മങ്കി പോക്സും ആരോഗ്യ അടിയന്തരാവസ്ഥയും

ന്ത്യയില്‍ നാല് പേരടക്കം ലോകത്തെ 74 രാജ്യങ്ങളില്‍ നിന്നായി പതിനേഴായിരത്തിനടുത്ത് ആളുകള്‍ക്കാണ് മങ്കി പോക്‌സ് പിടിപെട്ടിരിക്കുന്നത്. മങ്കി പോക്സിനെതിരെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനുമുമ്പ് വെറും രണ്ട് തവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്; കൊവിഡും പോളിയോയും പടര്‍ന്നു പിടിച്ചപ്പോള്‍ മാത്രം. പ്രധാനമായും മൂന്നവസ്ഥകള്‍ സംജാതമാകുമ്പോള്‍ മാത്രമാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഒന്ന്, ഒരു രോഗം തീവ്രമായി പടരുന്നു. രണ്ട്, അവ രാജ്യാതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട് പടര്‍ന്നു പിടിക്കുന്നു. മൂന്ന്, ഇതിനെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട ആവശ്യകത ഉണ്ടാകുന്നു. ഈ മൂന്ന് സാഹചര്യങ്ങളും ഇപ്പോള്‍ മങ്കി പോക്‌സിന്റെ കാര്യത്തില്‍ സംജാതമായിരിക്കുകയാണ്.

ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ഡോ. ടെഡ്രോസ് പബ്ലിക് ഹെല്‍ത്ത് എമര്‍ജെന്‍സി ഓഫ് ഇന്റര്‍നാഷനല്‍ കണ്‍സേണ്‍ (PHEIC) പ്രഖ്യാപിക്കുമ്പോള്‍ ലോകത്ത് നാല് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. കൂടുതലും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിറ്റാണ്ടുകളോളം ആഫ്രിക്കയില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം അടുത്തിടെയാണ് മറ്റു രാജ്യങ്ങളിലും സാന്നിധ്യം അറിയിക്കാന്‍ തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ മൂന്ന് കേസുകളും കേരളത്തിലാണ്. നാലാമത്തെ കേസാകട്ടെ മുപ്പത്തിനാലുകാരനായ ഡല്‍ഹി സ്വദേശിയിലുമാണ്. ഒരു വിദേശയാത്ര പോലും ചെയ്യാതെയാണ് ഡല്‍ഹി സ്വദേശിക്ക് ഈ രോഗം ഉണ്ടായിരിക്കുന്നതെന്നത് വലിയ ആശങ്കക്കാണ് ഇടനല്‍കിയിരിക്കുന്നത്. അതായത്, മങ്കി പോക്‌സിന്റെ ഉറവിടം മറ്റെങ്ങുമല്ല, നമ്മുടെ രാജ്യത്തു തന്നെയെവിടെയോ ആണെന്ന് വ്യക്തമാക്കുകയാണ് ഇത്. ഇതിന്റെ വ്യാപനത്തെക്കുറിച്ച് കൃത്യമായ ധാരണ ഇനിയും കണ്ടുപിടിക്കപ്പെടേണ്ടിയിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേസുകള്‍ കൂടാനാണ് സാധ്യത.

കൊവിഡ് പോലെ ഒരു സുപ്രഭാതത്തില്‍ പൊന്തിവന്ന രോഗമല്ല മങ്കി പോക്‌സ്. മങ്കി പോക്‌സ് ഒരു വൈറസ് രോഗമാണ്. 1958ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷണത്തിനായി ലാബുകളില്‍ കൊണ്ടുവന്ന ചില കുരങ്ങുകളിലാണ് ഇതിന്റെ രോഗാണുക്കളെ ആദ്യമായി കണ്ടെത്തുന്നത്. അതിനാലാണ് മങ്കി പോക്‌സ് എന്ന് ഇതിനെ വിളിക്കുന്നത്. കുരങ്ങുകളുടെ സ്രവങ്ങളിലാണ് ഈ വൈറസിനെ കണ്ടതെന്നതൊഴിച്ചാല്‍ ഇതിന് കുരങ്ങുമായി യാതൊരു ബന്ധവുമില്ല. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1960ല്‍ കോംഗോയിലെ ഏഴ് വയസ്സുള്ള ആണ്‍കുട്ടിയിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. ചില മൃഗങ്ങളുമായി അടുത്ത സമ്പര്‍ക്കം വഴിയാണ് ഇത് പകരുന്നത്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും ഇത് പകരാം. ആദ്യകാലത്ത് കണ്ടിരുന്ന തരത്തില്‍ ശരീരം കുമിളകള്‍ കൊണ്ട് വികൃതമാകുന്നതരം ലക്ഷണങ്ങള്‍ ഇപ്പോഴത്തെ വരവില്‍ മങ്കി പോക്‌സ് കാണിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.
എന്നിരുന്നാലും മറ്റു ചില കാര്യങ്ങളാണ് ആരോഗ്യ രംഗത്തെ അലട്ടുന്നത്. മുമ്പ് ആഫ്രിക്കയില്‍ നിന്ന് തിരികെയെത്തുന്നവരില്‍ മാത്രമാണ് ഈ രോഗം കണ്ടിരുന്നതെങ്കില്‍, ഇന്ന് ഏതാണ്ട് മുപ്പത് ശതമാനത്തോളം രോഗികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി യാത്രാബന്ധം ഇല്ലാത്തവരാണ്. അതില്‍ നിന്ന് വ്യക്തമാകുന്നത് മുമ്പുണ്ടായിരുന്ന ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്ന ലൈംഗികരോഗങ്ങള്‍ മങ്കി പോക്‌സ് ആയിരിക്കാനുള്ള സാധ്യതകളാണ്. ആരോഗ്യരംഗം ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ പരിശോധിച്ചുവരുന്നതും അത് തന്നെയാണ്.

ലക്ഷണങ്ങള്‍

സാധാരണ വൈറല്‍ പനി പോലെയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങുന്നത്. മെല്ലെ മെല്ലെ തീവ്രമായ തലവേദന, നടുവേദന, പേശിവേദന, ദേഹത്ത് കുമിളകള്‍ എന്നിവയും ഉണ്ടായിവരുന്നു. ഒന്നുരണ്ട് ആഴ്ചകള്‍ കഴിയുന്നതോടെ സ്രവങ്ങള്‍ നിറഞ്ഞ കുമിളകള്‍ കാണപ്പെടാന്‍ തുടങ്ങുന്നു. ശരീരത്തില്‍ ആകമാനം ഇത്തരത്തില്‍ കട്ടിയുള്ള കുമിളകള്‍ വരുന്നതിനൊപ്പം കൈവെള്ള, കാല്‍വെള്ള എന്നീ ഭാഗങ്ങളിലും കുമിളകള്‍ കാണപ്പെടാം. രോഗം മാറുന്നതുവരെ, അതായത് ഏതാണ്ട് ഒരു മാസത്തോളം ഈ കുമിളകള്‍ ശരീരത്തില്‍ ഉണ്ടാകും. ഈ സമയങ്ങളില്‍ ഏത് സമയവും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് രോഗം പകരാനും സാധ്യതയുണ്ട്. ഇതിനെതിരെ കൃത്യമായ വാക്‌സീന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും വസൂരിക്കെതിരായ വാക്‌സീന്‍ ഫലപ്രദമായി ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രോഗം പിടിപെട്ടാല്‍ കൃത്യമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല.

പകരുന്നതെങ്ങനെ?

ശരീര സ്രവങ്ങള്‍ വഴിയാണ് മങ്കി പോക്‌സ് പകരുന്നത്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഒപ്പം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. പി സി ആര്‍ പരിശോധനയിലൂടെ മങ്കി പോക്‌സ് ഏറെക്കുറെ സ്ഥിരീകരിക്കാന്‍ കഴിയും. ആറ് മുതല്‍ 13 ദിവസം വരെയാണ് ഇതിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ്. അതായത് ഇത് ബാധിച്ചാല്‍ ആറ് ദിവസം മുതല്‍ 13 ദിവസം വരെയുള്ള സമയങ്ങളില്‍ രോഗബാധിതനാകും. നാലാഴ്ച വരെ വേണമെങ്കില്‍ അത് നീണ്ടുനിന്നേക്കാം. കുട്ടികളിലാണ് മങ്കി പോക്‌സ് കൂടുതലായി കാണുന്നത്. അതിനൊപ്പം പ്രായമായവരിലും മറ്റു രോഗാവസ്ഥയുള്ളവരിലും മങ്കി പോക്‌സ് പകരാന്‍ സാധ്യത കൂടുതലാണ്. ഇവരില്‍ കൂടുതല്‍ ഗുരുതരമാകാനുള്ള സാധ്യതയും കൂടുതലാണ്.

മങ്കി പനിയും മങ്കി പോക്സും

കഴിഞ്ഞ ഒരു മാസത്തില്‍ അടുത്തടുത്ത് ചര്‍ച്ചചെയ്യപ്പെട്ട രണ്ട് രോഗങ്ങളാണ് മങ്കി പനിയും മങ്കി പോക്സും. ഈ രണ്ട് രോഗങ്ങളെയും ഒരേപോലെയാണ് പലയിടത്തും അഭിസംബോധന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരണ്ടും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഇവ രണ്ടും പകരുന്ന രീതികളിലാണ്. മങ്കി പനി ചിലയിനം ചെള്ളുകള്‍ വഴിയാണ് കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. എന്നാല്‍ മങ്കി പോക്‌സ് ആകട്ടെ കുരങ്ങുകള്‍, പന്നി, അണ്ണാന്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴി മാത്രമേ പകരുകയുള്ളൂ. മങ്കി പനി കൂടുതലും പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, മങ്കി പോക്സാകട്ടെ ചിക്കന്‍ പോക്‌സിന്റെ ലക്ഷണങ്ങളാണ് കാണിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരീര സ്രവങ്ങളിലൂടെ ഇത് പകരുന്നതിനാല്‍ രോഗമുണ്ടായവരില്‍ നിന്ന് അകലം പാലിക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഒപ്പം അവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ സ്പര്‍ശിക്കാതെയിരിക്കുക. മറ്റു വൈറസ് രോഗങ്ങള്‍ പോലെ സാമൂഹിക അകലം കൃത്യമായും പാലിക്കുക. ഗര്‍ഭിണികളില്‍ നിന്ന് കുട്ടിയിലേക്കും ലൈംഗിക ബന്ധങ്ങളിലൂടെയും മങ്കി പോക്‌സ് പകരാറുണ്ട്. മാത്രമല്ല, മൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഭക്ഷിക്കുന്നവരില്‍ ഈ രോഗം പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കുന്നവര്‍ അത് നന്നായി വേവിച്ചതിനു ശേഷം മാത്രം ഭക്ഷിക്കാന്‍ ശ്രദ്ധിക്കുക. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഇത്തരത്തില്‍ രോഗം പകരുന്നതായി റിപോര്‍ട്ടുകളുണ്ട്.

ഭയക്കേണ്ടതുണ്ടോ?

ലോകത്ത് ഇതുവരെ പതിനായിരത്തിനടുത്ത് ആളുകളിലാണ് മങ്കി പോക്‌സ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വളരെ ചുരുക്കം ആളുകളില്‍ മാത്രമേ ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുള്ളൂ. പ്രായാധിക്യമേറിയവരിലും പ്രതിരോധ ശക്തി കുറവായവരിലുമാണ് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാന്‍ സാധ്യത.

പരിശോധനകള്‍

കൊവിഡിന്റെ കാര്യത്തില്‍ നമുക്ക് സംഭവിച്ച ചില പ്രകടമായ ജാഗ്രതക്കുറവുകളുണ്ട്. വിദേശത്ത് നിന്ന് മാത്രം രോഗവാഹകര്‍ എത്തുമെന്ന ഭീതിയില്‍ അത്തരത്തില്‍ മാത്രം പ്രതിരോധം തീര്‍ക്കുകയാണ് നാം ചെയ്തത്. എന്നാല്‍ അങ്ങനെ മാത്രം മങ്കി പോക്‌സിനെ ചെറുക്കാനാകില്ല. രോഗലക്ഷണം കാണുന്നവരെ ഐസൊലേറ്റ് ചെയ്യുകയും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും വേണം. പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് ടെസ്റ്റുകള്‍ ചെയ്യേണ്ടത്. ആദ്യം, സാധാരണ കൊവിഡ് വൈറസുകളുടെ പരിശോധന പോലെ പി സി ആര്‍ പരിശോധന നടത്താവുന്നതാണ്. അതില്‍ പോസിറ്റീവായാല്‍ മങ്കി പോക്‌സിനുള്ള പ്രത്യേകമായ പരിശോധനകള്‍ ചെയ്തു കഴിഞ്ഞാലേ രോഗം ഉറപ്പാക്കാന്‍ കഴിയൂ. കൊവിഡിന് ശേഷം നാട്ടിലെ ഏത് മുക്കിലും മൂലയിലും പി സി ആര്‍ മെഷീനുകള്‍ സാന്നിധ്യം ഉറപ്പാക്കിയതിനാല്‍ പരിശോധന കൂടുതല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കൊവിഡ് പോലെത്തന്നെ അതിവേഗം പടരാന്‍ സാധ്യതയുള്ള വൈറസ് തന്നെയാണ് ഇപ്പോള്‍ നമ്മുടെ മുന്നില്‍ മങ്കി പോക്‌സിന്റെ രൂപത്തില്‍ നില്‍ക്കുന്നത്. കൊവിഡിനെതിരെ പുറത്തെടുത്ത ജാഗ്രത ഇവിടെയും വേണം. എങ്കില്‍ ഇതിനെയും വന്നവഴി തിരികെ നടത്താന്‍ നമുക്ക് കഴിയും.



source https://www.sirajlive.com/monkey-pox-and-health-emergencies.html

Post a Comment

أحدث أقدم