിടയാക്കുമെന്ന് അദ്ദേഹം വിലയിരുത്തി. കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ സാമൂഹിക, ഡിജിറ്റല്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്കെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ ഫയല്‍ ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ നല്‍കിയ ഹരജിയുടെ പരിഗണനാവേളയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ പി പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നൂപുര്‍ ശര്‍മയെ വിമര്‍ശിച്ചത്. ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവമുള്‍പ്പെടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നൂപുര്‍ ശര്‍മയാണെന്നും അവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. മതത്തോടുള്ള പ്രതിബദ്ധതയല്ല, മതസ്പര്‍ധ സൃഷ്ടിക്കലായിരുന്നു നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ പിന്നിലെന്നും കോടതി വിലയിരുത്തി.
ജഡ്ജിമാര്‍ വാക്കാല്‍ നടത്തിയ ഈ പരാമര്‍ശങ്ങളെ ചൊല്ലിയാണ് ജസ്റ്റിസുമാരായ ഇരുവരെയും ഹിന്ദുത്വ വാദികള്‍ സാമൂഹിക മാധ്യമങ്ങളില്‍ ടാര്‍ഗറ്റ് ചെയ്തതും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയതും. ജസ്റ്റിസ് സൂര്യകാന്ത് കോണ്‍ഗ്രസ്സുകാരനാണെന്നു ചിലര്‍. ജിഹാദിയാണെന്നു മറ്റു ചിലര്‍. ഉദയ്പൂരില്‍ മുസ്‌ലിംകളായ പ്രതികള്‍ നടത്തിയ കൊലപാതകം ജഡ്ജിമാരുടെ കണ്ണില്‍ പെടാതെ പോയതെന്തു കൊണ്ടാണ് തുടങ്ങിയ കമന്റുകളുമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പലരും രംഗത്തെത്തിയത്. രണ്ട് ജഡ്ജിമാരെയും പുറത്താക്കണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുകയുണ്ടായി.
വിമര്‍ശനത്തിന് അതീതമല്ല കോടതി വിധികളും പരാമര്‍ശങ്ങളും. കോടതികളില്‍ എത്തുന്ന കേസുകളില്‍ അവ കൈകാര്യം ചെയ്യുന്ന ജഡ്ജിമാര്‍ക്ക് അവരുടേതായ വീക്ഷണങ്ങളും നിരീക്ഷണങ്ങളുമുണ്ടാകാം. സമൂഹത്തിന് അത് ഉള്‍ക്കൊള്ളുകയോ നിരാകരിക്കുകയോ ചെയ്യാം. വിയോജിപ്പുണ്ടെങ്കില്‍ അവയെ വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വരുതിയില്‍ വരുന്നതാണ്. എന്നാല്‍ ജസ്റ്റിസ് ജെ പി പര്‍ദിവാല അഭിപ്രായപ്പെട്ടതു പോലെ, വിയോജിപ്പുള്ള കോടതി പരാമര്‍ശങ്ങളുടെ പേരില്‍ ജഡ്ജിമാരെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. മറ്റുള്ളവര്‍ക്കെതിരെ ആരോപണമുന്നയിച്ച് “മാധ്യമ സ്വാതന്ത്ര്യ’ത്തില്‍ അഭയം തേടുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന ജസ്റ്റിസ് ദീപങ്കര്‍ ദത്തയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. 2020 ഒക്‌ടോബറില്‍ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.
കോടതി വാര്‍ത്തകളും വിശദാംശങ്ങളും റിപോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം വേണമെന്ന് 2012ല്‍ സഹാറാ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നല്‍കിയ നിര്‍ദേശം സാമൂഹിക മാധ്യമങ്ങള്‍ക്കും ബാധകമാണ്. വാര്‍ത്താ പ്രസരണ രംഗത്ത് മാധ്യമങ്ങളുടെ പങ്ക് തന്നെയാണ് നവ മാധ്യമങ്ങള്‍ക്കും വഹിക്കാനുള്ളത്. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാ പരിരക്ഷയുള്ള മൗലികാവകാശമാണെന്നതു പോലെ കോടതികളില്‍ തന്റേതായ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള ജഡ്ജിമാരുടെ അവകാശത്തിനും ഭരണഘടനാ പരിരക്ഷയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ നാടിനോ അപകീര്‍ത്തി ഉണ്ടാകുന്ന വാര്‍ത്തകള്‍ കൊടുക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ആഗോളതലത്തില്‍ തന്നെ കടുത്ത വിമര്‍ശനത്തിനു വിധേയമായതും രാജ്യത്തെ സമാധാന- മതസൗഹാര്‍ദാന്തരീക്ഷത്തിനു ഭീഷണി ഉയര്‍ത്തുന്നതും തികച്ചും അനുചിതവും അനാവശ്യമായതും ആയിരുന്നു പ്രവാചകനെക്കുറിച്ചുള്ള നൂപുര്‍ ശര്‍മയുടെ പരാമര്‍ശങ്ങള്‍. ഈയൊരു പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ നന്മയോര്‍ത്തായിരിക്കണം നൂപുര്‍ ശര്‍മക്കെതിരായ ജഡ്ജിമാരുടെ വിമര്‍ശങ്ങള്‍.
ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് സാമൂഹിക മാധ്യമങ്ങള്‍. 2019 സെപ്തംബറിലെ കണക്ക് പ്രകാരം ഇന്ത്യയില്‍ മൊബൈല്‍ കണക്്ഷനുകളുടെ എണ്ണം നൂറ് കോടി പിന്നിട്ടു. ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ 96 ശതമാനവും ആന്‍ഡ്രോയിഡ് ഫോണുകളാണെന്നും ഇന്ത്യക്കാര്‍ പത്ത് മിനുട്ട് ഫോണില്‍ ചെലവഴിച്ചാല്‍ അതില്‍ അഞ്ച് മിനുട്ടും സമൂഹ മാധ്യമങ്ങളിലാണ് വിനിയോഗിക്കുന്നതെന്നുമുള്ള റിപോര്‍ട്ട് നവ മാധ്യമങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യത്തിനു കാവലേകാനും സമൂഹത്തില്‍ നന്മകള്‍ വിതക്കാനും അവക്കു ശേഷിയുണ്ട്. അതേസമയം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ സമൂഹത്തില്‍ തിന്മയും നാശവും വിതക്കുകയും ചെയ്യും. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ എഡിറ്റിംഗിലൂടെ സത്യമെന്ന വിധേന അവതരിപ്പിച്ച് രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച സംഭവങ്ങള്‍ നിരവധിയാണ്. പല ആള്‍ക്കൂട്ട കൊലകള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിട്ടത് സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം വ്യാജ വാര്‍ത്തകളായിരുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ നന്മയുടെ പ്രസരണത്തേക്കാള്‍ തിന്മയുടെ വ്യാപനത്തിനാണ് കൂടുതലായി നവ മാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്ന് കാണാനാകും. അതേസമയം ജസ്റ്റിസ് പര്‍ദിവാല ആവശ്യപ്പെട്ടതു പോലെ ഇവയുടെ ദുരുപയോഗത്തിനെതിരെ നിയമം ആവിഷ്‌കരിച്ചാല്‍, രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ സദുദ്ദേശ്യപരമായ ആശയ പ്രചാരണത്തെയും അത് ബാധിച്ചെന്നു വരാം. അതുകൊണ്ട് ഇവയുടെ ഉപയോക്താക്കള്‍ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്.
source https://www.sirajlive.com/court-proceedings-and-social-media.html
Post a Comment