അടിവസ്ത്രം അഴിച്ച് പരിശോധന: രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍

കൊല്ലം | നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.

അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും ചടയമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു കോളേജില്‍ നിന്നെത്തിയ എന്‍ടിഎ ഒബ്സര്‍വര്‍ ആണ് ഡോ.ഷംനാദ്. ആയൂര്‍ എഞ്ചിനീയറിങ് കോളേജ് അധ്യാപകനാണ് ഡോ. പ്രജി കുര്യന്‍ ഐസക്

പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത് ഷംനാദും പ്രജി കുര്യന്‍ ഐസക്കുമാണെന്ന് നേരത്തെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നീറ്റ് കൊല്ലം ജില്ലാ കോര്‍ഡിനേറ്ററില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയ ശേഷമാണ് അധ്യാപകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജിലെ പരീക്ഷാകേന്ദ്രത്തിലാണ് നാണം കെട്ട സംഭവം അരങ്ങേറിയത്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിഷയം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാറും സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.



source https://www.sirajlive.com/undressing-two-more-teachers-arrested.html

Post a Comment

أحدث أقدم