കോടതികള്‍ക്കും ജനാധിപത്യം വേണ്ടാതാകുന്നോ?

രാജ്യത്തെ പല രീതിയിലും ബാധിക്കുന്നതാണ് കള്ളപ്പണവും അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടിരിക്കുന്ന സമാന്തര സമ്പദ്ഘടനയും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിയാതെ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ മൂലം ഖജനാവില്‍ വരേണ്ട നല്ലൊരു സംഖ്യ നഷ്ടമാകുന്നു. സര്‍ക്കാറിന് കമ്പോളത്തില്‍ നിയന്ത്രണം ഇല്ലാതാകുന്നു. അഴിമതി മുതല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വരെ ഇതിനു കാരണമാകുന്നു. ഇത് തടയുന്നതിന് നിരവധി നിയമങ്ങളും സംവിധാനങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സമാന്തര വ്യവസ്ഥക്ക് കാര്യമായ ഒരു തകരാറുമില്ലാതെ മുന്നോട്ട് പോകുന്നുമുണ്ട്.

നാട്ടിലെ നിരവധി വന്‍ തോക്കുകള്‍ക്ക് സ്വിസ് ബേങ്ക് അടക്കം പല വിദേശ രാജ്യങ്ങളിലും വന്‍ നിക്ഷേപങ്ങള്‍ ഉണ്ടെന്നത് ഒരു പരസ്യമായ രഹസ്യമാണ്. ഇങ്ങനെ നിക്ഷേപങ്ങള്‍ ഉള്ളവരുടെ പേരും മറ്റു വിവരങ്ങളും സുപ്രീം കോടതിക്ക് സീല്‍ ചെയ്ത കവറില്‍ ലഭ്യമായിട്ട് വര്‍ഷങ്ങളായി. അവര്‍ അത് തുറന്നു വായിച്ചുവോ എന്നറിയില്ല. ഒരു നടപടിയും ഉണ്ടായിട്ടില്ല. 2016ല്‍ 500, 1,000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനുള്ള ഏറ്റവും വലിയ ന്യായീകരണമായി സര്‍ക്കാര്‍ പറഞ്ഞത് കള്ളപ്പണം കണ്ടെത്താന്‍ ഇതുവഴി കഴിയും എന്നാണ്. കള്ളപ്പണമായി സൂക്ഷിച്ച രൂപ തിരിച്ചു വരില്ല എന്നാണ്. പക്ഷേ റിസര്‍വ് ബേങ്ക് അടിച്ചതിന്റെ 99.99 ശതമാനം നോട്ടും തിരിച്ചു വന്നതോടെ ആ അവകാശവാദവും പൊളിഞ്ഞു. കള്ളപ്പണം വ്യാപിക്കുന്നത് തടയാൻ നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ വേണ്ടിയാണ് 2022ല്‍ മണി ലോണ്ടറിംഗ് തടയല്‍ നിയമത്തില്‍ (പി എം എല്‍ എ) കാര്യമായ ഭേദഗതികള്‍ വരുത്തിയത്. നിയമം നടപ്പാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ഭേദഗതികള്‍ ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന 241 ഹരജികളില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ടുണ്ടായ വിധി അല്‍പ്പം ആശങ്ക ഉണര്‍ത്തുന്നതാണ്.

കോണ്‍ഗ്രസ്സ് എം പി കാര്‍ത്തി ചിദംബരം, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്തി തുടങ്ങിയവരുടേതായിരുന്നു മേല്‍ പറഞ്ഞ ഹരജികള്‍. പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദരാക്കാന്‍ വേണ്ടി ഇ ഡിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി പരാതികള്‍ ഉയര്‍ന്നു വരുന്ന കാലത്താണ് ഈ വിധി ഉണ്ടായത് എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരുടെ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

പി എം എല്‍ എ പ്രകാരമുള്ള വകുപ്പുകളും ഇ ഡിയുടെ നടപടിക്രമങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത്തരം കുറ്റങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് ജാമ്യം കിട്ടാന്‍ വേണ്ടിയുള്ള ഇരട്ട ജാമ്യ വ്യവസ്ഥ – ഇത് പ്രകാരം പ്രതി കുറ്റം ചെയ്തിട്ടില്ലെന്നും ഇനി കുറ്റം ചെയ്യാന്‍ സാധ്യതയില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കൂ എന്നത് – ജാമ്യം ഒരിക്കലും ലഭിക്കാത്ത വിധത്തിലുള്ള കരുതല്‍ തടങ്കലിന് വഴിവെക്കും എന്ന വാദം കോടതി തള്ളി. മറ്റു ക്രിമിനല്‍ കേസുകളില്‍ നിന്ന് വ്യത്യസ്തമായി നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാക്കുന്ന 24ാം വകുപ്പ് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരാണെന്ന വാദവും കോടതി അംഗീകരിച്ചില്ല.

സാധാരണ ക്രിമിനല്‍ കേസുകളില്‍ പോലീസ് ബലം പ്രയോഗിച്ച് പ്രതിയില്‍ നിന്നെടുത്ത മൊഴി ഒരിക്കലും തെളിവാകില്ല. എന്നാല്‍ ഇ ഡി ഒരു കുറ്റാരോപിതനെ വിളിച്ചു വരുത്തി ഓഫീസില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയാല്‍ അത് കോടതിയില്‍ തെളിവായി സ്വീകരിക്കാമെന്ന 50ാം വകുപ്പ് തെറ്റാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇ ഡിക്ക് യഥേഷ്ടം അറസ്റ്റ് രേഖപ്പെടുത്താമെന്ന 19ാം വകുപ്പും കോടതി ശരിവെച്ചു.

അതേസമയം, 2019ല്‍ രാജ്യസഭയില്‍ പാസ്സാകേണ്ടതില്ലാത്ത വിധം പണബില്ലായി (മണി ബില്‍) ഭേദഗതികള്‍ കൊണ്ടുവന്ന നടപടി ഏഴംഗ ബഞ്ചിന് വിട്ടു എന്നും 545 പേജ് വരുന്ന വിധിന്യായത്തില്‍ പറയുന്നു. രാജ്യത്തെ പി എം എല്‍ എ അപ്‌ലറ്റ് ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. തൊട്ടടുത്ത ദിവസം വിരമിക്കുന്ന ഖാന്‍വില്‍ക്കര്‍ ആണ് ഈ വിധിന്യായം എഴുതിയത്.
ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം (സി ആര്‍ പി സി) പോലീസ് എഫ് ഐ ആര്‍ നല്‍കുന്ന രീതി പി എം എല്‍ എ കേസുകളില്‍ നിര്‍ബന്ധമില്ലെന്ന് കോടതി വിലയിരുത്തുന്നു. നിയമപ്രകാരം ഇ ഡി ഉദ്യോഗസ്ഥര്‍ പോലീസുകാരല്ലെന്നും കോടതി വ്യക്തമാക്കി. ഇ ഡി തയ്യാറാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപോര്‍ട്ട് (ഇ സി ഐ ആര്‍) ഒരു എഫ് ഐ ആര്‍ അല്ല. അതിന് ആഭ്യന്തര സ്വഭാവം ഉണ്ട്. ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇ സി ഐ ആറിന്റെ പകര്‍പ്പ് കൊടുക്കണമെന്നു നിര്‍ബന്ധമില്ല; അറസ്റ്റ് വേളയില്‍ കാരണങ്ങള്‍ വ്യക്തമാക്കിയാല്‍ മതി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കള്ളപ്പണം വെളുപ്പിക്കല്‍ ഭീഷണിയാകാം. ഇത് മറ്റു കുറ്റകൃത്യങ്ങള്‍ പോലെയല്ല എന്ന് ഓര്‍മിപ്പിക്കുന്നു കോടതി. കോടതിയുടെ സദുദ്ദേശ്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഏത് നിയമവും വിധിയും അത് പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ വെച്ചു കൊണ്ട് പരിശോധിക്കുമ്പോഴാണ് ശരിയായ വിലയിരുത്തല്‍ സാധ്യമാകുക.

ഇന്ത്യന്‍ ഭരണഘടനക്ക് അവസാന രൂപം നല്‍കിയ ശേഷം അതിന്റെ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. ഒരു നിയമം എത്ര തന്നെ മഹത്തരമാണെങ്കിലും അത് കൈകാര്യം ചെയ്യുന്നവരുടെ ശേഷിയും താത്പര്യങ്ങളും അനുസരിച്ച് അത് നന്മയോ തിന്മയോ ആയി മാറും എന്നതാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം.

ഇന്ന് ഇന്ത്യ ഭരിക്കുന്നവര്‍ക്ക് രാജ്യത്തെ ഭരണഘടനയോട് എത്രമാത്രം ആഭിമുഖ്യം ഉണ്ട് എന്നത് ഒരു പ്രധാന വിഷയമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളായ ജനാധിപത്യം, മതേതരത്വം മൗലികാവകാശങ്ങള്‍ മുതലായവ ഭരണ നിര്‍വഹണത്തിന് തടസ്സമായി അവര്‍ കാണുന്നുണ്ട്. പാര്‍ലിമെന്റ്, നിയമസഭകള്‍, സുപ്രീം കോടതി, സി എ ജി, സി ബി ഐ, യു ജി സി, ആസൂത്രണ കമ്മീഷന്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ഒട്ടുമിക്ക സ്ഥാപനങ്ങളെയും ഏതു തരത്തിലും ഭരണകൂടത്തിന് പൂര്‍ണമായും കീഴടങ്ങുന്നവയാക്കി മാറ്റിയിട്ടുണ്ട്. രാജ്യസ്‌നേഹത്തിന്റെ മറവില്‍ ജനാധിപത്യാവകാശങ്ങള്‍ അട്ടിമറിക്കാന്‍ ഒരു മടിയും ഇല്ലെന്നും വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ മടിയാണെന്നും പലവട്ടം തെളിയിച്ചിട്ടുമുണ്ട്. ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെക്കാലമായി തടവറകളിലാണ്. സമ്പത്തും അധികാരവും ഉപയോഗിച്ച് ജനവിധികള്‍ അട്ടിമറിക്കാന്‍ ഒരു സങ്കോചവും ഇല്ല. അത്തരം ഒരു സര്‍ക്കാറിന് അമിതാധികാരം നല്‍കുന്നതാണ് ഈ കോടതി വിധി എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിക്കാത്ത ഒരു രാഷ്ട്രീയമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നവരുടേത്. രാഷ്ട്രീയമായി പ്രതിപക്ഷത്തെ നേരിടുന്നതിനു പകരം ഭരണ സംവിധാനം ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയാണ്. നിലവിലുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കുകയാണവര്‍. കശ്മീരിന് ഭരണഘടന ഉറപ്പ് നല്‍കിയിരുന്ന പ്രത്യേക പദവി ഇല്ലാതാക്കാന്‍, 370 ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ സമുന്നതരായ നേതാക്കളെ ഒന്നടങ്കം തടങ്കലില്‍ പാര്‍പ്പിച്ചവരാണ്. പൗരത്വ നിയമ ഭേദഗതിയുടെ കാര്യവും വ്യത്യസ്തമല്ല. കര്‍ഷകദ്രോഹ നിയമം അതി ശക്തമായ ജനകീയ സമരത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.

ഇപ്പോള്‍ കള്ളപ്പണ നിയന്ത്രണ നിയമത്തിന്റെ മറവില്‍ നിന്നുകൊണ്ട് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരെ പോലും പീഡിപ്പിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ ഈ വിധി എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടും എന്ന് പരിശോധിക്കാനുള്ള കടമ കോടതിക്കുണ്ടായിരുന്നു എന്ന് പറയേണ്ടി വരും. കാരണം ജനാധിപത്യത്തിലെ ഒരു പ്രധാന തൂണാണല്ലോ സ്വതന്ത്ര നീതിന്യായ സംവിധാനം.



source https://www.sirajlive.com/do-the-courts-need-democracy-too.html

Post a Comment

Previous Post Next Post