വിലക്കയറ്റത്തിന് ആക്കം കൂട്ടി ജി എസ് ടി

കൊവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത രാജ്യത്തെ സാധാരണക്കാരനെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നതാണ് നിത്യോപയോഗ സാധനങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ജി എസ് ടി നിരക്ക്. അരിയും പയര്‍ ഉത്പന്നങ്ങളുമുള്‍പ്പെടെ പാക്കറ്റില്‍ വില്‍പ്പന നടത്തുന്ന പലവ്യഞ്ജനങ്ങള്‍ക്കും പാലൊഴികെയുള്ള പാലുത്പന്നങ്ങള്‍ക്കുമാണ് ഇന്നലെ മുതല്‍ അഞ്ച് ശതമാനം നികുതി നിലവില്‍ വന്നത്. കഴിഞ്ഞ 13നാണ് ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നത്. ഇതനുസരിച്ച് ബ്രാന്‍ഡഡ് എന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ പാക്കറ്റില്‍ വില്‍ക്കുന്ന എല്ലാ ഭക്ഷ്യധാന്യങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി നല്‍കണം. നേരത്തേ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കു മാത്രമായിരുന്നു നികുതി.

2017 ജൂലൈ ഒന്നിന് ജി എസ് ടി നടപ്പായത് മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട വരുമാനനഷ്ടം പരിഹരിക്കാന്‍ കേന്ദ്രം അഞ്ച് വര്‍ഷക്കാലയളവിലേക്ക് ജി എസ് ടി നഷ്ടപരിഹാര തുക നല്‍കിവന്നിരുന്നു. ഇതിന്റെ കാലയളവ് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തോടെ അവസാനിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഇത് കാര്യമായി ബാധിക്കും. നഷ്ടപരിഹാരം നിലച്ചതോടെ കേരളത്തിന് മാസം 1,000 കോടിയുടെ കുറവെങ്കിലുമുണ്ടാകുമെന്നാണ് ധനമന്ത്രി പറയുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടിയുടെയും കുറവ്. എല്ലാ സംസ്ഥാനങ്ങളും നേരിടുന്നുണ്ട് ഈ പ്രതിസന്ധി. ഇത് പരിഹരിക്കുന്നതിന് കേന്ദ്രം നല്‍കി വന്നിരുന്ന ജി എസ് ടി നഷ്ടപരിഹാരം തുടര്‍ന്നും കുറച്ചു കാലത്തേക്ക് കൂടി തുടരണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ നഷ്ടപരിഹാരം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരണമെന്നാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നഷ്ടപരിഹാരം ഇനിയും തുടരാന്‍ സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഭക്ഷ്യധാന്യങ്ങളടക്കം അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളെ ജി എസ് ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഉപഭോക്താവിന്റെ മേല്‍ അധികഭാരം ചുമത്തുകയാണ് സംസ്ഥാനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള കുറുക്കുവഴിയായി കേന്ദ്രം കണ്ടത്. അരിക്കും പയര്‍ വര്‍ഗങ്ങള്‍ക്കും മാത്രമല്ല മുന്‍കൂട്ടി പാക്ക് ചെയ്ത പാല്‍, ബട്ടര്‍ മില്‍ക്ക്, പാക്കറ്റ് തൈര്, പനിനീര്‍, ചീസ്, ലെസ്സി, ഗോതമ്പ് പൊടി, ശര്‍ക്കര, തേന്‍, പപ്പടം, മാംസം, മത്സ്യം തുടങ്ങിയവക്കെല്ലാം വില ഉയരും. 1,000 രൂപയില്‍ താഴെ പ്രതിദിന വരുമാനമുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12 ശതമാനവും 5,000 രൂപ പ്രതിദിന വാടകയുള്ള ആശുപത്രി മുറികള്‍ക്ക് അഞ്ച് ശതമാനം നികുതിയും പ്രഖ്യാപിച്ചിട്ടുണ്ട്. നികുതി ബാധകമായിരുന്നില്ല ഇവ രണ്ടിനും ഇതുവരെയും.

ഉപഭോക്താവിനെ മാത്രമല്ല, ചെറുകിട കച്ചവടക്കാരെയും സാരമായി ബാധിക്കും പുതിയ നികുതി തീരുമാനം. വന്‍കിട കമ്പനികളുമായുള്ള മത്സരത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ അല്ലാത്ത പാക്കറ്റ് ഭക്ഷ്യസാധനങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതിയിളവ്. ഇതുവഴി ബ്രാന്‍ഡഡ് ഉത്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ ചെറുകിടക്കാര്‍ക്ക് സാധിച്ചിരുന്നു. ബ്രാന്‍ഡഡ് അല്ലാത്ത സാധനങ്ങള്‍ക്കും നികുതി വന്നതോടെ വന്‍കിടക്കാരുടെയും ചെറുകിടക്കാരുടെയും കടകളിലെ വിലയില്‍ മാറ്റമില്ലാതാകുകയും ചെറുകിട വ്യാപാരികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരാന്‍ ഇടയാകുകയും ചെയ്യും. നേരത്തേ തന്നെ കൊവിഡിന്റെ നാളുകളില്‍ തഴച്ചു വളര്‍ന്ന ഓണ്‍ലൈന്‍ വ്യാപാരം സൃഷ്ടിച്ച പ്രതിസന്ധിയിലാണ് ചെറുകിട വ്യാപാരികള്‍. കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞെങ്കിലും ഓണ്‍ലൈന്‍ വ്യാപാരം ഇപ്പോഴും വ്യാപകമാണ്. ഇതുമൂലം മുന്‍കാലത്തെ പോലെ ചെറുകിട സ്ഥാപനങ്ങളില്‍ വ്യാപാരം നടക്കുന്നില്ല നിലവില്‍. വരുമാനക്കുറവ് മൂലം പീടിക മുറിയുടെ വാടക നല്‍കാനും ബേങ്ക് ലോണ്‍ എടുത്ത് വ്യാപാരം തുടങ്ങിയവര്‍ ലോണ്‍ ഗഡുക്കള്‍ തിരിച്ചടക്കാനും സാധിക്കാതെ പ്രയാസപ്പെടുകയാണ്. വീട്ടുചെലവിനു തന്നെ തികയുന്നില്ല പലരുടെയും വരുമാനം. നാട്ടിന്‍പുറങ്ങളിലും ചെറുകിട നഗരങ്ങളിലും നിരവധി പലവ്യഞ്ജന കടകളാണ് അടുത്ത കാലത്തായി പൂട്ടിപ്പോയത്. ചെറുകിട വ്യാപാരികളുടെ ആത്മഹത്യയും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍.

ബസ് ചാര്‍ജ്, ഓട്ടോ ചാര്‍ജ്, ഗ്യാസ് നിരക്ക്, വൈദ്യുതിചാര്‍ജ് എല്ലാം വര്‍ധിച്ചു അടുത്തിടെ. പൊതുവിപണിയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരും സാധാരണക്കാരും മതിയായ ജീവിത വരുമാനമില്ലാതെ പ്രയാസപ്പെടുന്നു. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിനിടയാക്കുന്ന പുതിയ ജി എസ് ടി നിരക്ക് കൂടി വന്നതോടെ ഇവരുടെയൊക്കെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കുറച്ചു കാലം കൂടി തുടരുക വഴി ഭക്ഷ്യോപയോഗ സാധനങ്ങള്‍ക്കു വിലവര്‍ധനവിനിടയാക്കുന്ന നടപടികള്‍ ഉപേക്ഷിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. ഭക്ഷ്യ സുരക്ഷ സര്‍ക്കാറിന്റെ പ്രഖ്യാപിത വാഗ്ദാനമാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവരവര്‍ക്കാവശ്യമായ അളവില്‍ സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ആഹാരം ലഭ്യമാകുകയും അത് നേടാനാവശ്യമായ സാഹചര്യം എല്ലാവര്‍ക്കും ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണ് ഭക്ഷ്യ സുരക്ഷ കൊണ്ട് വിവക്ഷ. ഏതൊരു കുടുംബത്തിനും പട്ടിണിയും വിശപ്പും ഭീഷണി സൃഷ്ടിക്കാത്ത സ്ഥിതി കൈവരണം. എന്നാല്‍ ഭക്ഷ്യ സാധനങ്ങളുടെ വിലക്കുറവ്, ലഭ്യത, സാധനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും തുടങ്ങിയ സൂചകങ്ങള്‍ അടിസ്ഥാനമാക്കി ഇക്കോണമിസ്റ്റ് ഇംപാക്ട് നൂറിലേറെ രാജ്യങ്ങളെ ഉള്‍പ്പെടുത്തി 2022 മെയില്‍ തയ്യാറാക്കിയ ആഗോള ഭക്ഷ്യ സുരക്ഷാ പട്ടികയില്‍ ഇന്ത്യ 73ാം സ്ഥാനത്താണെന്നോര്‍ക്കണം. ഇനിയും ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ത്തി സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന നടപടികളാണ് തുടരുന്നതെങ്കില്‍ രാജ്യത്തിന്റെ റാങ്ക് നില ഇനിയും താഴാനാണ് സാധ്യത.



source https://www.sirajlive.com/gst-has-fueled-price-hikes.html

Post a Comment

Previous Post Next Post