എം എം മണിയുടെ വിവാദ പരാമര്‍ശം; പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തി സിപിഐ

തിരുവനന്തപുരം |  എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തി സിപിഐ. ഇത് സംബന്ധിച്ച് നിര്‍ദേശം നേതാക്കള്‍ക്ക് നല്‍കി. വിഷയം സിപിഎം സിപിഐ തര്‍ക്കമായി പൊതുസമൂഹത്തില്‍ വിലയിരുത്തപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാനാണ് നടപടി.

വിഷയത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കട്ടെയെന്ന കാനം രാജേന്ദ്രന്റെ നിലപാട് ഔദ്യോഗിക തീരുമാനമെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്. ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണത്തിലെ അതൃപ്തിയും പാര്‍ട്ടി അദ്ദേഹത്തെ അറിയിച്ചതായാണ് വിവരം. ആനി രാജയുടെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായതിലും സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.

കെ കെ രമയ്ക്കെതിരായ പരാമര്‍ശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്പീക്കറാണ്. സ്പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത് പരസ്യ പോര് അവസാനിപ്പിക്കാനാണെന്നു വേണം കരുതാന്‍.

അതേ സമയം, എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ പ്രതികരിച്ചു. വാക്കുകള്‍ അത്യന്തം സ്ത്രീവിരുദ്ധമാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നത് കൊണ്ട് തന്നെയാണ് പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.



source https://www.sirajlive.com/mm-mani-39-s-controversial-remarks-cpi-banned-from-advertising-response.html

Post a Comment

Previous Post Next Post