പച്ചമണ്ണിന്റെ ഗന്ധമറിയുക

കേരളത്തില്‍ കനത്ത മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ കാലാവസ്ഥാ ഡിപ്പാര്‍ട്ട്‌മെന്റ് (ഐ എം ഡി) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, വരും ദിവസങ്ങളില്‍ മിക്ക ജില്ലകളിലും കനത്ത മഴ തുടരാനുള്ള സാധ്യതകളുമുണ്ട്. ഇന്ത്യ പോലെയുള്ള ഒരു രാജ്യം ഏറെ പ്രതീക്ഷയോടെയാണ് മഴക്കാലത്തെ സമീപിക്കേണ്ടത്. ഇന്ത്യയിലെ കൃഷിയോഗ്യമായ 60 ശതമാനം ഭൂമിയും ജലസേചന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇന്ത്യയിലെ 70 ശതമാനം മഴയും മണ്‍സൂണ്‍ കാലത്താണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മഴക്കാലത്തെ ഏറെ പ്രാധാന്യത്തോടെ സമീപിക്കുക എന്നത് ദീര്‍ഘ വീക്ഷണമുള്ള സമീപനത്തിന്റെ ഭാഗം കൂടിയാണ്. മഴക്കാലത്തെ സാധ്യതകള്‍ മനസ്സിലാക്കുകയും ദുരന്തങ്ങളെ നേരിടാനുള്ള മുന്‍കരുതലുകളുണ്ടാകുകയുമാണ് വേണ്ടത്.

ജലവും കൃഷിയും ആരോഗ്യവും പരിസ്ഥിതിയുമെല്ലാം പരസ്പര ബന്ധിതമായ കാര്യങ്ങളാണ്. ഇവയോടെല്ലാം കരുതലോടെയുള്ള സമീപനം ഉണ്ടാകുമ്പോഴാണ് മഴക്കാലം കൂടുതല്‍ സമ്പന്നമാകുന്നത്. ജലമാണ് ഏറെ പ്രധാനം. ജലത്തിന്റെ ലഭ്യതയാണ് മനുഷ്യന്റെ ആരോഗ്യവും കൃഷിയിലെ ഫലങ്ങളെയും നിര്‍ണയിക്കുന്നത്. അതിലൂടെയാണ് പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പാകുന്നതും. യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് 2.2 ബില്യണ്‍ ആളുകള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. 90 ശതമാനം പ്രകൃതി ദുരന്തങ്ങളും ജലോപയോഗത്തെ കേന്ദ്രീകരിച്ചാണ്. ഇങ്ങനെ തുടങ്ങി ജലവുമായി ബന്ധപ്പെട്ട് വരുന്ന കണക്കുകള്‍ ഭീതിയുളവാക്കുന്നതാണ്. ലഭ്യമായ ജലത്തെ കരുതലോടെ ഉപയോഗിക്കുക എന്നതാണ് പ്രഥമ ഘട്ടത്തില്‍ നമുക്ക് ചെയ്യാനുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ 63 സ്ഥലങ്ങളില്‍ ജലത്തെ പ്രതിപാദിച്ചിട്ടുണ്ട്. സ്വര്‍ഗത്തിലെ വലിയ അനുഗ്രഹമായും സൃഷ്ടികള്‍ക്കുള്ള ഏറ്റവും വലിയ ജീവോപാധിയായും ജലത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഉപയോഗം എങ്ങനെയാകണമെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറഞ്ഞുവെക്കുന്നുമുണ്ട്. മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ച് അംഗശുദ്ധി വരുത്തുന്നതിനെ തിരുനബി(സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

മഴക്കാലത്ത് ശ്രദ്ധ കൊടുക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ് കൃഷി. കേരളത്തിന്റെ ആവാസ വ്യവസ്ഥ അനുസരിച്ച് കൃഷി ചെയ്യാന്‍ യോഗ്യമായ സമയം കൂടിയാണിത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൊത്തം ജി ഡി പിയുടെ 20 ശതമാനം കൃഷിയിലൂടെയാണ് ലഭ്യമാകുന്നത്. മാത്രവുമല്ല, 50 ശതമാനത്തോളം ജനങ്ങള്‍ തൊഴിലിന് വേണ്ടി കൃഷിയെ മാത്രമാണ് ആശ്രയിക്കുന്നത്. കൃഷിയെന്നത് ഒരു സംസ്‌കാരത്തിന്റെ ഭാഗവും മുഴുവന്‍ ജനങ്ങളുടെയും ജീവോപാധിയുമായി വിലയിരുത്തുന്ന സമയത്താണ് സമൂഹത്തില്‍ അതിനുള്ള ശരിയായ സ്ഥാനം നമുക്ക് ബോധ്യമാകുന്നത്. കേവലം ലാഭ നഷ്ടങ്ങളുടെ അളവുകോലില്‍ വെച്ച് ത്രാസൊപ്പിക്കേണ്ട ഒന്നല്ല കൃഷി. ലാഭമില്ലെങ്കിലും നമുക്ക് പുണ്യങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്ന മേഖലയാണത്. മൃഗങ്ങള്‍ക്ക് ഭക്ഷണമാകുമ്പോഴും പക്ഷികള്‍ക്ക് പാര്‍പ്പിടമാകുമ്പോഴും ജനങ്ങള്‍ക്ക് തണല്‍ ആകുമ്പോഴുമെല്ലാം കൃഷി ചെയ്ത വ്യക്തിക്ക് പുണ്യം ലഭിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ കൃഷി മൃഗങ്ങള്‍ നശിപ്പിച്ചാലും മറ്റുള്ളവര്‍ കട്ടെടുത്താലും നമുക്ക് ലഭിക്കേണ്ട പുണ്യം ലഭിക്കാതെ പോകില്ല. ഖബ്‌റിന് മുകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ അതിന്റെ ഇലകള്‍ മരിച്ചവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യുമെന്ന് തിരുനബി(സ) പറയുന്നുണ്ട്. ഈ ലോകത്ത് കൃഷിയിലൂടെയും മരം നടലിലൂടെയും സാധ്യമാകുന്ന സുസ്ഥിരമായ നേട്ടങ്ങളുടെ ആത്മീയമായ തലം കൂടിയാണത്. ഏറ്റവും നല്ല തൊഴില്‍ കൃഷിയാണെന്ന് കര്‍മശാസ്ത്ര പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂം ഫത്ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. പ്രവാചകരില്‍ പലരും കൃഷി ചെയ്തവരായിരുന്നു. ആദം(അ) ഹവ്വ ബീവിക്ക് കൃഷി ചെയ്യാന്‍ വിത്ത് നല്‍കിയിരുന്നു. തിരുനബി(സ) തങ്ങള്‍ ഈന്തപ്പഴത്തിന്റെ കൃഷി ചെയ്തിരുന്നു. തിരുനബിയുടെ അനുചരരില്‍ പ്രധാനികളായ പലരും കര്‍ഷകരായിരുന്നു. ഏറ്റവും നല്ല തൊഴില്‍ ഏതെന്ന ചോദ്യത്തിന് സ്വന്തം കൈ കൊണ്ട് ചെയ്യുന്ന ജോലി എന്നാണ് തിരുനബി (സ) മറുപടി നല്‍കിയതും. ഇവയെല്ലാം കൃഷിയെന്ന ജോലിയുടെ ഔന്നത്യത്തെയാണ് സൂചിപ്പിക്കുന്നത്.

സ്വയം പര്യാപ്തതയുള്ള കൃഷിയിടങ്ങളായി നമ്മുടെ വീടിന്റെ പരിസരങ്ങള്‍ മാറേണ്ടതുണ്ട്. മുരിങ്ങ, പപ്പായ പോലെ എല്ലാ സീസണിലും വിളവെടുക്കാന്‍ സാധിക്കുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കണം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യാനുള്ള വഴികള്‍ ആലോചിക്കണം. വീടുകള്‍ മാറിത്തുടങ്ങുമ്പോഴാണ് ഗ്രാമങ്ങളും നഗരങ്ങളും മാറിത്തുടങ്ങുന്നത്. അപ്പോഴാണ് രാജ്യം സ്വയം പര്യാപ്തതയിലേക്ക് എത്തുന്നതും.

ദിനേന പുതിയ രോഗങ്ങള്‍ നമുക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഭീതിയേക്കാള്‍ ജാഗ്രതയാണ് പ്രധാനം. മഴക്കാലത്ത് പൊതുവെ ആരോഗ്യപരമായ അസ്വസ്ഥതകള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ശരിയായ ചികിത്സ തേടുന്നതോടൊപ്പം വീടകങ്ങള്‍ പൂര്‍ണമായും ശുദ്ധിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ ആരംഭങ്ങളിലൊക്കെയും ശുദ്ധിയെ കൃത്യമായി പ്രതിപാദിച്ചത് കാണാം. മനുഷ്യന്റെ ജീവിതക്രമത്തില്‍ ശുദ്ധിക്കുണ്ടാകേണ്ട പ്രാധാന്യത്തെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. നമുക്ക് ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം ശുദ്ധിയുണ്ടോ എന്ന് ഉറപ്പുവരുത്തണം. വീടിന്റെ പരിസരം എപ്പോഴും ശുദ്ധിയുള്ളതായിരിക്കണം. നല്ല പരിസരം ഉണ്ടാകുമ്പോഴാണ് നല്ല ആശയങ്ങളും സന്തോഷങ്ങളും ഉണ്ടാകുന്നത്. വൃത്തിഹീനമായ പരിസരങ്ങളില്‍ നിന്നുള്ള അധ്വാനത്തിനും ചിന്തക്കും പരിമിതികളുണ്ടാകും. നാം, നമ്മുടെ വീട്, നമ്മുടെ നാട് എന്നീ ക്രമത്തില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ട സമയമാണിത്.

കേരളത്തിന്റെ കാലാവസ്ഥാ ക്രമത്തെ കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് “പച്ചമണ്ണിന്റെ ഗന്ധമറിയുക, മനുഷ്യരുടെ രാഷ്ട്രീയം പറയുക, എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം ഹരിത ജീവനം മഴക്കാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഞങ്ങളും കൃഷിയിലേക്ക്, തെളിനീരൊഴുകും നവകേരളം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ശുചീകരണം, മരം നടല്‍, കൃഷി, ബോധവത്കരണം തുടങ്ങിയ വ്യത്യസ്തമായ ആശയങ്ങളോടെ വിവിധ പദ്ധതികള്‍ ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിക്കും. കേരളത്തിന്റെ ആവാസ വ്യവസ്ഥയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഇത്തരം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ഉണര്‍വിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



source https://www.sirajlive.com/smell-the-green-earth.html

Post a Comment

Previous Post Next Post